സമ്പൂര്‍ണ പോര്‍ട്ടലില്‍ കൃത്രിമം: അധ്യാപകനെതിരെ ഐ.ടി നിയമപ്രകാരം നടപടിക്ക് സാധ്യത
text_fieldsപ്രതീകാത്മക ചിത്രം
കല്പറ്റ: അധ്യാപക തസ്തിക നിലനിര്‍ത്താന്‍ സമ്പൂര്‍ണ പോര്‍ട്ടലില്‍ കുട്ടികളുടെ എണ്ണത്തില്‍ തിരിമറി നടത്തിയതിനെ തുടർന്ന് സസ്പെൻഡ് ചെയ്ത അധ്യാപകനെതിരെ ഐ.ടി നിയമപ്രകാരം നടപടിയെടുക്കാൻ സാധ്യത. വകുപ്പുതല അന്വേഷണത്തിൽ കോട്ടത്തറ ഗവ. ഹൈസ്കൂളിലെ മലയാളം അധ്യാപകൻ ശ്രീജേഷ് ബി. നായർ ഗുരുതര അച്ചടക്കലംഘനം നടത്തിയെന്ന് കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് 2026 ഫെബ്രുവരി 16ന് സർവിസില്‍നിന്ന് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ (ഡി.ഡി.ഇ) സസ്പെൻഡ് ചെയ്തിരുന്നു. സമ്പൂര്‍ണ പോര്‍ട്ടലില്‍ (സ്കൂളുകളിലെ മുഴുവന്‍ കുട്ടികളുടെയും സമ്പൂര്‍ണ വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കുന്ന രഹസ്യസ്വഭാവമുള്ള സോഫ്റ്റുവെയര്‍) വിദ്യാഭ്യാസ വകുപ്പ് മേലധികാരികളുടെ അനുമതിയില്ലാതെയാണ് അധ്യാപകൻ തിരുത്തിയത്.
മലയാളം അധ്യാപക തസ്തിക നിലനിര്‍ത്താനായി കുട്ടികളുടെ എണ്ണത്തില്‍ കൃത്രിമം നടത്തുന്നതിനായിരുന്നു ഇത്. 2025-26 അധ്യയന വര്‍ഷത്തിലാണ് എട്ടാം ക്ലാസ് കുട്ടികളുടെ എണ്ണത്തില്‍ കൃത്രിമം നടത്തിയത്. കോട്ടത്തറ ഗവ. ഹൈസ്കൂളിലെ എസ്.ഐ.ടി.സി ചാര്‍ജ് വഹിക്കുന്ന മലയാളം അധ്യാപകനായിരുന്നു ഇയാൾ. സ്കൂള്‍ പി.ടി.എ, സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി (എസ്.എം.സി), കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന് (കെ.എ.ടി.എഫ്) ജില്ല കമ്മിറ്റി, തിരിമറിക്ക് വിധേയരായ കുട്ടികളുടെ രക്ഷിതാക്കള്‍, സ്കൂളിലെ 13 അധ്യാപകര്‍ തുടങ്ങിയവരാണ് അധ്യാപകനെതിരെ ജില്ലയിലെ ഉന്നത വിദ്യാഭ്യാസ അധികാരികള്‍ക്ക് പരാതി നല്‍കിയത്.
ഒന്നാം ഭാഷയായി അറബി പഠിക്കാന്‍ പേര് നല്കിയ എട്ടാം ക്ലാസിലെ അഞ്ച് വിദ്യാർഥികളെയാണ് രക്ഷിതാക്കളുടെയോ കുട്ടികളുടെയോ ക്ലാസ് അധ്യാപകന്റെയോ പ്രധാനാധ്യാപകന്റെയോ അറിവോ സമ്മതമോ ഇല്ലാതെ അറബിയില്‍നിന്ന് മലയാളത്തിലേക്ക് മാറ്റി സമ്പൂര്‍ണ പോര്‍ട്ടലില്‍ കൃത്രിമം നടത്തിയത്.
