രാഹുലിന് നൽകിയത് റെക്കോഡ് ഭൂരിപക്ഷം വണ്ടർലാൻഡായി വണ്ടൂർ
text_fieldsകൽപറ്റ: വയനാട് ലോക്സഭ മണ്ഡലം തെരഞ്ഞെടുപ്പിൽ വൻവിജയം നേടിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് റെക്കോഡ് ഭൂരിപക്ഷം സമ്മാനിച്ചത് വണ്ടൂർ നിയോജക മണ്ഡലം. വണ്ടൂർ ഒറ്റക്ക് രാഹുലിന് നൽകിയത് 68,684 വോട്ടിന്റെ ഭൂരിപക്ഷമാണ്. ഇക്കുറി കേരളത്തിലെ നിയമസഭനിയോജക മണ്ഡലങ്ങളിൽനിന്ന് ഒരു സ്ഥാനാർഥിക്ക് കിട്ടുന്ന ഏറ്റവും വലിയ ഭൂരിപക്ഷമാണിത്. വയനാട്ടിൽനിന്ന് 364,422 വോട്ടിന്റെ ഭൂരിപക്ഷവുമായാണ് രാഹുൽ പാർലമെന്റിലേക്ക് പോകുന്നത്.
ഏതെങ്കിലുമൊരു സ്ഥാനാർഥിക്ക് അരലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം സമ്മാനിച്ച ഏഴു നിയോജക മണ്ഡലങ്ങളാണ് ഇക്കുറി സംസ്ഥാനത്തുള്ളത്. വണ്ടൂർ അടക്കമുള്ള ഇവ ഏഴും മലപ്പുറം ജില്ലയിലാണ്. വണ്ടൂർ നിയോജക മണ്ഡലത്തിൽനിന്ന് രാഹുൽഗാന്ധിക്ക് 112,310 വോട്ടാണ് ലഭിച്ചത്. ഇടതുസ്ഥാനാർഥിയും സി.പി.ഐ ദേശീയകൗൺസിൽ അംഗവുമായ ആനി രാജക്കാകട്ടെ 43,626 വോട്ടുകളാണ് ലഭിച്ചത്. രാഹുലിന്റെ ഭൂരിപക്ഷം കുറക്കുമെന്നതടക്കം വീമ്പുപറഞ്ഞ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് വണ്ടൂരിൽനിന്ന് ആകെ 13,608 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ഏറനാട് മണ്ഡലത്തിലാകട്ടെ സുരേന്ദ്രന് ആകെ 9,723 വോട്ടേ കിട്ടിയുള്ളൂ.
വയനാട് പാർലമെന്റ് മണ്ഡലത്തിൽ എല്ലാ നിയോജക മണ്ഡലങ്ങളിലും രാഹുൽ ഗാന്ധിക്ക് വൻ ഭൂരിപക്ഷമാണ് ലഭിച്ചത്. മാനന്തവാടി (38,721), സുൽത്താൻ ബത്തേരി (43,981), കൽപറ്റ (49,657), തിരുവമ്പാടി (46,556), ഏറനാട് (57,743), നിലമ്പൂർ (56,363) എന്നിങ്ങനെയാണ് മറ്റു നിയോജക മണ്ഡലങ്ങളിലെ ഭൂരിപക്ഷം.
വണ്ടൂർ കഴിഞ്ഞാൽ സംസ്ഥാനത്ത് ഇത്തവണ ഏറ്റവും കൂടുതൽ ഭൂരിപക്ഷം കണ്ട രണ്ടാമത്തെ നിയോജക മണ്ഡലം ഏറനാടാണ്. ഇതിനു തൊട്ടുപിന്നിലായി മലപ്പുറം പാർലമെന്റ് മണ്ഡലത്തിലെ വേങ്ങര നിയോജക മണ്ഡലമാണുള്ളത്. യു.ഡി.എഫ് സ്ഥാനാർഥി ഇ.ടി. മുഹമ്മദ് ബഷീറിന് വേങ്ങര നൽകിയത് 56,397 വോട്ടിന്റെ ഭൂരിപക്ഷം. രാഹുലിന് 56,363 വോട്ടിന്റെ ലീഡ് നൽകിയ നിലമ്പൂരാണ് നാലാം സ്ഥാനത്ത്.

