ടൗൺഷിപ്പിൽ ജനറൽ ആശുപത്രി അനുബന്ധ കെട്ടിടവും
text_fieldsകൽപറ്റ: മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നിർമിക്കുന്ന കൽപറ്റയിലെ ടൗൺഷിപ്പിൽ കൽപറ്റ ജനറൽ ആശുപത്രിയുടെ അനുബന്ധ കെട്ടിടവും വരുന്നു. 45 കോടി രൂപ ചെലവിൽ നിർമിക്കുന്ന അനക്സ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ടൗൺഷിപ്പിന്റെ ഉദ്ഘാടന ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നിർവഹിക്കും. കെ.എസ്.എഫ്.ഇയിലെ ജീവനക്കാർ, ഉപഭോക്താക്കൾ എന്നിവരിൽ നിന്നും സമാഹരിച്ച തുക ഉപയോഗിച്ചാണ് നിർമാണം. ടൗൺഷിപ്പിലെ ആറ് ഏക്കറിൽ 65000 ചതുരശ്ര വിസ്തൃതിയിൽ അഞ്ച് നിലകളിലാണ് കെട്ടിടം നിർമിക്കുക.
പി.ഡബ്ല്യു.ഡി ആണ് നിർവഹണ ഏജൻസി. ഫിസിയോതെറപ്പി അടക്കം തുടർചികിത്സ ആവശ്യമുള്ള നിരവധി ദുരന്തബാധിതരുണ്ട്. ആരോഗ്യകേന്ദ്രം ഉയരുന്നതോടെ സൗജന്യമായി യാത്രയില്ലാതെ ചികിത്സ ലഭ്യമാകാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്. മാനസിക സാമൂഹിക പുനരധിവാസം, പുനരധിവസിപ്പിക്കപ്പെട്ട കുടുംബങ്ങൾക്കുള്ള പ്രാഥമിക റഫറൽ ആശുപത്രിയായി പ്രവർത്തിക്കുക, പരിക്കുകൾ, വൈകല്യങ്ങൾ, വിട്ടുമാറാത്ത രോഗങ്ങൾ എന്നിവക്ക് ദീർഘകാല തുടർ പരിചരണം നൽകുക എന്ന ലക്ഷ്യവും ഈ ആശുപത്രിക്കുണ്ട്. കേന്ദ്രത്തിൽ ഔട്ട്-പേഷ്യന്റ് ആൻഡ് ഇൻ-പേഷ്യന്റ് ബ്ലോക്കും കിടത്തി ചികിത്സയുമുണ്ടാകും.
പുരുഷ-സ്ത്രീ വാർഡുകൾ, ജനറൽ മെഡിസിനും അനുബന്ധ സ്പെഷാലിറ്റികൾക്കുമുള്ള മെഡിക്കൽ വാർഡുകൾ, ജനറൽ സർജറിക്കും അനുബന്ധ വിഭാഗങ്ങൾക്കുമുള്ള ശസ്ത്രക്രിയ വാർഡുകൾ, പകർച്ചവ്യാധികളുടെയും സാംക്രമിക രോഗങ്ങളുടെയും ഐസൊലേഷൻ വാർഡുകൾ, നഴ്സിങ് സ്റ്റേഷനുകൾ, രോഗി പരിചരണത്തിനായി ഓരോ വാർഡിലും ചികിത്സ മുറികൾ, ഡോക്ടർമാർക്കും നഴ്സുമാർക്കും ഡ്യൂട്ടി മുറികൾ, അണുബാധ നിയന്ത്രണ പ്രോട്ടോക്കോളുകൾ അനുസരിച്ചുള്ള യൂട്ടിലിറ്റി റൂമുകൾ, ടോയ്‌ലറ്റുകളും കുളിമുറികളും, കാത്തിരിപ്പ് സ്ഥലങ്ങൾ, ക്രിട്ടിക്കൽ കെയർ ബ്ലോക്ക്, കാഷ്വാലിറ്റി ബ്ലോക്ക്, ഡയഗ്നോസ്റ്റിക് സേവനങ്ങൾ എന്നിവയെല്ലാം ആരോഗ്യ കേന്ദ്രത്തിലുണ്ട്.
രോഗിയുടെ എണ്ണം അനുസരിച്ച് മതിയായ കൺസൾട്ടേഷൻ മുറികളുള്ള ജനറൽ ഔട്ട്-പേഷ്യന്റ് വിഭാഗം, മെഡിസിൻ, സർജറി, ഓർത്തോപീഡിക്സ്, പീഡിയാട്രിക്സ്, ഇഎൻടി, സൈക്യാട്രി, ഒഫ്താൽമോളജി, ഡെന്റൽ, പൾമണോളജി, മറ്റ് നോട്ടിഫൈഡ് സ്പെഷാലിറ്റികൾ എന്നിവയുൾപ്പെടെയുള്ള സ്പെഷാലിറ്റി ഒ.പി.ഡികൾ എന്നിവയും ഇവിടെ ഉണ്ടാകും. വിശാലമായ കാത്തിരിപ്പ് കേന്ദ്രങ്ങൾ, മുതിർന്ന പൗരന്മാർക്കും വൈകല്യമുള്ളവർക്കും പ്രത്യേക കൗണ്ടറുകളും, ഗർഭിണികൾക്കും ദുരന്തബാധിതർക്കും മുൻഗണനാ സേവനങ്ങളും, രോഗി കൗൺസിലിങ്, ക്ലിനിക്കൽ ലബോറട്ടറി , എക്സ്-റേ, അൾട്രാസൗണ്ട് പോലുള്ള റേഡിയോളജി സേവനങ്ങൾ, മൈനർ ഓപ്പറേഷൻ തിയേറ്റർ, മുറിവ് പരിചരണം, തുന്നൽ, കുത്തിവയ്പ്പുകൾ, ഡ്രസ്സിങ് സേവനങ്ങൾ എന്നിവയ്ക്കുള്ള മുറികൾ എന്നീ സൗകര്യങ്ങളുമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

