കാഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്നം: വനം വകുപ്പ് തടസ്സം തുടരുന്നുവെന്ന് ആരോപണം
text_fieldsജയിംസ്, ഭാര്യ ട്രീസ, മക്കളായ വിപിൻ, നിതിൻ എന്നിവർ വയനാട് കളക്ട്രേറ്റിന് മുന്നിൽ
കൽപറ്റ: കാഞ്ഞിരത്തിനാല്‍ ഭൂമി വിഷയത്തില്‍ വനംവകുപ്പ് തടസ്സം തുടരുകയാണെന്നും വീണ്ടും വേട്ടയാടുകയാണെന്നും കലക്ടറേറ്റിന് മുന്നിൽ വർഷങ്ങളായി സമരം നടത്തുന്ന കാഞ്ഞിരത്തിനാല്‍ ജെയിംസ് വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. പൊലീസ്, കലക്ടർ തുടങ്ങിയവരുടെ മൂന്ന് റിപ്പോര്‍ട്ടുകള്‍ അനുകൂലമായിട്ടും വനംവകുപ്പ് മാത്രം തടസ്സം നിൽക്കുകയാണ്. വിജിലന്‍സ്, സാംബശിവറാവു കമീഷന്, നിയമസഭ സമിതി എന്നിവരുടെയെല്ലാം റിപ്പോര്‍ട്ടുകള്‍ കുടുംബത്തിന് അനുകൂലമാണ്. വനം വകുപ്പിന്റെ തെറ്റായ നടപടികളാണ് ഭൂപ്രശ്നം കാലങ്ങളായി നിയമക്കുരുക്കിലാക്കിയത്.
കാഞ്ഞിരങ്ങാട് വില്ലേജില്‍ 238/1ല്‍പ്പെട്ട 11.25 ഏക്കര്‍ ഭൂമി നിക്ഷിപ്ത വനമായി മാറ്റിയത് സംബന്ധിച്ച പരാതിയിൽ ഭൂമിയുടെ അവകാശികളുടെ യോഗം ഫെബ്രുവരി 15ന് ജില്ല കലക്ടറുടെ ചേംബറില്‍ നടത്തിയിരുന്നു. താനും ഭാര്യയും കാഞ്ഞിരങ്ങാട് വില്ലേജിലെ ഡിജിറ്റല്‍ സർവേ ചാർജ് ഓഫിസറോട് ഭൂമി സർവേ ചെയ്തതിനെപ്പറ്റി അന്വേഷിച്ചപ്പോൾ, തങ്ങള്‍ക്കവകാശപ്പെട്ട 12 ഏക്കര്‍ ഭൂമി നിക്ഷിപ്ത വനമായി സർവേചെയ്ത് രേഖ തയാറാക്കിയതായി മനസ്സിലായെന്ന് ജയിംസ് പറഞ്ഞു.
ഈ ഭൂമി 1967ല്‍ കുട്ടനാടന്‍ കാര്‍ഡമം കമ്പനിയില്‍നിന്ന് 2717/1967ാം നമ്പര്‍ ജന്മം തീറാധാര പ്രകാരം തന്റെ പിതാവിന്റെ അനുജന് കാഞ്ഞിരത്തിനാല്‍ ജോസ് എന്നയാള്‍ വിലക്ക് വാങ്ങിയതാണ്. 1967ല്‍ വിലക്ക് വാങ്ങിയ ഭൂമി 1971ലെ ഭൂമി നിക്ഷിപ്തമാക്കൽ നിയമത്തിന്റെ പരിധിയിൽപ്പെടുന്നതല്ല. 1971ലെ നിയമപ്രകാരം ഏറ്റെടുത്ത വനഭൂമിയാണെന്ന് മാനന്തവാടി ഡി.എഫ്.ഒ അറിയിച്ചതിനാലാണ് തങ്ങളുടെ ഭൂമി നിക്ഷിപ്ത വനഭൂമിയാക്കി ഡിജിറ്റല്‍ സർവേ ചെയ്തതെന്ന് അറിയാന്‍ കഴിഞ്ഞുവെന്നും ജെയിംസ് ആരോപിക്കുന്നു.
നിലവിലെ സർവേ ഡയറക്ടറും 2016ലെ മാനന്തവാടി സബ് കലക്ടറും ലാൻഡ് ബോര്‍ഡ് ചെയര്‍മാനും കൂടിയായിരുന്ന സാംബശിവറാവു നേരിട്ട് സ്ഥല പരിശോധന നടത്തിയതില്‍ തങ്ങളുടെ കുടുംബത്തിന് അവകാശപ്പെട്ട 12 ഏക്കര്‍ ഭൂമി എം.പി.പി.എഫ് നിയമത്തിൽപെട്ട ഭൂമിയല്ലെന്ന് കണ്ടെത്തിയിരുന്നു. അതിനാൽ, യഥാർഥ അവകാശികളുടെ പേരില്‍ ഭൂമി സർവേ ചെയ്ത രേഖകൾ തയാറാക്കണമെമെന്ന് ആവശ്യപ്പെട്ട് റവന്യൂ അധികൃതർക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ജെയിംസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

