കുഞ്ഞാമിയുടെ മൂന്ന് പേരക്കുട്ടികളും സ്ഥാനാർഥികളാണ്
text_fieldsനർഷ നസ്രിൻ, ഷമീറ ഫൈസൽ, കെ.എച്ച്. ഷാഹിദ
കൽപറ്റ: എല്ലാ തെരഞ്ഞെടുപ്പിലുമെന്ന പോലെ ഇത്തവണയും വോട്ട് ചെയ്യാനുള്ള തയാറെടുപ്പിലാണ് 84 കാരി കുഞ്ഞാമി. എന്നാൽ, ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ പിണങ്ങോട് പരേതനായ പിലാശേരി മൊയ്തീൻ ഹാജിയുടെ ഭാര്യ വാഴയിൽ കുഞ്ഞാമിക്ക് വോട്ട് ചെയ്യാനുള്ള ഉശിര് അൽപം കൂടുതലാണെന്ന് മാത്രം. തന്റെ മൂന്ന് പേരക്കുട്ടികളും ഈ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളാണെന്നതാണ് കുഞ്ഞാമിയുടെ ആവേശം.
മൂന്നു പേരും മൂന്ന് ഗ്രാമപഞ്ചായത്തുകളിലെ സ്ഥാനാർഥികളാണെന്നതും ഒരാൾ യു.ഡി.എഫിനും മറ്റൊരാൾ എൽ.ഡി.എഫിനും വേണ്ടി മത്സരിക്കുമ്പോൾ മൂന്നാമത്തെയാൾ സ്വതന്ത്ര സ്ഥാനാർഥിയായാണ് വോട്ട് തേടുന്നതുമെല്ലാം പ്രത്യേകത.
പൊഴുതന ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡായ മരവയലിൽ യു.ഡി.എഫിന് വേണ്ടിയാണ് പിണങ്ങോട് കൈപ്പങ്ങാണി കുഞ്ഞിമുഹമ്മദിന്റെ ഭാര്യ കെ.എച്ച്. ഷാഹിദ കോണി ചിഹ്നത്തിൽ മത്സരിക്കുന്നത്. നെൻമേനി ഗ്രാമപഞ്ചായത്തിലെ 10ാം വാർഡിൽ എൽ.ഡി.എഫിന് വേണ്ടി ചീരാൽ കുടുക്കി ചോലക്കൽ ഫൈസലിന്റെ ഭാര്യ ഷമീറ ഫൈസൽ മത്സരിക്കുന്നത് അരിവാൾ നെൽകതിർ ചിഹ്നത്തിലാണ്. വെങ്ങപ്പള്ളി പഞ്ചായത്തിലെ 11ാം വാർഡിലാണ് സ്വതന്ത്രയായി മത്സരിക്കുന്ന ജനകീയ സ്ഥാനാർഥി നർഷ നസ്രിന്റെ അങ്കത്തട്ട്. പിണങ്ങോട് തെങ്ങുംകണ്ടി അഷ്കറിന്റെ ഭാര്യയായ നർഷ നസ്രിൻ ബലൂൺ ചിഹ്നത്തിലാണ് ഇവിടെ ജനവിധി തേടുന്നത്.
മൂന്ന് പേരക്കുട്ടികളും മത്സരിക്കാനുണ്ടെങ്കിലും തന്റെ വാർഡിൽ അല്ലാത്തതിനാൽ ഇവർക്കാർക്കും വോട്ട് ചെയ്യാനാവില്ലല്ലോ എന്ന സങ്കടം മാത്രമാണ് കുഞ്ഞാമിക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

