പ്രവർത്തനം നിലച്ച ബ്രഹ്മഗിരിക്ക് സർക്കാറിന്റെ കരുതൽ, ക്ഷീരവികസന വകുപ്പ് വക 10 കോടി
text_fieldsകല്‍പറ്റ: പ്രവര്‍ത്തനം നിലച്ചതും കള്ളപ്പണം ഉൾപ്പെടെ സാമ്പത്തികാരോപണങ്ങള്‍ നേരിടുന്നതുമായ സി.പി.എം നിയന്ത്രണത്തിലുള്ള വയനാട് ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിക്ക് സംസ്ഥാന സര്‍ക്കാറിന്റെ കരുതൽ. 100 കോടിയോളം രൂപയുടെ ബാധ്യതയോടെ പ്രവർത്തനം നിലച്ച ബ്രഹ്മഗിരി സൊസൈറ്റിയുടെ ആധുനികവത്കരണത്തിനും പ്രവര്‍ത്തന മൂലധനവുമായി ക്ഷീര വികസന വകുപ്പ് 10 കോടി രൂപ അനുവദിച്ച് കഴിഞ്ഞദിവസം ഉത്തരവിറക്കി.
ധന വകുപ്പിന്റെയും ബ്രഹ്മഗിരി സൊസൈറ്റിയുടെയും കത്തിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചതെന്ന് അഡീഷനൽ ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവിൽ പറയുന്നു. സാമ്പത്തികാരോപണങ്ങള്‍ നേരിടുന്ന സ്ഥാപനത്തിന് വലിയ തുക അനുവദിച്ചത് സർക്കാറിനെതിരെ വലിയ വിമര്‍ശനത്തിന് കാരണമാകും. മൂന്നുവർഷം മുമ്പ് പ്രവർത്തനം നിലച്ച സൊസൈറ്റിക്ക് കഴിഞ്ഞവര്‍ഷം സംസ്ഥാന ബജറ്റില്‍ 10 കോടി രൂപ വകയിരുത്തിയിരുന്നു.
നിക്ഷേപകർക്കും ജീവനക്കാർക്കുമായി കോടികൾ ബാധ്യതയുള്ള സൊസൈറ്റിക്കെതിരെ കള്ളപ്പണ ആരോപണവുമായി നിക്ഷേപകനും മുൻ ജീവനക്കാരനുമായ കൽപറ്റ സ്വദേശി കഴിഞ്ഞദിവസം രംഗത്തെത്തിയത് വൻവിവാദമായിരുന്നു. 2021 ഡിസംബറിൽ ബ്രഹ്മഗിരി സൊസൈറ്റിയിൽ ലക്ഷങ്ങളുടെ കള്ളപ്പണം നിക്ഷേപിച്ചെന്നാണ് പാർട്ടി അംഗം കൂടിയായിരുന്ന മാട്ടിൽ നൗഷാദ് വെളിപ്പെടുത്തിയത്.
അതേസമയം, ബാധ്യതകള്‍ തീര്‍ക്കാന്‍ തുക വിനിയോഗിക്കരുതെന്ന നിബന്ധനയോടെയാണ് കൃഷി വകുപ്പ് തുക അനുവദിച്ചത്. 1.85 കോടി രൂപ സൊസൈറ്റിയുടെ ആധുനികവത്കരണത്തിനും 8.15 കോടി രൂപ സൊസൈറ്റിക്ക് കീഴിലെ കൃഷി, പച്ചക്കറി വിതരണം, കാപ്പി, പുല്‍കൃഷി, മാതൃകാ കൃഷി, കന്നുകാലി വാങ്ങല്‍ തുടങ്ങിയവക്കുള്ള പ്രവര്‍ത്തനമൂലധനവുമായാണ് അനുവദിച്ചത്. നിലവിൽ കൃഷി വകുപ്പ് അനുവദിച്ച തുക നിക്ഷേപകര്‍ക്ക് നൽകാൻ പാടില്ലെന്ന് നിബന്ധനയുള്ളതിനാൽ മാനേജ്മെന്റ് കൂടുതൽ പ്രതിസന്ധിയിലാകും.
ഫാക്ടറി അടച്ചുപൂട്ടിയതോടെ അറുന്നൂറോളം നിക്ഷേപകർക്ക് പലിശ പോലും കിട്ടാത്ത അവസ്ഥയായി. 45 കോടിയോളം രൂപ സൈാസൈറ്റിക്കുവേണ്ടി നിക്ഷേപമിറക്കിയവർക്ക് പലിശ സഹിതം 68 കോടിയോളം രൂപ നല്‍കാനുണ്ട്. സ്ഥാപനത്തിലെ ഇരുന്നൂറിലധികം ജീവനക്കാർക്ക് ശമ്പള ഇനത്തിൽ ലക്ഷങ്ങളും ബാധ്യതയായി. സൊസൈറ്റിയുടെ പേരിലെടുത്ത ബാങ്ക് വായ്പ ഇനത്തിലും കോടികൾ ബാധ്യതയുണ്ട്.
നിക്ഷേപ തുക തിരികെ ലഭ്യമാക്കുന്നതിന് 15 ദിവസത്തിനുള്ളില്‍ പാര്‍ട്ടിയും മാനേജ്‌മെന്റും നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ടുപോകാന്‍ കഴിഞ്ഞദിവസം നടന്ന ബ്രഹ്മഗിരി വിക്ടിംസ് ആക്ഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പാർട്ടി നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ സി.പി.എമ്മിന് വലിയ തലവേദനയുണ്ടാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

