കടമാൻതോട്, തൊണ്ടാര്‍ പദ്ധതികള്‍; കെ.ഇ.ആർ.ഐ പഠനം നടത്തും
text_fieldsനിർദിഷ്ട കടമാൻതോട് ഇടത്തരം ജലസേചന പദ്ധതിപ്രദേശത്തിന്റെ ത്രിമാന മാതൃക ജലവിഭവ
മന്ത്രി റോഷി അഗസ്റ്റിൻ പരിശോധിക്കുന്നു
കൽപറ്റ: കടമാൻതോട്, തൊണ്ടാര്‍ ഇടത്തരം ജലസേചന പദ്ധതികള്‍ പ്രദേശത്തെ ജനങ്ങളുടെ ആശങ്കകള്‍ സുതാര്യമായ നടപടികളിലൂടെ പരിഹരിച്ച് മാത്രമേ നടപ്പാക്കാൻ തീരുമാനമെടുക്കുകയുള്ളൂവെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
ഇരു പദ്ധതികളെകുറിച്ചും സമഗ്രപഠനം നടത്തി സമയബന്ധിതമായി റിപ്പോര്‍ട്ട് നല്‍കാന്‍ കേരള എൻജിനീയറിങ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിനെ (കെ.ഇ.ആർ.ഐ) ചുമതലപ്പെടുത്തും. ലഭ്യമാകുന്ന റിപ്പോര്‍ട്ട് ബന്ധപ്പെട്ട പഞ്ചായത്തുകളുടെയും എം.എല്‍.എമാരടക്കമുളള ജനപ്രതിനിധികളുടെയും മുമ്പാകെ അവതരിപ്പിക്കും.
ജനങ്ങളെ ബോധ്യപ്പെടുത്തി സുതാര്യതയോടെ മാത്രമേ പദ്ധതിയുമായി മുന്നോട്ടു പോകുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. കബനി തടത്തിലെ കാവേരി ജലവിഹിത വിനിയോഗവുമായി ബന്ധപ്പെട്ട് കലക്‌ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
കടമാൻതോട് ഇടത്തരം ജലസേചന പദ്ധതിപ്രദേശത്തിന്റെ
ത്രിമാന മാതൃക
കടമാന്‍തോട്, തൊണ്ടാര്‍ പദ്ധതികളുടെ ഡി.പി.ആര്‍ തയാറാക്കുന്നതിന് യഥാക്രമം 2.95 കോടിയുടെയും 2.63 കോടിയുടെയും ഭരണാനുമതി നല്‍കേണ്ടതുണ്ട്. കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയിലൂടെ കബനി തടത്തില്‍നിന്ന് സംസ്ഥാനത്തിന് അനുവദിച്ച് കിട്ടിയ 21 ടി.എം.സി ജലം പരമാവധി വിനിയോഗിക്കേണ്ടതുണ്ട്.
ജില്ലയിലെ പ്രധാന പദ്ധതികളായ കാരാപ്പുഴ (2.8 ടി.എം.സി) , ബാണാസുര സാഗര്‍ (0.84 ടി.എം.സി) എന്നിവയിലൂടെയും ഇതര ജലസേചന പദ്ധതികളിലൂടെയും ആകെ 5.80 ടി.എം.സി വെള്ളം മാത്രമാണ് വിനിയോഗിക്കുന്നത്. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഏഴ് ഇടത്തരം ഡാമുകള്‍ കൂടി പണിത് 11.51 ടി.എം.സി. വെളളം കൂടി ഉപയോഗപ്പെടുത്താന്‍ പദ്ധതികള്‍ വിഭാവനം ചെയ്‌തെങ്കിലും വിവിധ കാരണങ്ങളാൽ 6.58 ടി.എം.സി സംഭരണ ശേഷിയിലേക്ക് പദ്ധതികള്‍ ചുരുക്കേണ്ടി വന്നു.
കടമാന്‍ തോട് പദ്ധതി നേരത്തെ വിഭാവനം ചെയ്തത് 1.51 ടി.എം.സി സംഭരണശേഷിയിലും തൊണ്ടാര്‍ 0.40 ടി.എം.സിയിലുമാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആശങ്കകള്‍ പരിഗണിച്ച് ഇത് യഥാക്രമം 0.51 ടി.എം.സിയായും 0.30 ടി.എം.സിയായും കുറക്കേണ്ടി വന്നു.
2033ല്‍ സുപ്രീംകോടതി നിലവിലെ വിധി പുനപരിശോധിക്കുന്നതിനാല്‍ സംസ്ഥാനത്തിന് അനുവദിക്കപ്പെട്ട ജലവിഹിതം പരമാവധി ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ചെറുകിട, ഇടത്തര ജല സംഭരണികള്‍ സ്ഥാപിക്കുന്നതോടൊപ്പം കൃഷിയിടങ്ങളിലേക്ക് നേരിട്ട് ജലസേചന സൗകര്യമെത്തിക്കുന്നതുള്‍പ്പെടെയുള്ള ഇതര മാര്‍ഗങ്ങളുടെ സാധ്യതയും പരിശോധിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
കാരാപ്പുഴ, ബാണാസുര സാഗര്‍ പദ്ധതികള്‍ 2024 -25 വര്‍ഷത്തില്‍ പൂര്‍ത്തീകരിക്കും. കാരാപ്പുഴക്ക് 17 കോടി രൂപയും ബാണാസുര സാഗറിന് 12 കോടിയും ഈ സാമ്പത്തിക വര്‍ഷം അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ എം.എല്‍.എമാരായ ടി. സിദ്ദീഖ്, ഐ.സി. ബാലകൃഷ്ണന്‍, ഒ.ആര്‍. കേളു, ജില്ല കലക്ടര്‍ എ. ഗീത, ജലവിഭവ വകുപ്പ് ചീഫ് എൻജിനീയര്‍ (കോഴിക്കോട് മേഖല) എം. ശിവദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കടമാന്‍തോട് അസി. എൻജിനീയര്‍ പി.എം. സുര്‍ജിത്ത് പദ്ധതിയും മാതൃക ഇന്‍സ്റ്റലേഷനും വിശദീകരിച്ചു. ജലവിഭവ വകുപ്പ്, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

