കെ.എസ്.യു പഠിപ്പുമുടക്ക് സമരം; നടവയൽ സി.എം കോളജിൽ സംഘർഷം
text_fields1. കെ.എസ്.യു പ്രവർത്തകരെയും വിദ്യാർഥികളെയും ആക്രമിച്ചതിൽ പ്രതിഷേധിച്ചു സി.എം കോളജ് അധികൃതരെ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധിക്കുന്നു 2. പ്രിൻസിപ്പൽ മുഹമ്മദ്
ഷെരീഫ് പ്രവർത്തകരുമായി
അടികൂടുന്നു
കൽപറ്റ: കെ.എസ്.യു സംസ്ഥാന വ്യാപകമായി നടത്തിയ പഠിപ്പുമുടക്ക് സമരത്തിന്റെ ഭാഗമായി നടവയൽ സി.എം കോളജിൽ സംഘർഷം. കോളജ് പ്രിൻസിപ്പലും കെ.എസ്.യു പ്രവർത്തകരും തമ്മിലുള്ള വാക്കുതർക്കം കൈയാങ്കളിയിൽ കലാശിച്ചു. ചൊവ്വാഴ്ച രാവിലെയാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ വിദ്യാഭ്യാസ ബന്ദിന്റെ ഭാഗമായി പഠിപ്പുമുടക്ക് സമരവുമായി കോളജില്‍ എത്തിയത്.
പ്രവര്‍ത്തകരെ പ്രിൻസിപ്പലുടെ നേതൃത്വത്തിൽ അധികൃതർ തടയുകയായിരുന്നു. ഇതേത്തുടർന്നുണ്ടായ വാക്കേറ്റമാണ് കൈയാങ്കളിയില്‍ കലാശിച്ചത്. ഒരു പ്രകോപനവും കൂടാതെ പ്രിന്‍സിപ്പല്‍ മര്‍ദിച്ചെന്ന് കെ.എസ്.യു നേതാക്കൾ ആരോപിച്ചു. സംഭവത്തെത്തുടര്‍ന്ന് കെ.എസ്.യു ജില്ല കമ്മിറ്റി നേതൃത്വത്തില്‍ കോളജിലേക്ക് മാര്‍ച്ച് നടത്തി. കോളജ് അധികൃതരെ ഉപരോധിക്കുകയും ചെയ്തു.
തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ പ്രിന്‍സിപ്പൽ ഡോ. എ.പി. ഷെരീഫിനെ തൽസ്ഥാനത്തു നിന്നും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യാന്‍ കോളജ് ഉന്നതാധികാരസമിതി തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് സമരക്കാർ പിന്മാറിയത്. മര്‍ദനത്തില്‍ പരിക്കേറ്റ കെ.എസ്.യു സുൽത്താൻ ബത്തേരി നിയോജകമണ്ഡലം ട്രഷറര്‍ സ്റ്റെല്‍ജിന്‍ പനമരം ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്. കെ.എസ്.യു പ്രവര്‍ത്തകരുടെ പരാതിയില്‍ പനമരം പൊലീസ് പ്രിന്‍സിപ്പലിനെതിരെ കേസെടുത്തു.
മര്‍ദനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ഉപരോധസമരത്തിന് കെ.എസ്.യു ജില്ല പ്രസിഡന്റ് ഗൗതം ഗോകുല്‍ദാസ്, ബത്തേരി നിയോജകമണ്ഡലം പ്രസിഡന്റ് അതുല്‍ തോമസ്, ആതില്‍, മുബാരിഷ് അയ്യാര്‍, മെല്‍ എലിസബത്ത്, റോഹിത് ശശി, അശ്വിന് ദേവ്, അജ്മല്‍, ശ്രീഹരി, അര്ജുന് എന്നിവർ നേതൃത്വം നല്കി. തുടര്‍ന്ന് നടവയലില്‍ നടന്ന പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് മാനന്തവാടി ബ്ലോക്ക് പ്രസിഡന്റ് എ.എം. നിശാന്ത്, ബെന്നി അരിഞ്ചേര്‍മല എന്നിവര്‍ നേതൃത്വം നല്കി.
പുറത്തുനിന്നുമെത്തിയവര്‍ സംഘര്‍ഷത്തിന് ശ്രമിക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്. അതേസമയം, കോളജ് പ്രിൻസിപ്പലുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അദ്ദേഹം ഫോണെടുത്തില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

