മാലിന്യം തള്ളിയാല്‍ നടപടി; പരിശോധിക്കാന്‍ സ്ക്വാഡുകള്‍
text_fieldsകൽപറ്റ: മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളിലും മറ്റും അലക്ഷ്യമായി വലിച്ചെറിയുന്നവര്‍ക്കെതിരെ നടപടിയെടുക്കാൻ കലക്ടറേറ്റിൽ ചേര്‍ന്ന യോഗത്തില്‍ ജില്ല കലക്ടര്‍ നിര്‍ദേശം നല്കി. ജില്ലയെ മാലിന്യ മുക്തമാക്കുന്നതില്‍ ഏവരുടെയും കൂട്ടായ പരിശ്രമവും സഹകരണവും വേണമെന്ന് കലക്ടര്‍ ഡോ. രേണുരാജ് പറഞ്ഞു. തദ്ദേശ സ്വയം ഭരണവകുപ്പിന്റെ മാലിന്യ സംസ്കരണ നടപടികളില്‍ എല്ലാവരും സഹകരിക്കണം. പൊതു ഇടങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച എന്‍ഫോഴ്സ്മെന്റ് ടീമിനൊപ്പം പോലീസ് സേനയെയും നിയോഗിച്ചിട്ടുണ്ട്.
ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ അതതു പ്രദേശങ്ങളിലെ വീടുകളിലും സ്ഥാപനങ്ങളിലും ശുചിത്വ മാലിന്യ സംസ്കരണ സംവിധാനം കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തണം. ഇതുസംബന്ധിച്ച വിവരങ്ങള്‍ തദ്ദേശ സ്വയംഭരണ വകുപ്പിന് കൈമാറണം. ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികള്‍ മാലിന്യം പാതയോരങ്ങളിലും മറ്റും തളളുന്ന പരാതികള്‍ കൂടിവരുന്നുണ്ട്. ഇക്കാര്യത്തില്‍ നടപടികളുണ്ടാകും. ടൂറിസം വകുപ്പ് വിനോദ സഞ്ചാരികള്‍ അലക്ഷ്യമായി മാലിന്യങ്ങള്‍ വലിച്ചെറിയുന്നില്ല എന്നത് ഉറപ്പുവരുത്തണം. എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ടേക്ക് എ ബ്രേക്ക് പൊതു ശുചിമുറികള്‍, വേസ്റ്റ് ബിന്‍ സൗകര്യം തുടങ്ങിയവ ഉറപ്പാക്കണം. റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ മാലിന്യങ്ങള്‍ പെരുകുന്നത് തടയാന്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കണം. വനം വകുപ്പ് അതത് തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് സ്ക്വാഡ് രൂപവത്കരിച്ച് വനപ്രദേശത്ത് മാലിന്യങ്ങള്‍ തള്ളുന്ന പ്രവണതകള്‍ തടയണം.
സര്‍ക്കാര്‍ വകുപ്പുകളും ഓഫിസുകളില്‍ മാലിന്യ സംസ്കരണം ഏകോപിപ്പിക്കുന്നതിനായി നോഡല്‍ ഓഫിസറെ ചുമതലപ്പെടുത്തണം. ഇതുസംബന്ധിച്ച മാർഗരേഖകള്‍ നിര്‍ബന്ധമായും പാലിക്കണം. പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതി പ്രവൃത്തികളുടെ പാഴ് വസ്തുക്കള്‍ ശാസ്ത്രീയമായ രീതിയില്‍ സംസ്കരിക്കാനുള്ള നടപടികള്‍ വകുപ്പ് സ്വീകരിക്കണം. പാതയോരങ്ങളിലെ കനാലുകളിലും മറ്റും മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം.
ആശുപത്രികളിലെ മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ നിയമാനുസൃതമായ സംവിധാനം ആരോഗ്യവകുപ്പ് പ്രയോജനപ്പെടുത്തണം. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ അഗ്നിരക്ഷാ സേന ഫയര്‍ ഓഡിറ്റ് സമയബന്ധിതമായി നടത്തണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാലിന്യങ്ങള്‍ തരംതിരിച്ച് ജൈവ മാലിന്യങ്ങള്‍ സ്കൂളില്‍ തന്നെ സംസ്കരിച്ച് ക്യാമ്പസ് കൃഷിക്കും പൂന്തോട്ട നിര്‍മ്മാണത്തിനും ഉപയോഗിക്കണം. കുട്ടികളില്‍ മാലിന്യ സംസ്കരണത്തിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുള്ള നടപടികൾ സ്കൂള്‍ അധികൃതര്‍ സ്വീകരിക്കണം.
ആദിവാസി കോളനികളിലും ശരിയായ മാലിന്യ സംസ്കരണ നടപടികള്‍ അധികതരുടെ മേല്‍നോട്ടത്തില്‍ നടത്തണമെന്നും കലക്ടര്‍ ഡോ. രേണുരാജ് നിർദേശം നല്കി. എ.ഡി.എം എന്‍.ഐ. ഷാജു, തദ്ദേശഭരണ ജോയിന്റ് ഡയറക്ടര്‍ ബെന്നി ജോസഫ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

