പോക്സോ കേസിൽ കഠിന തടവും പിഴയും
text_fieldsസതീഷ്
കൽപറ്റ: പ്രായപൂർത്തിയാകാത്ത സ്കൂൾ കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് ഐ.പി.സി, പോക്സോ ആക്ടുകളിലെ വിവിധ വകുപ്പുകൾ പ്രകാരം ഇരട്ട ജീവപര്യന്തവും 1,02,000 രൂപ പിഴയും ശിക്ഷ വിധിച്ചു. 2018ലാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ അതിക്രമിച്ചുകയറി പലതവണ പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
വിളമ്പുകണ്ടം വാറുമ്മൽ കടവ് എം.കെ. സതീഷിനെയാണ് (29) കൽപറ്റ സ്പെഷൽ കോടതി ജഡ്ജി വി. അനസ് ശിക്ഷിച്ചത്. കമ്പളക്കാട് പൊലീസ് ഇൻസ്പെക്ടറായിരുന്ന എസ്. സിബി തോമസിന്റെ നേതൃത്വത്തിൽ എസ്.ഐ കെ.എസ്. അജേഷ്, എസ്.സി.പി.ഒ വി. ആർ. ദിലീപ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി.ജി. മോഹന്‍ദാസ് ഹാജരായി.

