മനുഷ്യ-വന്യജീവി സംഘർഷം; പദ്ധതികളിൽ കാലതാമസം, തിരുത്തൽ നടപടികൾ
text_fieldsകൽപറ്റ: മനുഷ്യ-വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് ജില്ലയിൽ രൂപവത്കരിച്ച ജില്ലതല അവലോകന കമ്മിറ്റിയുടെ ആദ്യയോഗം കലക്ടർ ഡോ. രേണുരാജിന്റെ അധ്യക്ഷതയിൽ ചേർന്നു. ജില്ലതല കമാൻഡ് കൺട്രോൾ സെന്ററിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്ന പദ്ധതികളിലെ കാലതാമസം, തിരുത്തൽ നടപടികൾ സംബന്ധിച്ച് യോഗത്തിൽ ചർച്ച ചെയ്തു.
മനുഷ്യ-വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് ജില്ല കലക്ടർ ഡോ. രേണു രാജിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലതല അവലോകന കമ്മിറ്റി യോഗം
യോഗ തീരുമാനങ്ങൾ
- വന്യജീവി സാന്നിധ്യം കൂടുതലുള്ള തദ്ദേശ സ്ഥാപന പരിധികളിൽ പഞ്ചായത്ത്തല ജാഗ്രത സമിതികൾ ക്രിയാത്മകമായി പ്രവർത്തിക്കണം.
- തൊഴിലുറപ്പ് പദ്ധതി മുഖേന പഞ്ചായത്തുകളുടെ നേതൃത്വത്തിൽ വനത്തിനകത്ത് കുളങ്ങൾ നിർമിക്കാനും ഫലവൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കാനുള്ള സാധ്യതകൾ പരിശോധിക്കും.
- സെന്ന ഉന്മൂലനം ചെയ്യാനുള്ള നടപടികൾ ത്വരിതപ്പെടുത്തണം.
- കാടും നാടും വേർതിരിക്കുന്നതിന് ഫെൻസിങ് ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണം.
- വനത്തോട് ചേർന്നുള്ള റോഡ് അരികുകളിലെയും സ്വകാര്യ തോട്ടങ്ങളിലെയും കാടു വെട്ടൽ ഫലപ്രദമായി നടപ്പാക്കണം.
- ബീനാച്ചി എസ്റ്റേറ്റിന് ചുറ്റും വേലികെട്ടി ജനസുരക്ഷ ഉറപ്പാക്കണം.
- വന്യമൃഗ ആക്രമണത്തിനുള്ള നഷ്ടപരിഹാര തുക സംബന്ധിച്ച് കേന്ദ്രത്തിൽ ഔദ്യോഗിക ഇടപെടലുകൾ നടത്താൻ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെടാൻ വനം വകുപ്പിനോട് നിർദേശിച്ചു.
- ജില്ലതല അവലോകന കമ്മിറ്റി മൂന്ന് മാസത്തിലൊരിക്കൽ ചേരാനും അടിയന്തരഘട്ടങ്ങളിൽ യോഗം ചേരാനും തീരുമാനം.
- വന്യജീവി ആക്രമണം തടയുന്നതിന് നോഡൽ ഓഫിസറുടെ നേതൃത്വത്തിൽ തയാറാക്കിയ മാസ്റ്റർ പ്ലാൻ ജില്ലതല അവലോകന കമ്മിറ്റി മുമ്പാകെ അവതരിപ്പിച്ച് ചർച്ച ചെയ്യും.
- കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എം.എൽ.എമാരായ ഒ.ആർ. കേളു, ടി. സിദ്ദീഖ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ജില്ല പൊലീസ് മേധാവി ടി. നാരായണൻ, എ.ഡി.എം കെ. ദേവകി, സബ് കലക്ടർ മിസൽ സാഗർ ഭരത്, ഫോറസ്റ്റ് സ്പെഷൽ ഓഫിസർ വിജയാനന്ദൻ, നോഡൽ ഓഫിസർ കെ.എസ്. ദീപ, ഡി.എഫ്.ഒമാരായ ഷജ്ന കരീം, മാർട്ടിൻ ലോവൽ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടർ ബെന്നി ജോസഫ്, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ചുളിക്കയിൽ പുലി പശുവിനെ കൊന്നു
മേപ്പാടി: ചുളിക്കയിൽ വീണ്ടും വളർത്തു മൃഗങ്ങൾക്കു നേരെ പുലിയുടെ ആക്രമണം. എസ്റ്റേറ്റ് തൊഴിലാളിയായ മുല്ലപ്പള്ളി യാഹുവിന്റെ മൂന്നര വയസ്സുള്ള പശുവിനെ പുലി കടിച്ചുകൊന്നു. പുറമെ രണ്ടര വയസ്സുള്ള മറ്റൊരു പശു ആക്രമണത്തെത്തുടർന്ന് മരണത്തോട് മല്ലടിക്കുകയുമാണ്. തിങ്കളാഴ്ച പുലർച്ചയാണ് സംഭവം. ചുളിക്ക പ്രദേശത്ത് പുലിയുടെ ആക്രമണത്തിൽ നിരവധി വളർത്തു മൃഗങ്ങളാണ് അടുത്ത നാളുകളിൽ ചത്തത്. സമീപത്തെ വനമേഖലയിൽ നിന്ന് രാത്രിയിൽ പുലികൾ നാട്ടിലിറങ്ങുകയും പശു, ആട്, വളർത്തുനായ്ക്കൾ എന്നിവയെ ആക്രമിക്കുകയുമാണ് ചെയ്യുന്നത്. ഇതുകാരണം മനുഷ്യർ രാത്രി പുറത്തിറങ്ങാൻ ഭയപ്പെടേണ്ട സാഹചര്യമാണുള്ളതെന്ന് പ്രദേശത്തുകാർ പരാതിപ്പെടുന്നു. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി, ചത്ത പശുവിന്റെ ജഡം പോസ്റ്റ്മോർട്ടത്തിന് ശേഷം മറവ് ചെയ്തു. നാട്ടിലിറങ്ങുന്ന പുലികളെ പിടികൂടാൻ അധികൃതർ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കാന്തൻപാറ ജനവാസ മേഖലയിലിറങ്ങിയ പുള്ളിപ്പുലിയുടെ സി.സി.ടി.വി ദൃശ്യം
കാന്തൻപാറയിൽ പുലി
മൂപ്പൈനാട്: കാന്തൻപാറയിലെ ജനവാസ മേഖലയിൽ ഞായറാഴ്ച രാത്രി പുള്ളിപ്പുലി ഇറങ്ങി. പ്രദേശത്തെ ഒരു വീടിന്റെ മുറ്റത്തൂകൂടെ ഓടുന്ന പുലിയുടെ ദൃശ്യമാണ് സി.സി.ടി.വി കാമറയിൽ പതിഞ്ഞത്. പുലി സാന്നിധ്യമറിഞ്ഞതോടെ പ്രദേശത്തുള്ള കുടുംബങ്ങൾ ഭീതിയിലാണ്.
പുൽപള്ളിയിൽ വീണ്ടും കടുവ പശുക്കിടാവിനെ കൊന്നു
പുൽപള്ളി: പുൽപള്ളിയിൽ വീണ്ടും കടുവ പശുക്കിടാവിനെ കൊന്നു. കോളറാട്ട്ക്കുന്ന് പൈക്കാമൂല കോളനിയിലെ നിർമലയുടെ മൂന്നു വയസ്സുള്ള പശുവിനെയാണ് കടുവ കൊന്നത്. കോളനിക്കടുത്തെ വനത്തിലെ പുൽമൈതാനിയിൽ മേയാൻ വിട്ടതായിരുന്നു. വൈകീട്ടാണ് സംഭവം. ആളുകൾ ബഹളംവെച്ചതോടെ പശുവിനെ ഉപേക്ഷിച്ച് കടുവ ഉൾവനത്തിലേക്ക് കടന്നു. വനപാലകർ സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

