ഇഞ്ചിവില കൂപ്പുകുത്തി; കർഷകർക്ക് കണ്ണീർ വിളവെടുപ്പ്
text_fieldsകര്‍ണാടകയിലെ തോട്ടത്തിലെ ഇഞ്ചി വിളവെടുപ്പ്
കല്പറ്റ: വിലക്കുറവ് കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ ഇഞ്ചികൃഷി നടത്തുന്ന കര്‍ഷകര്‍ക്ക് കനത്തപ്രഹരമായി. മുതല്‍മുടക്കുപോലും തിരിച്ചുപിടിക്കാനാകാത്ത സ്ഥിതിയിലാണ് കൃഷിക്കാര്‍. പഴയ ഇഞ്ചി ചാക്കിന് (60 കിലോ ഗ്രാം) 1750ഉം പുതിയ ഇഞ്ചിക്ക് 450-500ഉം രൂപയാണ് നിലവില്‍ വില. 300 രൂപയില്‍ താഴെ വിലയുള്ള മുളയിഞ്ചി വാങ്ങുന്നതില്‍ കച്ചവടക്കാര്‍ വിമുഖത കാട്ടുകയുമാണ്.
പഴയ ഇഞ്ചി ചാക്കിന് കഴിഞ്ഞവര്‍ഷം ഇതേസമയം 6000 രൂപയായിരുന്നു വില. രണ്ടു മാസം മുമ്പ് ഇത് 2600 രൂപയായിരുന്നു. വില ഉയരുമെന്ന പ്രതീക്ഷയില്‍ കര്‍ഷകരില്‍ ഏറെയും വിളവെടുപ്പ് നടത്തിയില്ല. എന്നാല്‍, കൃഷിക്കാരുടെ കണക്കുകൂട്ടലിന് വിപരീതമായി ഇഞ്ചിവില ഗണ്യമായി കുറഞ്ഞു. സ്ഥലത്തിെൻറ പാട്ടക്കാലാവധി കഴിഞ്ഞതിനാല്‍ ഇഞ്ചി വിളവെടുക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരുമായി.
പുതിയ ഇഞ്ചിവിലയില്‍ രണ്ടു മാസത്തിനിടെ 50 ശതമാനം കുറവാണ് ഉണ്ടായത്. ജൂലൈയില്‍ പുതിയ ഇഞ്ചി ചാക്കിന് 1000 രൂപയായിരുന്നു വില. കോവിഡ് പശ്ചാത്തലത്തില്‍ പ്രധാന വിപണികളുടെ പ്രവര്‍ത്തനം ഭാഗികമായതിനാല്‍ ഇഞ്ചി കയറ്റിപ്പോകാത്തതാണ് ഇപ്പോഴത്തെ വിലക്കുറവിെൻറ കാരണങ്ങളിലൊന്ന്.
ഇഞ്ചികൃഷിച്ചെലവ് ഓരോവര്‍ഷവും ഉയരുകയാണ്. ഒരേക്കറില്‍ ഇഞ്ചികൃഷി ചെയ്യുന്നതിന് ആറു ലക്ഷം രൂപ വരെയാണ് ചെലവ്. ഒരേക്കര്‍ കരഭൂമിക്ക് 80,000-ഒരുലക്ഷം രൂപയാണ് 18 മാസത്തേക്ക് പാട്ടം.
ജലസേചനസൗകര്യമുള്ള വയല്‍ ഏക്കറിന് ഒന്നര ലക്ഷം രൂപവരെ പാട്ടമായി നല്‍കണം. ഇഞ്ചിപ്പാടത്തെ പണിക്ക് തദ്ദേശ തൊഴിലാളികളില്‍ പുരുഷന്മാര്ക്ക് 500ഉം സ്ത്രീകള്‍ക്ക് 400ഉം രൂപയാണ് ചെലവില്ലാതെ ദിവസക്കൂലി.കേരളത്തില്‍നിന്ന് കൊണ്ടുപോകുന്ന തൊഴിലാളികള്‍ക്ക് ഇതില്‍ കൂടുതല്‍ കൂലി നല്‍കണം. ഭക്ഷണ-താമസ സൗകര്യവും ഒരുക്കണം.
കര്‍ണാടകയില്‍ മൈസൂരു, മാണ്ഡ്യ, ചാമരാജ്നഗര്‍, കുടക്, ശിവമൊഗ്ഗ ജില്ലകളിലാണ് പ്രധാനമായും കേരളത്തില്‍നിന്നുള്ള കര്‍ഷകരുടെ ഇഞ്ചികൃഷി. ഒറ്റക്കും കൂട്ടായും ഇഞ്ചികൃഷി നടത്തുന്ന മലയാളികളുടെ എണ്ണം ആയിരക്കണക്കിന് വരും. ഏതാനും വര്‍ഷങ്ങളായി തദ്ദേശീയരും ഇഞ്ചികൃഷി ചെയ്യുന്നുണ്ട്.
മെച്ചപ്പെട്ട വിളവും വിലയും ലഭിച്ചാല്‍ മാത്രമാണ് ഇഞ്ചികൃഷി ലാഭകരമാകുക. മണ്ണിെൻറ ഗുണവും മികച്ച പരിപാലനവും ഉയര്‍ന്ന വിളവിന് സഹായകമാണ്. ഏക്കറില്‍ 30,000 കിലോഗ്രാം വരെ വിളവ് ലഭിക്കുന്നവര്‍ കര്‍ഷകര്‍ക്കിടയില്‍ കുറവല്ല. മെച്ചപ്പെട്ട വിളവും ചാക്കിന് 3000 രൂപ വിലയും ലഭിച്ചാല്‍ കൃഷി ലാഭകരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

