വനാവകാശ നിയമം അട്ടിമറിക്കുന്നു; ആദിവാസികൾ പെരുവഴിയിൽ
text_fieldsവനവിഭവ ശേഖരണത്തിനായികടച്ചിക്കുന്നിൽ നിർമിച്ച പട്ടികവർഗ സൊസൈറ്റി ഉപയോഗശൂന്യമായ നിലയിൽ
കൽപറ്റ: 2006ലെ വനാവകാശ നിയമവും ആദിവാസികളുടെ സ്വയംഭരണാവകാശവും അട്ടിമറിച്ചുകൊണ്ടുള്ള വനംവകുപ്പിെൻറ ഇടപെടല്‍ തുടര്‍ക്കഥയാകുന്നു. ജില്ലയിൽ ഗോത്രവര്‍ഗത്തില്‍പ്പെട്ടവരെ വനത്തില്‍ പ്രവേശിക്കുന്നത് വിലക്കുന്ന പ്രവണത വർധിക്കുകയാണ്. വനാവകാശ കമ്മിറ്റികൾ പ്രവർത്തിക്കുന്ന മിക്ക ഊരുകളിലും വനവിഭവങ്ങൾ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ടും കോളനി വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനും വനംവകുപ്പിലെയും മറ്റും ഉദ്യോഗസ്ഥര്‍ തടസ്സം നിൽക്കുന്നതായാണ് ആരോപണം.
വനാവകാശ നിയമമനുസരിച്ച് പരമ്പരാഗതമായി വനത്തിൽ താമസിക്കുന്നവർക്ക് വനവിഭവങ്ങൾ ശേഖരിച്ചു വിൽപന നടത്തുന്നതിന് തടസ്സമില്ല. വനത്തില്‍നിന്നു വിഭവങ്ങള്‍ ശേഖരിച്ച് വില്പനക്കെത്തിക്കാനുള്ള അനുമതി പത്രം ഊരുമൂപ്പന്മാരുടെ പക്കലുള്ളപ്പോഴാണ് കാട്ടില്‍ കയറരുതെന്ന കർശന നിർദേശം ഇവർക്ക് വിനയാകുന്നത്. പരമ്പരാഗതമായി കിഴങ്ങും മുളയും തേനും അടക്കമുള്ള വനവിഭവങ്ങള്‍ ശേഖരിച്ചും പുഴകളിൽനിന്ന് മീൻപിടിച്ചുമാണ് വനത്തോട് ചേർന്നു താമസിക്കുന്ന ആദിവാസി കുടുംബങ്ങള്‍ ജീവിക്കുന്നത്. എന്നാൽ, വനവിഭവങ്ങള്‍ ശേഖരിക്കുന്നത് പോയിട്ട് വിറകൊടിക്കാന്പോലും വനത്തിനുള്ളിലേക്ക് കയറ്റിവിടുന്നില്ലെന്ന് ആദിവാസി കുടുംബങ്ങൾ പറയുന്നു.
കിലോമീറ്ററുകള്‍ വനത്തില്‍ സഞ്ചരിച്ചു തേനെടുത്തും മീൻപിടിച്ചും മറ്റുമാണ് പല കുടുംബങ്ങളും ഉപജീവനം നടത്തിയിരുന്നത്. തേനെടുക്കാനോ വിറകുശേഖരിക്കാനോ പോകുമ്പോള്‍ വനപാലകർ തടയുകയാണ്. ജില്ലയിൽ വനാവകാശ കമ്മിറ്റികൾ പ്രവർത്തിക്കുന്ന ശേഖരൻ കുണ്ട്, കടച്ചിക്കുന്ന്, കുറ്റിയാംവയൽ, മമ്മിക്കുന്ന് എന്നീ ആദിവാസി കോളനികളിലെ ആദിവാസികളുടെ പ്രധാന വരുമാന മാര്‍ഗം വനവിഭവ ശേഖരണമാണ്. ജില്ലയിൽ മാത്രം നൂറോളം കോളനിക്കാണ് സർക്കാർ അവകാശം നൽകിയിട്ടുള്ളത്. എന്നാൽ, 2012ൽ വനരേഖ കിട്ടിയ പലരും ഇവരുടെ അവകാശങ്ങളെ കുറിച്ച് അജ്ഞരാണ്.
പല കോളനികളിലും ഊര് കൂട്ടം നടത്താത്തതും ആദിവാസികളെ ഉപയോഗിച്ച് മറ്റുള്ളവർ സൊസൈറ്റികൾ രൂപവത്കരിച്ചു വരുമാനം കണ്ടെത്തുന്നതും കുടുംബങ്ങൾക്ക് തിരിച്ചടിയായി.
വനത്തില്‍നിന്ന് തേനും മറ്റു വിഭവങ്ങളും ശേഖരിക്കാന്‍ മമ്മിക്കുന്ന് കോളനിയിലെ കാട്ടുനായ്ക്ക വിഭാഗക്കാര്‍ക്ക് അനുമതി നല്‍കിക്കൊണ്ടുള്ള രേഖകള്‍ ഊരുമൂപ്പെൻറ കൈവശമുണ്ടെങ്കില്‍പ്പോലും ഉദ്യോഗസ്ഥരുടെ നിര്‍ദേശമനുസരിച്ചേ തങ്ങള്‍ക്ക് മുന്നോട്ടു പോകാനാകൂ എന്നാണ് കോളനിയിലുള്ളവര്‍ പറയുന്നത്. സാമൂഹിക വനാവകാശപ്രകാരം ആദിവാസിക്ക് സ്വയംനിര്‍ണയാവകാശം സാധ്യമാണെന്നിരിക്കേ, ഇത്തരമൊരു നീക്കം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുമുണ്ടാകുന്നത് ഗുരുതര പിഴവായിത്തന്നെ പരിഗണിക്കേണ്ടതുണ്ടെന്നാണ് സാമൂഹികപ്രവര്‍ത്തകരുടെ വാദം.
വനാവകാശ നിയമത്തെ അതിെൻറ കൃത്യമായ അര്‍ഥത്തില്‍ മനസ്സിലാക്കാതെ, ആദിവാസിക്ക് പട്ടയവിതരണം നടത്തുന്ന ഒരു പദ്ധതിയായി അവതരിപ്പിക്കുന്ന ഉദ്യോഗസ്ഥരും അധികൃതരുമാണ് ഇത്തരം നീതിനിഷേധങ്ങളുടെ ഉത്തരവാദികൾ. അടിസ്ഥാനപരമായി ആദിവാസികളെയോ, അവരുടെ സ്വയംഭരണാവകാശത്തെയോ, വനാവകാശത്തേയോ, അംഗീകരിക്കാന്‍ വനം, പട്ടികവര്‍ഗ, റവന്യൂ വകുപ്പുകൾ തയാറാകുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