കുട്ടികളെ അറബിയില്‍നിന്ന് മലയാളത്തിലേക്ക് മാറ്റിയതോടെ അധ്യാപക തസ്തിക സുരക്ഷിതമാക്കുകയായിരുന്നു ലക്ഷ്യം. ഇതേ സ്കൂളില്‍ യു.പി വിഭാഗം വരെ അറബി ഒന്നാം ഭാഷയായി പഠിച്ച 22 കുട്ടികളില്‍ അഞ്ചുപേരെയാണ് തസ്തിക നിലനിര്‍ത്താന്‍ സമ്പൂര്‍ണയില്‍ കൃത്രിമംനടത്തി മാറ്റിയത്. തൊട്ടടുത്ത് ഹൈസ്കൂളുകളുള്ള ഏച്ചോം, നീര്‍വാരം, തെക്കുംതറ, കരിങ്കുറ്റി എന്നീ പ്രദേശങ്ങളില്‍നിന്ന് ഗോതവർഗ കുട്ടികളെ സ്കൂളില്‍ ചേര്‍ത്ത് തസ്തിക നിലനിര്‍ത്താന്‍ ശ്രമിച്ചുവെന്നും അന്വേഷണത്തിൽ കണ്ടെത്തി.
വിവാദമായ സംഭവത്തില്‍ അന്വേഷണം നടത്തി ജില്ല വിദ്യാഭ്യാസ ഓഫിസര്‍ (ഡി.ഇ.ഒ) ഡിജിറ്റല്‍ തെളിവുകളടക്കം ശേഖരിച്ചാണ് ഡി.ഡി.ഇക്ക് റിപ്പോര്‍ട്ട് നല്‍കിയത്. കൂടാതെ വിദ്യാഭ്യാസ വകുപ്പ് വിജിലൻസ് വിഭാഗവും പരാതികൾ അന്വേഷിച്ചിരുന്നു.
പ്രധാനധ്യാപകർ കൈകാര്യംചെയ്യേണ്ട അതീവ രഹസ്യസ്വഭാവമുള്ള സമ്പൂർണ പോർട്ടലിൽ അധ്യാപകൻ തന്നിഷ്ടപ്രകാരം ഡാറ്റകളിൽ തിരിമറി നടത്തിയ സംഭവം ആവർത്തിക്കാതിരിക്കാൻ കർശന തുടർനടപടികൾ വേണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിരീക്ഷണം. ജില്ല വിദ്യാഭ്യാസ ഓഫിസറുടെ ഡിജിറ്റൽ തെളിവടക്കമുള്ള അന്വേഷണ റിപ്പോർട്ടിലെ ഐ.ടി. നിയമ വ്യവസ്ഥകളിലുള്ള ഗുരുതരമായ കൃത്യവിലോപം നടന്നതായി കണ്ടെത്തിയത് ഏറെ ഗൗരവത്തോടെയാണ് വകുപ്പ് കാണുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐ.ടി നിയമവ്യവസ്ഥകൾ പ്രകാരം അധ്യാപകനെതിരെ വിദ്യാഭ്യാസ വകുപ്പ് തുടർനടപടിക്കൊരുങ്ങുന്നത്.
ഇതിന് മുമ്പും ഇതേ അധ്യാപകന് അറബി പഠിക്കുന്ന വിദ്യാര്‍ഥികളെ മലയാളത്തിലേക്ക് മാറ്റിയത് വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൈറ്റ് ജില്ല കോര്‍ഡിനേറ്റര്‍ ഇദ്ദേഹത്തെ എസ്.ഐ.ടി.സി സ്ഥാനത്ത് നിന്ന് മുന്‍ വര്‍ഷങ്ങളില്‍ മാറ്റിനിര്‍ത്തിയിരുന്നു. തസ്തിക ഉറപ്പാക്കാനായി ഏച്ചോം, നീര്‍വാരം, തെക്കുംതറ, കരിങ്കുറ്റി പ്രദേശങ്ങളിലെ സ്കൂളുകളില്‍ നിന്നുള്ള കുട്ടികളെ ഈ അധ്യാപകന് സ്വന്തം ചെലവിലായിരുന്നു സ്കൂളിലെത്തിച്ചിരുന്നത്. അധ്യാപക തസ്തികക്കുള്ള ഫിക്സേഷന് ഉറപ്പായതോടെ കുട്ടികളെ കൊണ്ടുവരുന്നത് നിര്‍ത്തി. ഇക്കാരണം കൊണ്ട് തന്നെ പാദവാര്‍ഷിക പരീക്ഷ കോട്ടത്തറ സ്കൂളില്‍നിന്ന് എഴുതാനും ഈ കുട്ടികള്‍ക്ക് കഴിഞ്ഞിരുന്നില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

