ലോട്ടറി തൊഴിലാളി ജീവനൊടുക്കിയ സംഭവം; അന്വേഷണം ലോൺ ആപ് തട്ടിപ്പ് സംഘത്തെ കേന്ദ്രീകരിച്ച്
text_fieldsകൽപറ്റ: ലോട്ടറി വിൽപനക്കാരൻ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. മീനങ്ങാടി സി.ഐ ബിജു ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ലോൺ ആപ് വായ്പാ തട്ടിപ്പിനിരയായാണ് അരിമുള ചിറകോണത്ത് അജയരാജ് ശനിയാഴ്ച തൂങ്ങിമരിച്ചതെന്ന നിഗമനത്തിൽ തന്നെയാണ് പൊലീസ്.
മരണത്തിന് പിന്നിൽ ലോൺ ആപ്പ് സംഘത്തിന്റെ ഭീഷണിയാണെന്ന് ബന്ധുക്കളും ആരോപിച്ചിരുന്നു. ലോൺ ആപ് സംഘത്തെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. സാമ്പത്തിക ഇടപാടുകൾ, മരണകാരണം, വായ്പാ സംഘത്തിന്റെ ഭീഷണി, മോർഫ് ചെയ്ത് അശ്ലീല ചിത്രം പ്രചരിപ്പിക്കൽ തുടങ്ങിയവ അന്വേഷണ പരിധിയിലുണ്ട്. മരിച്ച അജയരാജിന്റെയും മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ അയച്ച സുഹൃത്തിന്റെയും ഫോൺ സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്.
ഡൽഹി കേന്ദ്രീകരിച്ചുള്ള സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന സൂചനയാണ് പൊലീസിനുള്ളത്. വൈഫൈ ഉപയോഗിച്ചുള്ള വിളികളും ചാറ്റിങ്ങും ആയതിനാൽ പ്രതികളെ കണ്ടെത്തുന്നതിന് കൂടുതൽ സമയമെടുക്കുമെന്നും അതിനായുള്ള അന്വേഷണത്തിലാണെന്നും മീനങ്ങാടി സി.ഐ ബിജു ആന്റണി മാധ്യമത്തോട് പറഞ്ഞു.
ആപ് വഴി അജയരാജ് 5000 രൂപ കടമെടുത്തതായാണ് പറയുന്നത്. ആപ്പുമായി ബന്ധപ്പെട്ട ഫോൺ നമ്പർ ചാറ്റിന്റെ സ്ക്രീൻ ഷോട്ടിൽ ഇത് കാണുന്നുമുണ്ട്. കഴിഞ്ഞ ദിവസം അജയരാജിന്റെ ചില സുഹൃത്തുക്കളുടെ ഫോണിലേക്ക് മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ ലഭിച്ചതായി ബന്ധുക്കൾ പറഞ്ഞു.
വായ്പ അടക്കാത്തത് സംബന്ധിച്ച് ഭീഷണി സന്ദേശങ്ങളും ലഭിച്ചിരുന്നു. ഹിന്ദിയിലാണ് സംസാരവും ചാറ്റിങ്ങുമെല്ലാം. അജയരാജ് മരിച്ച ദിവസവും സുഹൃത്തുക്കളുടെ വാട്സ് ആപിലേക്ക് ആപ്പ് തട്ടിപ്പുകാരുടെ സന്ദേശമെത്തി. അജയരാജ് ആത്മഹത്യ ചെയ്തുവെന്ന് സംഘത്തെ അറിയിച്ചപ്പോൾ പരിഹാസ ചിരിയാണ് മറുപടി സന്ദേശമായി ലഭിച്ചതെന്നും സുഹൃത്തുകൾ പറയുന്നു.
പണം തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് അജയരാജിനെ ഭീഷണിപ്പെടുത്തിയതായും പറയുന്നുണ്ട്. മീനങ്ങാടി സി.ഐ യെ കൂടാതെ എസ്.ഐ രാം കുമാർ, റസാഖ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
തട്ടിപ്പുകാരനെ സൈബർ സെൽ അറസ്റ്റ് ചെയ്തു
കൽപറ്റ: നാല് സംസ്ഥാനങ്ങളിലായി പതിനൊന്ന് കേസുകളിൽ പ്രതിയായ മലയാളി ഓൺലൈൻ തട്ടിപ്പുകാരനെ വയനാട് സൈബർ സെൽ അറസ്റ്റ് ചെയ്തു. കോഴിക്കോട് കാവിലുംപാറ സ്വദേശി സൽമാനുൽ ഫാരിസിനെയാണ് അറസ്റ്റ് ചെയ്തത്. കൽപറ്റ തിനപുരം സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.
സൽമാനുൽ ഫാരിസ്
പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കണം -സലീം മടവൂർ
കൽപറ്റ: സ്വകാര്യ ഓൺലൈൻ വായ്പാ ആപ്പുകാരുടെ ഭീഷണിയും ബ്ലാക്ക് മെയിലിങ്ങും കാരണം കഴിഞ്ഞദിവസം ആത്മഹത്യ ചെയ്ത പൂതാടി താഴെമുണ്ട അരിമുള ചിറക്കോണത്ത് അജയരാജിന്റെ മരണം പ്രത്യേക സംഘം അന്വേഷിക്കണമെന്ന് എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ ആവശ്യപ്പെട്ടു. രാജ്യാന്തര തട്ടിപ്പ് സംഘങ്ങളാണ് മരണത്തിന് പിറകിൽ പ്രവർത്തിച്ചിരിക്കുന്നത്.
നൂറുകണക്കിനാളുകളാണ് ഇത്തരം തട്ടിപ്പുകളിൽ പെട്ട് ബ്ലാക്ക് മെയിൽ ചെയ്യപ്പെടുന്നത്. ആധുനിക എ.ഐ സാങ്കേതിക വിദ്യകൾ അടക്കം ഉപയോഗിച്ച് മൊബൈൽ ഫോണുകളിലെ വിവരണങ്ങൾ ചോർത്തിയെടുക്കുകയും ചിത്രങ്ങൾ മോർഫ് ചെയ്യുകയും ചെയ്താണ് ഇത്തരം തട്ടിപ്പ് സംഘങ്ങൾ പ്രവർത്തിക്കുന്നത്.
അജയരാജിന്റെ ബന്ധുക്കളെ എൽ.ജെ.ഡി. സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ, യുവജനക്ഷേമ ബോർഡ് മെംബർ പി.എം. ഷബീർ അലി എന്നിവർ സന്ദർശിച്ചപ്പോൾ
5000 രൂപ വായ്പ എടുത്ത അജയരാജ് പണം തിരിച്ചടക്കൻ തയാറായിട്ടും കൂടുതൽ പണം ആവശ്യപ്പെട്ട് ചതിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സലീം മടവൂർ, യുവജന ക്ഷേമ ബോർഡ് മെംബർ പി. എം. ഷബീറലി, എൽ.ജെ.ഡി കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് അനന്തകൃഷ്ണ ഗൗഡര്, മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ. ഷിബു എന്നിവർ അജയരാജിന്റെ ബന്ധുക്കളെ സന്ദർശിച്ചു.