തോരാതെ മഴ തീരാതെ ദുരിതം
text_fieldsകൽപറ്റ: കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത കനത്ത മഴയിൽ പലയിടങ്ങളിലും മണ്ണിടിഞ്ഞും മരം വീണും വീടുകൾക്കടക്കം പരക്കെ നാശം. കോട്ടത്തറ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കോട്ടത്തറ മണിയങ്കോട് റോഡ് ഒറ്റപ്പെട്ടു. വെണ്ണിയോട് ചെറിയ പുഴ കരകവിഞ്ഞു. നെൽവയലടക്കം വെള്ളത്തിലായി. ഒടിയോട്ടിൽ ഭാഗത്ത് വെള്ളം കയറി. പുഴക്കംവയൽ പ്രദേശങ്ങൾ, പുതുശ്ശേരിക്കുന്ന് എന്നിവിടങ്ങളിൽ വെള്ളം കയറി. വണ്ടിയാമ്പറ്റ-കൽപറ്റ റോഡിൽ പുഴ നിറഞ്ഞു കവിഞ്ഞതോടെ വെള്ളം കയറി. റോഡിൽ വെള്ളം നിറഞ്ഞതോടെ ഗതാഗത തടസ്സവും നേരിട്ടു.
മലയോര മേഖലയിൽ നാശനഷ്ടം
പൊഴുതന: കാലവർഷം ശക്തമായതോടെ പൊഴുതന പഞ്ചായത്തിലെ മലയോര മേഖലയിൽ കനത്ത നാശം.
രണ്ടു വീടുകൾക്ക് സമീപം മണ്ണിടിഞ്ഞു. പൊഴുതന അത്തിമൂല സ്വദേശി അനിത സന്തോഷ്, സുഗന്ധഗിരി അമ്പ സ്വദേശിനി വിജി വിൻസന്റ് എന്നിവരുടെ വീടുകളുടെ പിറക് വശമാണ് ഇടിഞ്ഞത്. ശ്രീപുരം സ്വദേശി തൊട്ടിയിൽ ഷബീറിന്റെ മതിലിനു മുകളിൽ മരം വീഴുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. മരം നാട്ടുകാർ ചേർന്നു മുറിച്ചുമാറ്റി. ഇതിന് പുറമെ സുഗന്ധഗിരി അഞ്ചാം യൂനിറ്റ് അടക്കമുള്ള ഭാഗങ്ങളിൽ മരം വീണ് വൈദ്യുതിത്തൂണുകൾ തകർന്നു. പ്ലാന്റേഷൻ, ചെന്നയ്കവല തുടങ്ങിയ പ്രദേശത്ത് വൈദ്യുതി തടസം നേരിട്ടു. ഇടിയംവയൽ പുഴയിൽ ജലനിരപ്പ് ഉയർന്നതിനാൽ ആദിവാസികൾ താമസിക്കുന്ന എ.ഇ.എം.എസ് കോളനി പ്രദേശത്തും ആനോത്ത്, മീഞ്ചൽ പ്രദേശത്തും വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

