മരിയനാട് ഭൂസമരം ശക്തമാക്കും; ലോക ആദിവാസി ദിനത്തിൽ ഐക്യദാർഢ്യ കൺവെൻഷൻ
text_fieldsകല്‍പറ്റ: മേയ് 31ന് മരിയനാട് എസ്റ്റേറ്റില്‍ ആരംഭിച്ച ആദിവാസി ഭൂസമരം ശക്തമാക്കാനൊരുങ്ങി ആദിവാസി ഗോത്രമഹാസഭയും ഇരുളം ഭൂസമര സമിതിയും. ഇതിന്റെ ഭാഗമായി ലോക ആദിവാസി ദിനമായ ആഗസ്റ്റ് ഒമ്പതിന് മരിയനാട് എസ്റ്റേറ്റിൽ ഭൂസമര ഐക്യദാര്‍ഢ്യ കൺവെന്‍ഷൻ നടത്തുമെന്ന് ആദിവാസി ഗോത്ര മഹാസഭ സംസ്ഥാന കോഓഡിനേറ്റർ എം. ഗീതാനന്ദൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സുപ്രീം കോടതിയുടെ കരുതൽ മേഖല തീരുമാനത്തിനും വനാവകാശ നിയമം ദുർബലപ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെയും പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുന്നതിന് ആഗസ്റ്റ് ഒമ്പത്, 10 തീയതികളിലായി സുല്‍ത്താന്‍ ബത്തേരിയില്‍ ശില്‍പശാല സംഘടിപ്പിക്കും. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ പാര്‍ക്കുകള്‍ക്കും ചുറ്റും ഒരു കി.മീ. കരുതൽ മേഖലയാക്കാനുള്ള തീരുമാനവും വനാവകാശ, വന സംരക്ഷണ നിയമങ്ങളുടെ ഭേദഗതിയും ഭരണഘടന വിരുദ്ധവും ആദിവാസി വിരുദ്ധവുമാണ്.
വനഭൂമി കോർപറേറ്റുകൾക്ക് കൈമാറുന്നത് എളുപ്പമാക്കുന്നതിനാണ് വനാവകാശ, വന സംരക്ഷണ നിയമങ്ങൾ ഭേദഗതി ചെയ്തത്. കരുതൽ മേഖല തീരുമാനം 2006ലെ വനാവകാശ നിയമം, 1996ലെ പെസ നിയമം തുടങ്ങിയവ ആദിവാസികൾക്ക് ഉറപ്പുനൽകുന്ന അധികാരങ്ങൾ റദ്ദാക്കുന്നതാണ്. കരുതൽ മേഖല പ്രഖ്യാപിക്കുമ്പോൾ വനം പരിസ്ഥിതി മന്ത്രാലയമോ സുപ്രീം കോടതിയോ ഇവയൊന്നും പരിഗണിച്ചിട്ടില്ല.
മേയ് 31ന് മരിയനാട് എസ്റ്റേറ്റില്‍ ആരംഭിച്ച സമരത്തില്‍ നിലവില്‍ 350ഓളം കുടുംബങ്ങളാണുള്ളത്. പ്രശ്‌നം അടിയന്തരമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ഇതുവരെയും അനുകൂല നിലപാട് സർക്കാറിൽനിന്ന് ലഭിച്ചിട്ടില്ല. ഇരുളം ഭൂസമര സമിതി ചെയര്‍മാന്‍ ബി.വി. ബോളന്‍, കണ്‍വീനര്‍ എ. ചന്തുണ്ണി, രമേശന്‍ കൊയാലിപ്പുര, ബാബു എല്ലക്കൊല്ലി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

