ഉരുൾ ദുരന്തബാധിതരുടെ തട്ടുകട പൊളിച്ചു നീക്കി നഗരസഭ അധികൃതർ
text_fieldsകൽപറ്റ: മുണ്ടക്കൈ ഉരുൾ ദുരന്തബാധിതർ കൽപറ്റയിൽ നടത്തിവന്ന തട്ടുകട നഗരസഭ അധികൃതർ പൊളിച്ചുമാറ്റി. എസ്.കെ.എം.ജെ സ്കൂളിന് സമീപം ദേശീയപാതയോട് ചേർന്ന് ‘ചൂരൽമലക്കാരുടെ തട്ടുകട’ എന്ന പേരിൽ പ്രവർത്തിച്ച തട്ടുകടയാണ് ബുധനാഴ്ച രാവിലെ പൊളിച്ചത്.
ചൂരൽമല സ്വദേശികളും നിലവിൽ മുണ്ടേരി സർക്കാർ കോട്ടേജിൽ താമസിക്കുന്നവരുമായ കുരിക്കൾ മുജീബ്-ആസിയ ദമ്പതികളാണ് കട നടത്തിയിരുന്നത്. ദുരന്തശേഷം ഇവരുടെ ജീവിത മാർഗമായിരുന്നു ഈ കട. തട്ടുകട നടത്തിയിരുന്ന വാഹനവും സാധനങ്ങളും നഗരസഭ പിടിച്ചെടുത്തു.
ബുധനാഴ്ച രാവിലെയാണ് നഗരസഭയിൽനിന്നും ആളുകളെത്തി ഉന്തുവണ്ടിയടക്കം നഗരസഭയിലെത്തിച്ചത്. ചൊവ്വാഴ്ച അർധരാത്രി ഒന്നര വരെ കട പ്രവർത്തിച്ചിരുന്നു. ഉന്തുവണ്ടിയിലുണ്ടായിരുന്ന ചായ ഗ്ലാസ്, ഭക്ഷ്യ സാധനങ്ങൾ ഇട്ടുവച്ച വലിയ ചില്ല് കുപ്പികൾ എന്നിവയും ഭക്ഷ്യ സാധനങ്ങളും നശിച്ചതായി ഉടമകൾ പറഞ്ഞു. മുൻകൂട്ടി അറിയിക്കാതെയാണ് കട മാറ്റിയതെന്നും ഇവർ ആരോപിച്ചു.
അതേസമയം, സ്കൂൾ അധികൃതരുടെ പരാതിയും പൊലീസിന്റെ നിർദേശ പ്രകാരവുമാണ് കട നീക്കിയതെന്നാണ് നഗരസഭ അധികൃതർ പറയുന്നത്. കട മാറ്റിയതറിഞ്ഞ് കടയുടമകളും നാട്ടുകാരുമടക്കം നഗരസഭയിലെത്തി പ്രതിഷേധിച്ചു. ഇവർ നഗരസഭ സെക്രട്ടറിയുമായി ചർച്ച നടത്തി. ഒടുവിൽ നിലവിലെ സ്ഥലത്തുനിന്നും മാറ്റി കട പുനഃസ്ഥാപിച്ചു നൽകാമെന്ന് നഗരസഭ കൗൺസിലർ കേയംതൊടി മുജീബ് അറിയിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

