അന്തർദേശീയ മയക്കുമരുന്ന് ശൃംഖലയിലെ മുഖ്യകണ്ണി പിടിയിൽ; നൈജീരിയൻ സ്വദേശിയായ മുഹമ്മദ് ജാമിയു അബ്ദു റഹീമാണ് അറസ്റ്റിലായത്
text_fieldsമുഹമ്മദ് ജാമിയു അബ്ദു റഹീം
കൽപറ്റ: അന്തർദേശീയ മയക്കുമരുന്നു ശൃംഖലയിലെ മുഖ്യ കണ്ണി ഡൽഹിയിൽ പിടിയിൽ. കേരളത്തിലും ബംഗളൂരു കേന്ദ്രീകരിച്ച് കർണാടകയിലും മയക്കുമരുന്ന് വിപണനം നടത്തിവന്നിരുന്ന സംഘത്തിലെ പ്രധാന കണ്ണിയായ നൈജീരിയൻ സ്വദേശിയായ മുഹമ്മദ് ജാമിയു അബ്ദു റഹീമിനെയാണ് ജില്ല അസി. എക്സൈസ് കമീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തത്.
ജില്ലയിലെ അന്വേഷണത്തിലിരിക്കുന്ന വിവിധ കമേഴ്സ്യൽ ക്വാണ്ടിറ്റി കേസുകളിലെ പ്രതികളിൽനിന്ന് പണം സ്വീകരിച്ച് മയക്കുമരുന്ന് ലഭ്യമാക്കിയതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേരളത്തിലേക്കുള്ള മയക്കുമരുന്ന് കടത്തിന്റെ പ്രധാന ഉറവിടം ബംഗളൂരുവാണ്. ഇത്തരത്തിൽ ബംഗളൂരുവിലുള്ള മറ്റ് ആഫ്രിക്കൻ സ്വദേശികൾക്ക് മയക്കുമരുന്ന് ലഭ്യമാക്കുന്നത് ഇയാളാണെന്ന് അന്വേഷണത്തിന് ബോധ്യപ്പെട്ടു.രണ്ടു മാസമായി പ്രതി അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഇയാളെ അന്വേഷിച്ച് സംഘം ഡൽഹിയിലെത്തുമ്പോഴേക്കും ഇത്യോപ്യ വഴി നൈജീരിയയിലേക്ക് കടന്നിരുന്നു.
പിന്നീട് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ച് അതിവിദഗ്ധമായി ഇന്ത്യയിലെത്തിക്കുകയും ഇന്ദിര ഗാന്ധി വിമാനത്താവളത്തിലെത്തിയ ഇയാളെ ബ്യൂറോ ഓഫ് എമിഗ്രേഷന്റെ സഹായത്തോടെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടർന്ന് പ്രതിയെ കേരളത്തിലേക്ക് കൊണ്ടുവരാനായി ഡൽഹി പട്യാല കോടതിയുടെ അനുമതി തേടി. വിമാന മാർഗം സി.ഐ.എസ്.എഫിന്റെ പ്രത്യേക സുരക്ഷയോടെയാണ് നാട്ടിലെത്തിച്ചത്.
ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആഫ്രിക്കയിലെ പ്രധാന വിമാനത്താവളമായ ഇത്യോപ്യയിലെ അഡിസ് അബബ വഴിയാണ് നൈജീരിയയിലേക്ക് പോകുന്നതെന്നും മാസത്തിൽ രണ്ട് തവണ നൈജീരിയയിൽ പോയി വരാറുണ്ട് എന്നുള്ള കാര്യവും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സെൻട്രൽ ഐ.ബിയുടെ സഹായവും അന്വേഷണ സംഘത്തിന് മുതൽക്കൂട്ടായി.
ജില്ല അസി. എക്സൈസ് കമീഷണർ വൈ. പ്രസാദിന്റെ നേതൃത്വത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷർഫുദ്ദീൻ, സിവിൽ എക്സൈസ് ഓഫിസർമാരായ പി.എസ്. സുഷാദ്, സി.എം. ബേസിൽ, പി.എൻ. ശ്രീജ മോൾ, പി.എം. സിനി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് നാലു പേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. പ്രതിയുടെ മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തിവരുന്നതായി അസി. എക്സൈസ് കമീഷണർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

