കൽപറ്റ പഴയ ബസ്‍സ്റ്റാൻഡിൽ മലിനജല സംസ്‌കരണ പ്ലാന്റ്
text_fieldsകൽപറ്റ: പഴയ ബസ്‍സ്റ്റാൻഡിലെ സെപ്റ്റിക് ടാങ്ക് നിറഞ്ഞ് മാലിന്യം പുറത്തേക്ക് ഒഴുകുന്ന പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് പ്രതീക്ഷ. 45 ലക്ഷം രൂപ ചിലവഴിച്ച് നഗരസഭ നിർമിക്കുന്ന മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ നിർമാണം തിങ്കളാഴ്ച ആരംഭിക്കും. ഒരു ദിവസം 15,000 ലിറ്റർ മാലിന്യം സംസ്‌കരിക്കാൻ കഴിയുന്ന പ്ലാന്റാണ് ഒരുക്കുന്നത്. ബസ് സ്റ്റാൻഡിനുള്ളിൽ പ്രവർത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങളിലെ അടക്കം മലിനജലം സംസ്‌കരിക്കാം. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രീൻ മെത്തേഡ് എൻജിനിയറിങ് കമ്പനിയാണ് കരാറെടുത്തിരിക്കുന്നത്.
മൂന്നുമാസത്തിനുള്ളിൽ പ്രവൃത്തി പൂർത്തിയാക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. ശുചിമുറിയുടെ അടുത്ത് നിർമിക്കുന്ന പ്ലാറ്റ്ഫോമിലാണ് പ്ലാന്റ് സ്ഥാപിക്കുക. അൾട്രാ ഫിൽറ്ററേഷൻ സംവിധാനത്തിലൂടെ മാലിന്യവെള്ളം ഉപയോഗയോഗ്യമാക്കി മാറ്റും. നിലവിലെ ടാങ്കിന്റെ ചോർച്ച അടച്ച് സംഭരണ സംവിധാനമായി പ്രവർത്തിപ്പിക്കും. ശുചിമുറി കെട്ടിടത്തിന്റെ നവീകരണത്തിന് 20 ലക്ഷം രൂപയും നഗരസഭ അനുവദിച്ചു. പ്ലാന്റിന്റെ നിർമാണം പൂർത്തിയാകുന്നതോടെ യാത്രക്കാർ, ബസ് തൊഴിലാളികൾ, സ്റ്റാൻഡിലെ വിവിധ സ്ഥാപനങ്ങളിലെ ജോലിക്കാർ എന്നിവരുടെ കാലങ്ങളായുള്ള ദുരിതത്തിന് അറുതിയാകുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

