എച്ച്.ഐ.എം സ്കൂൾ പരിസരം സാമൂഹിക വിരുദ്ധരുടെ താവളം
text_fieldsഎച്ച്.ഐ.എം സ്കൂൾ റോഡ് പരിസരം
കൽപറ്റ: ഇരുട്ടിന്റെ മറവില്‍ കൽപറ്റ എച്ച്.ഐ.എം സ്കൂൾ പരിസര പ്രദേശത്ത് സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം വർധിക്കുന്നു. സ്കൂളിന് സമീപത്ത് കൂടെ കടന്നുപോകുന്ന റോഡിൽ മലമൂത്ര വിസർജനം നടത്തുന്നതോടൊപ്പം പരസ്യമദ്യപാനവും പതിവാകുന്നു. നിലവിൽ ഇതിലേ സഞ്ചരിക്കുന്ന വിദ്യാർഥികളടക്കം മൂക്കുപോത്തി നടക്കേണ്ട അവസ്ഥയാണ്.
സന്ധ്യമയങ്ങിയാല്‍ സംഘമായി എത്തുന്ന ചിലർ നടത്തുന്ന പരസ്യ മദ്യപാനവും അഴിഞ്ഞാട്ടവുമാണ് നാട്ടുകാര്‍ക്ക് തലവേദനയാകുന്നത്. മാസങ്ങൾക്ക് മുമ്പാണ് സ്കൂളിന് സമീപത്തുകൂടെ പള്ളിതാഴെ പ്രദേശത്ത് എത്തിപ്പെടാൻ ഉപയോഗിച്ചിരുന്ന ഇടുങ്ങിയ റോഡ് വീതികൂട്ടി സഞ്ചാര യോഗ്യമാക്കിയത്.
ഇതോടെ ഇതുവഴിയുള്ള പൊതു സഞ്ചാരം വർധിച്ചു. റോഡ് വീതി കൂട്ടുന്നതിന് മുമ്പ് പകൽ പോലും ഈ ഭാഗത്ത് മൂത്രമൊഴിക്കുന്നത് പതിവായിരുന്നു. ദുർഗന്ധം കാരണം ഇതിലൂടെ നടന്നു പോകാൻ പോലും കഴിയാത്ത സാഹചര്യമായിരുന്നു. റോഡ് നന്നാക്കിയതോടെ പകൽ സമയത്ത് കാര്യമായ പ്രശ്നങ്ങളില്ലെങ്കിലും രാത്രി സാമൂഹിക വിരുദ്ധർ താവളമാക്കുകയാണ്.
സമീപത്ത് ബത്തേരി, മാനന്തവാടി ഭാഗങ്ങളിലേക്ക് പോകുന്നവർ ബസ് കാത്തുനിൽക്കുന്ന നഗരത്തിലെ പ്രധാന ബസ് സ്റ്റോപ് ഉണ്ട്. യാത്രക്കാർ അടക്കം ഇവിടെ മൂത്രമൊഴിക്കുന്നത് സ്ഥിരം കാഴ്ചയാണ്. തെരുവിൽ കഴിയുന്നവരും നാടോടികളും തമ്മിലുള്ള പ്രശ്നങ്ങളും അസഹനീയമാണ്. ഇവർ തമ്മിലുള്ള അസഭ്യവര്‍ഷവും തലവേദനയാണ്. ദൂരെ സ്ഥലങ്ങളില്‍ ജോലി കഴിഞ്ഞെത്തുന്ന സ്ത്രീകളടക്കമുള്ള വഴിയാത്രക്കാര്‍ രാത്രികാലങ്ങളില്‍ ഭീതിയോടെയാണ് ഇതുവഴി യാത്ര ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

