വന്യജീവി ഭീഷണിയില്ലാത്ത മനുഷ്യവാസം സാധ്യമോ...?
text_fieldsപെരുന്തട്ട മേഖലയിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നു
കൽപറ്റ: ഇടവേളക്കുശേഷം വയനാട് ജില്ലയിൽ വന്യജീവി ശല്യം വീണ്ടും രൂക്ഷമായി. മാസങ്ങളായി കൽപറ്റ നഗരസഭയിലെ പെരുന്തട്ട പ്രദേശത്ത് കടുവകളുടെ സാന്നിധ്യമുണ്ട്. പശുക്കളെ കടുവ കൊന്നുതിന്നു. കടുവയെ പിടികൂടാൻ വനംവകുപ്പ് കൂടും സി.സി.ടി.വി കാമറകളും സ്ഥാപിച്ചുവെങ്കിലും ഇതുവരെ വിജയിച്ചിട്ടില്ല. പുൽപള്ളിയിലെ അമരക്കുനിയും ദിവസങ്ങളായി കടുവ ഭീതിയിലാണ്. ഇവിടെയും പശുവിനെയും ആടിനെയും കടുവ കഴിഞ്ഞ ദിവസങ്ങളിൽ കൊന്നിരുന്നു. കഴിഞ്ഞ ദിവസം നാട്ടുകാർ റോഡ് ഉപരോധിച്ചതിനെ തുടർന്ന് കടുവയെ മയക്കുവെടി വെച്ച് പിടികൂടാമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പുനൽകി.
1. പെരുന്തട്ട മേഖലയിൽ വന്യജീവി സാന്നിധ്യമുണ്ടോയെന്നറിയാൻ ഉദ്യോഗസ്ഥർ ഡ്രോൺ സർവേ നടത്തുന്നു 2. പെരുന്തട്ട
മേഖലയിൽ ഡ്രോൺ സർവേയിൽ പതിഞ്ഞ ചിത്രം
ഇതോടെയാണ് നാട്ടുകാർ സമരം പിൻവലിച്ചത്. വന്യജീവി ശല്യം ജനങ്ങളുടെ സ്വൈര ജീവിതത്തെ ബാധിക്കുന്ന രൂപത്തിലേക്ക് മാറിയതോടെ ജനങ്ങൾ ആശങ്കയിലാണ്.
പെരുന്തട്ട മേഖലയിൽ ജനകീയ നടപടികൾ
കൽപറ്റ: നഗരസഭ പരിധിയിൽ കടുവ സാന്നിധ്യമുണ്ടായ പെരുന്തട്ട, പുളക്കുന്ന്, ചുഴലി, പ്രാദേശിക കാപ്പി ഗവേഷണ കേന്ദ്രം ഭാഗങ്ങളിൽ സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫിസറുടെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ നടപടികൾ ഊർജിതമാക്കി.
വന്യജീവി സാന്നിധ്യം നിലവിലുണ്ടോയെന്നറിയാൻ ഡ്രോൺ ഉപയോഗിച്ച് തിരച്ചിൽ നടത്തി. മുമ്പ് പുലി, കടുവ, ആന തുടങ്ങിയവയുടെ സാന്നിധ്യമുണ്ടായിരുന്ന പ്രദേശങ്ങളിൽ തെരുവുവിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. രാത്രി സമയം വെളിച്ചമില്ലാതെ ഇരുൾ മൂടുന്ന ഭാഗങ്ങൾ കൂടി കണക്കിലെടുത്താണ് കൽപറ്റ നഗരസഭ പരിധിയിൽ 20, 21, 22 വാർഡുകളിൽ ഉൾപ്പെട്ട സ്ഥലങ്ങളിൽ എട്ട് സോളാർ തെരുവുവിളക്കുകൾ സ്ഥാപിച്ചത്.
സൗത്ത് വയനാട് ഡി.എഫ്.ഒ അജിത് കെ. രാമൻ നേതൃത്വം നൽകി. മേപ്പാടി റെയിഞ്ച് ഓഫീസറുടെ സാന്നിധ്യത്തിൽ കോഫീ ബോർഡ് മേഖലയിൽ യോഗം ചേർന്നു.
വയനാട്ടിലെ മനുഷ്യ വന്യജീവി സംഘർഷം സംബന്ധിച്ച് കേരള ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണന്റെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരിയിൽ നടന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം
22ാം വാർഡ് കൗൺസിലർ അധ്യക്ഷതവഹിച്ചു. കോഫീ ബോർഡിന്റെ കൈവശ സ്ഥലത്ത് കാട് മൂടി കിടക്കുന്ന സ്ഥലങ്ങൾ ചൊവ്വാഴ്ച വെട്ടിവൃത്തിയാക്കാൻ യോഗം തീരുമാനിച്ചു. വനം വകുപ്പ്, തദ്ദേശ സ്വയം ഭരണ വകുപ്പ്, കോഫീ ബോർഡ്, വിവിധ സന്നദ്ധ സംഘടനകൾ, പ്രദേശവാസികൾ എന്നിവരുടെ സഹകരണത്തോടെയായിരിക്കും അടിക്കാട് വെട്ടിത്തെളിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

