കാട്ടാനക്കലിയിൽ ഇക്കൊല്ലം പൊലിഞ്ഞത് നാലുജീവൻ
text_fieldsകൽപറ്റ: മനുഷ്യരുടെ ജീവനും സ്വത്തിനും ഒരു വിലയുമില്ലാത്ത നാടാകുകയാണ് വയനാടെന്ന ആരോപണം ശക്തമാണ്. ഈവർഷം കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലുപേരാണ്. മേപ്പാടി എരുമക്കൊല്ലി പൂളക്കുന്ന് ഉന്നതിക്കുസമീപം കാട്ടാനയുടെ ആക്രമണത്തിൽ അറുമുഖൻ (67) കൊല്ലപ്പെട്ടതാണ് ഒടുവിലത്തെ സംഭവം. വനാവകാശനിയമപ്രകാരം കാട്ടുനായ്ക്ക കുടുംബങ്ങൾക്ക് ഭൂമിയും വീടും നൽകിയ പ്രദേശമാണ് പൂളക്കുന്ന് ഉന്നതി. ഇവിടെ 15 കുടുംബമാണുള്ളത്. അറുമുഖന്റേതടക്കം തമിഴ് വംശജരായ രണ്ട് തോട്ടംതൊഴിലാളി കുടുംബങ്ങളും ഇവിടെ താമസിക്കുന്നുണ്ട്.
വ്യാഴാഴ്ച രാത്രി മേപ്പാടിയിലെ കടയിൽനിന്ന് വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് കാട്ടാന കൊന്നത്. തമിഴ്നാട്ടിൽനിന്ന് വർഷങ്ങൾക്ക് മുമ്പ് കേരളത്തിലെത്തയതാണ് അറുമുഖൻ. ഭാര്യ ലക്ഷ്മി മൂന്നുവർഷം മുമ്പാണ് മരണപ്പെട്ടത്. വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ മനുഷ്യർ കൊല്ലപ്പെടുമ്പോഴും കാര്യമായ പ്രതിരോധ നടപടികൾ വനംവകുപ്പ് സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും വ്യാപകമാണ്. ഈ വർഷം ജനുവരി എട്ടിനാണ് വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദ്യ മരണമുണ്ടായത്.
പുൽപള്ളി ചേകാടിയിൽ വെച്ച് സാധനങ്ങൾ വാങ്ങുന്നതിനായി കാട് മുറിച്ചു പോകുമ്പോൾ കുട്ട സ്വദേശി വിഷ്ണുവാണ് (22) കൊല്ലപ്പെട്ടത്. പിന്നീട് ഫെബ്രുവരി 11ന് തമിഴ്നാട് നീലഗിരി ജില്ലയിലെ അമ്പലമൂല നരിക്കൊല്ലിയിലെ മാനു നൂൽപ്പുഴ കാപ്പാട് ഉന്നതിക്ക് സമീപവും കൊല്ലപ്പെട്ടു. രാത്രി സാധനം വാങ്ങി കാപ്പാട് ഉന്നതിയിലേക്ക് പോകുമ്പോഴാണ് ആനയുടെ ആക്രമണം. ഫെബ്രുവരി 13ന് മേപ്പാടി അട്ടമലയിൽ വെച്ച് ഏറാട്ടുകുണ്ട് ഉന്നതയിലെ ബാലകൃഷ്ണനെ (27) കാട്ടാന കൊലപ്പെടുത്തി. 2024ൽ നാലുപേരും 2023ൽ അഞ്ചുപേരുമാണ് കാട്ടാനയുടെ ആക്രമണത്തിൽ മാത്രം വയനാട്ടിൽ കൊല്ലപ്പെട്ടത്.
അറുമുഖന്റെ മൃതദേഹം സംസ്കരിച്ചു
മേപ്പാടി: കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട എരുമകൊല്ലി പൂളക്കുന്ന് സ്വദേശി അറുമുഖന്റെ (67) മൃതദേഹം സംസ്കരിച്ചു. വീടിന് സമീപം തന്നെയാണ് ചിതയൊരുക്കിയത്. തനിച്ച് താമസിച്ചിരുന്ന അറുമുഖന്റെ വീട് ഇതോടെ ശൂന്യമായി. ഭാര്യ ലക്ഷ്മി നേരത്തെ മരണപ്പെട്ടിരുന്നു.
