കർണാടകയിൽ മരിച്ച ആദിവാസി യുവാവിന്റെ മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത വിധം
text_fieldsകൽപറ്റ: കർണാടകയിലെ തോട്ടത്തിൽ പണിക്കുപോയി ദുരൂഹ സാഹചര്യത്തിൽ മരിച്ച ആദിവാസി യുവാവ് ബാബുവിന്റെ മൃതദേഹത്തോടും അവഗണന. തിരിച്ചറിയാൻപോലും കഴിയാത്ത അവസ്ഥയിലായിരുന്നു മൃതദേഹമെന്ന് ബന്ധുക്കൾ ആരോപിച്ചു. തൃക്കൈപ്പറ്റ മുണ്ടുപാറ കോളനിയിലെ ബാബുവാണ് നഞ്ചൻകോട്ടെ തോട്ടത്തിൽ പണിക്കുപോയി ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. മീനങ്ങാടിയിലെ ഇഞ്ചിക്കർഷകരാണ് ബാബുവിനെ പണിക്ക് കൊണ്ടുപോയത്.
വ്യാഴാഴ്ച രാത്രി ഏഴിന് സഹോദരിയെ ഫോണിൽ വിളിച്ച് ചോമാടി സ്വദേശി സചിൻ എന്നയാൾ ബാബു മരിച്ചതായി അറിയിക്കുകയായിരുന്നു. തുടർന്ന് വാർഡ് മെംബറെയും പ്രമോട്ടറെയും ട്രൈബൽ ഓഫിസിലും വിവരം അറിയിച്ചു. പിറ്റേന്ന് ബന്ധുക്കൾ നഞ്ചൻകോട് ചെന്ന് വിവരങ്ങൾ അന്വേഷിച്ചപ്പോൾ ഷെഡിൽ അനക്കമില്ലാതെ കിടക്കുന്നതു കണ്ട ബാബുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നുവെന്നാണ് പറഞ്ഞത്. ബന്ധുക്കൾ ആശുപത്രിയിൽ എത്തിയെങ്കിലും അന്നു മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത് വിട്ടുകിട്ടിയില്ല. ശനിയാഴ്ചയാണ് മൃതദേഹം പോസ്റ്റ്മോർട്ടം നടപടി പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുകൊടുത്തത്.
എന്നാൽ, മൃതദേഹം കറുത്ത് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. കാരണം അന്വേഷിച്ചപ്പോൾ മൃതദേഹം സൂക്ഷിച്ച ഫ്രീസറിന്റെ സ്വിച്ച് ആശുപത്രി ജീവനക്കാർ ഓണാക്കാത്തതിനാൽ സംഭവിച്ച പിഴവാണെന്നാണ് അവർ പറഞ്ഞതെന്ന് ബാബുവിന്റെ സഹോദരി രാധ പറഞ്ഞു. ഇഞ്ചിപ്പാടത്ത് കൊണ്ടുപോയ ആളുടെ ഫോണിൽ വിളിക്കുമ്പോൾ അയാളുടെ ഭാര്യയാണ് ഫോൺ എടുക്കുന്നതെന്നും ഭർത്താവിന്റെ നമ്പർ തരാൻ ആവശ്യപ്പെട്ടിട്ടും നൽകുന്നില്ലെന്നും രാധ പറഞ്ഞു.
കൽപറ്റ: കാട്ടുനായ്ക്ക വിഭാഗത്തിൽപെട്ട വയോധികൻ മർദനമേറ്റ് സംസാരിക്കാൻ പോലും കഴിയാതെ മാസങ്ങളായി ദുരിതജീവിതം അനുഭവിക്കുമ്പോഴും ഒരുവിധ അന്വേഷണവും നടത്താതെ അധികൃതർ. അമ്പലവയൽ അമ്പുകുത്തി പട്ടിയമ്പം ആശാരിമൂലയിൽ താമസിക്കുന്ന 65കാരനായ ചിമ്പനാണ് ദുരിതജീവിതം നയിക്കുന്നത്. ഇഞ്ചിപ്പാടത്തെ കാര്യസ്ഥനായിരുന്നു ചിമ്പൻ. പാടത്തുനിന്ന് ഇഞ്ചി മോഷണം പോയിരുന്നു. മോഷ്ടാക്കളെ കുറിച്ച് ചിമ്പൻ ഉടമക്ക് സൂചന നൽകി.
ഇതിന്റെ പേരിൽ ആഗസ്റ്റ് 31ന് രാത്രിയിൽ ഒരു സംഘം വീട്ടിൽ ഒറ്റക്ക് താമസിക്കുന്ന ചിമ്പനെ മർദിച്ചു. പിറ്റേന്ന് പകലാണ് വീട്ടിൽ അബോധാവസ്ഥയിൽ ചിമ്പനെ കാണുന്നത്. ഉടനെ താലൂക്ക് ആശുപത്രിയിലും അവിടെനിന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും ചികിത്സക്കായി കൊണ്ടുപോയി. മൂന്നര മാസത്തെ ചികിത്സക്കു ശേഷമാണ് വീട്ടിലേക്ക് കൊണ്ടുവന്നത്. ഇപ്പോഴും ശരിയായ വിധത്തിൽ സംസാരിക്കാൻ സാധിക്കില്ല. ഓർമക്ക് കുറവും മറ്റ് ആരോഗ്യ പ്രശ്നങ്ങളുമുണ്ട്.
വീട്ടുകാരുടെ പരാതിയിൽ അമ്പലവയൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ പ്രതികളെ കണ്ടെത്താനോ നടപടികളെടുക്കാനോ സാധിച്ചിട്ടില്ലെന്ന് ചിമ്പന്റെ മകൾ നവ്യ വാർത്തസമ്മേളനത്തിൽ പറഞ്ഞു. നവംബർ 15ന് ജില്ല കലക്ടർക്കും ജില്ല പൊലീസ് മേധാവിക്കും പരാതി നൽകി. എന്നിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. നവകേരള സദസ്സിലും കുടുംബം പരാതി കൊടുത്തിരുന്നു. അതിലും ഒരു തീരുമാനം ഉണ്ടായിട്ടില്ല.
ചിമ്പൻ തന്നെ പ്രതികളുടെ പേരുപറഞ്ഞാൽ മാത്രമേ അവരെ പിടികൂടാൻ കഴിയൂവെന്നാണ് പൊലീസ് പറഞ്ഞതെന്നാണ് നവ്യ പറയുന്നത്. ഊരാളി വേട്ടക്കുറുമൻ -പട്ടികവർഗ വെൽഫെയർ സൊസൈറ്റി നേതൃത്വത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുന്നതുവരെ സമരം നടത്തും. ജനുവരി അഞ്ചു മുതൽ അമ്പലവയൽ പൊലീസ് സ്റ്റേഷൻ പരിസരത്ത് പന്തൽ കെട്ടി അനിശ്ചിതകാല സത്യഗ്രഹം നടത്തുമെന്ന് സൊസൈറ്റി പ്രസിഡന്റ് അശോക് കുമാർ, എക്സിക്യൂട്ടിവ് അംഗം സി. മണികണ്ഠൻ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

