ലഹരി വിൽപന കൊണ്ട് അനധികൃതമായി സമ്പാദിച്ച സ്വത്തുക്കളും കണ്ടുകെട്ടും; കർശന നടപടിയുമായി വയനാട് പൊലീസ്
text_fieldsജില്ല പൊലീസ് മേധാവി
തപോഷ് ബസുമതാരി
കൽപറ്റ: ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികളുമായി വയനാട് പൊലീസ്. 2023 മുതൽ ഇതുവരെ 3180 കേസുകളിലായി 3399 പേരെയാണ് ലഹരിയുമായി ബന്ധപ്പെട്ട വിവിധ കേസുകളിൽ പൊലീസ് പിടികൂടിയത്. നിരന്തര പരിശോധനകളും കർശന നടപടികളും തുടരുമെന്ന് പൊലീസ് അറിയിച്ചു. 3180 കേസുകളിൽ 38 കോമേർഷ്യൽ കേസുകളും ഉൾപ്പെടുന്നു. 3.287 കിലോയോളം എം.ഡി.എം.എ, 60 കിലോയോളം കഞ്ചാവ്, 937 ഗ്രാം മെത്താഫിറ്റമിൻ, 2756 കഞ്ചാവ് നിറച്ച സിഗരറ്റ്, കൂടാതെ മറ്റു ലഹരി ഉൽപന്നങ്ങളായ ഹാഷിഷ്, ബ്രൗൺ ഷുഗർ, എൽ.എസ്.ഡി, ചരസ്, ഒപ്പിയം, ടാബ്ലെറ്റുകൾ തുടങ്ങിയവയും പിടികൂടിയിട്ടുണ്ട്.
ഈ വർഷം രണ്ട് മാസത്തിനകം ഇതുവരെ 284 എൻ.ഡി.പി.എസ് കേസുകളെടുത്തു. 304 പേരെയാണ് പിടികൂടിയത്. 194 ഗ്രാം എം.ഡി.എം.എ, 2.776 കിലോഗ്രാം കഞ്ചാവ്, 260 കഞ്ചാവ് നിറച്ച സിഗരറ്റ്, 0.44 ഗ്രാം മെത്താഫിറ്റമിൻ എന്നിവ പിടിച്ചെടുത്തു.
ലഹരിമരുന്ന് ഉപയോഗവും വില്പനയും തടയുന്നതിനായി ഫെബ്രുവരി 22ന് തുടങ്ങിയ പൊലിസിന്റെ ഓപ്പറേഷന് ഡി ഹണ്ടിന്റെ ഭാഗമായി ഒരാഴ്ചക്കിടെ മാത്രം ജില്ലയിൽ 106 കേസുകൾ രജിസ്റ്റർ ചെയ്തു. 102 പേരെ പിടികൂടി. ലഹരി കടത്തുമായി ബന്ധപ്പെട്ട 1053 പേരെയാണ് പരിശോധിച്ചത്. 94.41 ഗ്രാം എം.ഡി.എം.എയും, 173.4 ഗ്രാം കഞ്ചാവും, 93 കഞ്ചാവ് നിറച്ച സിഗരറ്റുകളും, 7071 പാക്കറ്റ് ഹാൻസുകളും പിടിച്ചെടുക്കുകയും ചെയ്തു.
2023ൽ 1660 കേസുകളിലായി 1775 പേരെയാണ് അറസ്റ്റ് ചെയ്തത്. 625 ഗ്രാം എം.ഡി.എം.എ, 670.45 ഗ്രാം മെത്താഫിറ്റമിൻ, 28.833 കിലോ ഗ്രാം കഞ്ചാവ്, 1656 കഞ്ചാവ് നിറച്ച സിഗരറ്റ്, ഒരു കഞ്ചാവ് ചെടി, ഹാശിഷ് ഓയിൽ, ചരസ്, എൽ.എസ്.ഡി സ്റ്റാമ്പ് എന്നിവയാണ് പിടിച്ചെടുത്തത്.
2024ൽ 1236 കേസുകളിലായി 1320 പേർക്കെതിരെ കേസെടുത്തു. 2.466 കിലോഗ്രാം എം.ഡി.എം.എ, 266.37 ഗ്രാം മെത്താഫിറ്റമിൻ, 27.953 കിലോഗ്രാം കഞ്ചാവ്, 840 കഞ്ചാവ് നിറച്ച സിഗരറ്റ്, 32.45 ഗ്രാം ഹാഷിഷ്, എൽ.എസ്.ഡി, ചരസ് എന്നിവയും പിടികൂടി.
ലഹരികൊണ്ടുണ്ടാക്കിയ സ്വത്തും കണ്ടുകെട്ടും
നിലവിൽ എൻ.ഡി.പി.എസ് നിയമത്തിലെ 68 എഫ് വകുപ്പുപയോഗിച്ച് ലഹരി വിൽപന കൊണ്ട് അനധികൃതമായി സമ്പാദിച്ച സ്വത്തുക്കളെല്ലാം കണ്ടുകെട്ടുന്നതിനായുള്ള നടപടികളും പൊലീസ് തുടങ്ങിയിട്ടുണ്ട്. നിരന്തരമായി ലഹരിക്കേസില്‍ ഉള്‍പ്പെടുന്നവരെ കരുതല്‍ തടങ്കലിലടച്ച് ലഹരികടത്ത് കുറക്കുന്നതിനുള്ള നീക്കങ്ങളും നടത്തുന്നുണ്ട്.
1988ലെ മയക്കുമരുന്നുകളുടെയും ലഹരി വസ്തുക്കളുടെയും അനധികൃത കടത്തു തടയല്‍ നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരമാണ് നടപടി. 2024ൽ മലപ്പുറം തിരൂര്‍ പൂക്കയില്‍ പുഴക്കല്‍ വീട്ടില്‍ മുഹമ്മദ് റാഷിദ് (29)നെ ഇതുപ്രകാരം തിരുവനന്തപുരം ജയിലിലടച്ചു. 19.79 ഗ്രാം എം.ഡി.എം.എ കേസിൽ മേപ്പാടി സ്റ്റേഷനിലും, 68.598 ഗ്രാം എം.ഡിഎം.എ കേസിൽ മാനന്തവാടി എക്സൈസ് റേഞ്ച് സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കേസുണ്ട്.
വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരും -പൊലീസ് മേധാവി
ലഹരി മാഫിയക്ക് കൂച്ചുവിലങ്ങിടാന്‍ വയനാട് പൊലീസിന്റെ കര്‍ശന നടപടികള്‍ തുടരുമെന്ന് ജില്ല പോലീസ് മേധാവി തപോഷ് ബസുമതാരി പറഞ്ഞു. ജില്ല അതിര്‍ത്തികളിലും ജില്ലയിലെല്ലായിടത്തും കര്‍ശന പരിശോധനകള്‍ തുടരും. ജില്ലയിലേക്കും സംസ്ഥാനത്തേക്കുമുള്ള ലഹരി ഒഴുക്ക് തടയും. എന്‍.ഡി.പി.എസ് നിയമം മൂലം ലഹരി സംഘത്തെ തളക്കുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