മക്കളായ സത്യനും രാജനും തമിഴ്നാട്ടിലെ തിരുനെല്‍വേലിയിലാണ് താമസം. അറുമുഖന്റെ മൃതദേഹം സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ നിന്നും പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് എരുമക്കൊല്ലിയില്‍ എത്തിച്ചത്. മുമ്പ് ഒരുമിച്ചു ജോലി ചെയ്തവരും നാട്ടുകാരും പരിചയക്കാരും ഉള്‍പ്പെടെ നിരവധിപേര്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തിയിരുന്നു. മൂത്തമകന് സത്യനും കുടുംബവും രണ്ടരയോടെ വീട്ടിലെത്തിയിരുന്നു. രാജന് എത്താന്‍ വൈകിയതോടെ വൈകീട്ട് നാലിനാണ് മൃതദേഹം സംസ്കരിച്ചത്.
നേരത്തെ പ്രദേശത്തുണ്ടായിരുന്ന പല കുടുംബങ്ങളും കാട്ടാനശല്യവും ഉരുള്‍പൊട്ടല്‍ ഭീതിയും കാരണം സ്ഥലം വിറ്റു മറ്റിടങ്ങളിലേക്ക് മാറിയപ്പോഴും അറുമുഖനും അയല്‍വാസിയായ രാമലിംഗവും പ്രദേശത്ത് തന്നെ തുടരുകയായിരുന്നു. അറുമുഖന്റെ സംസ്കാര ചടങ്ങിനെടെയും വനം വകുപ്പിനെതിരേ പ്രതിഷേധമുയര്‍ന്നു. യു.ഡി.എഫ് പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്.
മനുഷ്യര്‍ കൊല്ലപ്പെടുമ്പോഴും കൈയും കെട്ടി നോക്കിനില്ക്കുന്ന ശൈലി തിരുത്താന്‍ വനം വകുപ്പ് തയാറാകണമെന്ന് ഡി.സി.സി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന് സൗത്ത് വയനാട് ഡി.എഫ്.ഒയോട് ആവശ്യപ്പെട്ടു. വാക്കുതര്‍ക്കം രൂക്ഷമായതോടെ പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. സംസ്കാരത്തിനു ശേഷം അറുമുഖന്റെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപയുടെ അടിയന്തര ധനസഹായത്തിന്റെ ചെക്ക് ഡി.എഫ്.ഒ അജിത്ത് കെ. രാമന് കൈമാറി.
കാട്ടാന ഇരുമ്പു വേലി തകർത്തു
പുൽപള്ളി: മരകാവ് സെന്റ് തോമസ് പള്ളിയുടെ പറമ്പിന് ചുറ്റും സ്ഥാപിച്ച ഇരുമ്പ് വേലി കാട്ടാന ചവിട്ടി നശിപ്പിച്ചു. കോൺക്രീറ്റ് ചെയ്ത ഇരുമ്പ് തൂണുകളിൽ സ്ഥാപിച്ച വേലിയാണ് കാട്ടാന നശിപ്പിച്ചത്. എഴ് അടി ഉയരത്തിൽ 500 മീറ്റർ നീളത്തിൽ മൂന്നുമാസം മുമ്പ് സ്ഥാപിച്ച വേലിയാണ് കാട്ടാന ചവിട്ടി മറിച്ചിട്ടത്. ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചതെന്ന് ഇടവക ഭാരവാഹികൾ പറഞ്ഞു.
കാട്ടാന നശിപ്പിച്ച കമ്പിവേലി
വേലി മറിച്ചിട്ട ശേഷം കാട്ടാന കൃഷിയിടത്തിൽ കയറി വാഴ, തെങ്ങ്, കാപ്പി മുതലായവ കാർഷിക വിളകളും നശിപ്പിച്ചു. വർഷങ്ങളായി വന്യമൃഗ ശല്യം തുടർച്ചയായി നേരിടേണ്ടി വന്നതുകൊണ്ടാണ് ഇടവകക്കാരുടെ സഹകരണത്തോടെ പള്ളിപ്പറമ്പിന് ചുറ്റും 500 മീറ്റർ നീളത്തിൽ കമ്പിവേലികൾ സ്ഥാപിച്ചത്. സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ ഉചിതമായ നഷ്ടപരിഹാരം നൽകുമെന്ന് അറിയിച്ചു. കാട്ടാന പള്ളിയോട് ചേർന്ന് മറ്റ് കൃഷിയിടങ്ങളിലും വ്യാപകമായി നാശനഷ്ടം വരുത്തുകയും ചെയ്യുന്നുണ്ട്.
കുങ്കിയാനയെ മേപ്പാടിയിലെത്തിച്ചു
മേപ്പാടി: നാട്ടിലിറങ്ങിയ കാട്ടാനകളെ ഉൾ വനത്തിലേക്ക് തുരത്താൻ കുങ്കിയാനകളെ എത്തിച്ചു. രണ്ട് കുങ്കിയാനകളെയാണ് വനം വകുപ്പധികൃതർ എത്തിച്ചത്. ഉണ്ണികൃഷ്ണൻ, വിക്രമൻ എന്നീ ആനകളെയാണ് എരുമക്കൊല്ലിയിലെത്തിച്ചത്.
