മരണമണി നിലക്കാതെ കർണാടകയിലെ ഇഞ്ചിപ്പാടങ്ങൾ; കണ്ണീരൊപ്പാതെ അധികൃതർ
text_fieldsഇഞ്ചിപ്പാടത്ത് മറ്റു തൊഴിലാളികൾക്കൊപ്പം ബാബു (ഷർട്ട് ധരിക്കാത്തത്)
കൽപറ്റ: കർണാടകയിലെ തോട്ടങ്ങളിൽ ദുരൂഹ സാഹചര്യത്തിൽ മരിക്കുന്ന ആദിവാസികളുടെ എണ്ണം വർധിക്കുമ്പോഴും അധികൃതർക്ക് നിസ്സംഗത. കഴിഞ്ഞ വ്യാഴാഴ്ച തൃക്കൈപ്പറ്റ മുണ്ടുപ്പാറ കോളനിയിലെ ബാബുവിനെ, താമസിക്കുന്ന ഷെഡിൽ മരിച്ചനിലയിൽ കണ്ടെത്തിയതാണ് ദുരൂഹമരണങ്ങളിൽ അവസാനത്തേത്. വയനാട്ടിലെ ആദിവാസികൾക്കിടയിൽ മാസങ്ങൾക്കുള്ളിൽതന്നെ ആറ് ദുരൂഹ മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ബാബുവിന്റെ മരണത്തിന് മുമ്പ് സെപ്റ്റംബർ അവസാനം കർണാടകയിലെ ബിരുണാണിയിൽ സുഹൃത്തിനൊപ്പം ജോലിക്ക് പോയ ബാവലി സ്വദേശിയായ ഷാണമംഗലം കോളനിയിലെ ബിനീഷിനെ തൊഴിലിടത്തിന് സമീപത്തെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു.
ആദിവാസി തൊഴിലാളികളെ മറ്റു ജില്ലകളിലേക്കും സംസ്ഥാനങ്ങളിലേക്കും കൊണ്ടുപോകുന്നത് രജിസ്റ്റർ ചെയ്യണമെന്ന് 2007ൽ ജില്ല പൊലീസ് സൂപ്രണ്ട് ഉത്തരവിട്ടിരുന്നു. ഇത് വേണ്ടവിധം നടപ്പാക്കിയില്ല. ഈ സാഹചര്യത്തിൽ നീതിവേദിയും കേരള ആദിവാസി ഫോറവും ജനകീയ കോടതി രൂപവത്കരിച്ചു. 122 കുടുംബങ്ങളിൽ സർവേ നടത്തി കുടകിൽ പോയ 99 പേർ മരിച്ചതായി കണ്ടെത്തി. ഇതിൽ 34 മരണം സംശയകരമായ സാഹചര്യത്തിലാണ്. 15 പേരുടേത് സ്വാഭാവിക മരണവും. 36 പേർ അസുഖത്തെ തുടർന്ന് മരിച്ചു. 14 പേരുടെ മരണകാരണം കണ്ടെത്താനായില്ല.
ഏഴു പേരെ കാണാതായിട്ടുമുണ്ട്. 16 പേർ പീഡിപ്പിക്കപ്പെട്ട് തിരിച്ചെത്തി. കുടക് ഭൂവുടമകളുടെ തോട്ടങ്ങളിലും പണിക്ക് പോയ നിരവധി പേരാണ് 2005 മുതൽ ദുരൂഹ സാഹചര്യങ്ങളിൽ കൊല്ലപ്പെട്ടതും കാണാതായതും. എന്നാൽ, എത്ര പേർ മരിച്ചു, എത്ര പേരെ കാണാതായി തുടങ്ങിയ കൃത്യമായ കണക്ക് ജില്ല ഭരണകൂടത്തിന്റെ കൈയിലില്ല. 2000 ജനുവരി ഒന്നു മുതൽ 2023 ജൂലൈ 15 വരെ വയനാട്ടിൽനിന്ന് കുടകിൽ പണിക്ക് പോയി മരിക്കുകയോ കാണാതാവുകയോ ചെയ്ത ആദിവാസികളുടെ പേര്, വിലാസം തുടങ്ങിയവ വർഷാടിസ്ഥാനത്തിൽ ലഭ്യമാക്കണമെന്ന് വിവരാവകാശ പ്രകാരം അപേക്ഷിച്ച മനുഷ്യാവകാശ പ്രവർത്തകന് കൃത്യമായ ഉത്തരം നൽകാൻ ഉത്തരവാദപ്പെട്ടവർക്ക് കഴിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