മേപ്പാടി എരുമക്കൊല്ലിയിലെത്തിച്ച ഉണ്ണികൃഷ്ണനെന്ന കുങ്കിയാന
നിക്ഷിപ്ത വനമേഖലയോട് ചേർന്നു കിടക്കുന്ന പ്രദേശമാണ് പൂളക്കുന്ന്. മിക്കവാറും ദിവസങ്ങളിൽ പ്രദേശത്ത് കാട്ടാനകളുടെ സാന്നിധ്യമുള്ളതായി നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. കുങ്കിയാനകളുടെ സഹായത്തോടെ കാട്ടാനകളെ ഉൾവനത്തിലേക്കോടിക്കാനാണ് വനം വകുപ്പിന്റെ പദ്ധതി.
പ്രതിഷേധം തണുപ്പിക്കാനാകാതെവനം വകുപ്പ്
കാട്ടാന പ്രതിരോധത്തിനുള്ള നടപടികൾ എങ്ങുമെത്താത്തതാണ് പ്രതിഷേധം ശക്തമാകാൻ കാരണം
മേപ്പാടി: കാട്ടാന ആക്രമണത്തിൽ എരുമക്കൊല്ലി പൂളക്കുന്ന് ഉന്നതിയിലെ അറുമുഖൻ (67) മരിച്ചതിനെതിരെ വ്യാഴാഴ്ച രാത്രി തന്നെ വലിയ പ്രതിഷേധമുയർന്നു. വ്യാഴാഴ്ച രാത്രി ഒനതോടെയായിരുന്നു സംഭവം. രണ്ട് മാസത്തിനിടയിൽ ഗ്രാമ പഞ്ചായത്ത് അതിർത്തിക്കുള്ളിൽ രണ്ടാമത്തെ മരണമാണ് എരുമക്കൊല്ലി പൂളക്കുന്ന് ഉന്നതിയിലെ അറുമുഖന്റെത്.
സംഭവത്തെത്തുടർന്ന് സ്ഥലത്തെത്തിയ സൗത്ത് വയനാട് ഡി.എഫ്.ഒ അജിത്.കെ.രാമൻ അടക്കമുള്ള വനംവകുപ്പുദ്യോഗസ്ഥർക്കെതിരെ ശക്തമായ പ്രതിഷേധമുണ്ടായി. കാട്ടാന പ്രതിരോധത്തിനുള്ള നടപടികൾ എങ്ങുമെത്താത്തതാണ് പ്രതിഷേധം ശക്തമാകാൻ കാരണം. അട്ടമല എറാട്ടറക്കുണ്ട് ഉന്നതിയിലെ ബാലകൃഷ്ണൻ (27) കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഫെബ്രുവരി 12ന് പുലർച്ചെയായിരുന്നു. അതിന്റെ നടുക്കം വിട്ടുമാറുന്നതിനു മുമ്പാണ് രണ്ടാമത്തെ മരണമുണ്ടായത്.
കാട്ടാന ആക്രമണത്തിലുണ്ടായ മരണത്തെത്തുടർന്ന് സ്ഥലത്തെത്തിയ വനം വകുപ്പുദ്യോഗസ്ഥരോട് നാട്ടുകാർ പ്രതിഷേധിക്കുന്നു
ആക്രമണകാരിയായ ആനയെ മയക്കുവെടി വെച്ച് പിടികൂടാൻ നടപടി ഉണ്ടാകാതെ മൃതദേഹം നീക്കം ചെയ്യാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു ആദ്യം നാട്ടുകാർ. പ്രദേശത്തെ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും ജനപ്രതിനിധികളുമെല്ലാം ചേർന്ന് ഏറെ പാടുപെട്ടാണ് പ്രതിഷേധം ശമിപ്പിച്ചത്. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിക്ക് ശേഷമാണ് അറുമുഖന്റെ മൃതദേഹം സംഭവ സ്ഥലത്തു നിന്ന് നീക്കാൻ കഴിഞ്ഞത്. തുടർന്ന് മൃതദേഹം സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വെള്ളിയാഴ്ച രാവിലെ ഇൻക്വസ്റ്റ് നടപടിക്ക് ശേഷം പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ഉച്ച കഴിഞ്ഞ് 2.30 ഓടെയാണ് പൂളക്കുന്ന് ഉന്നതിയിലെത്തിച്ചത്. അറുമുഖന്റെ ഇളയ മകൻ തമിഴ്നാട്ടിൽ നിന്നെത്താൻ കാത്തുനിന്നതിനാൽ വൈകീട്ടോടെയാണ് വീട്ടുവളപ്പിൽ സംസ്കാര ചടങ്ങ് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

