അസൗകര്യങ്ങൾക്കിടയിലും വയനാട്ടിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്
text_fieldsകഴിഞ്ഞ ദിവസം കാരാപ്പുഴ ഡാം സന്ദർശിച്ചവർ
കൽപറ്റ: പരിമിതികൾക്കിടയിലും വിനോദസഞ്ചാരികളുടെ പറുദീസയായി വയനാട്. അവധി ദിവസങ്ങളിലെല്ലാം സഞ്ചാരികളെ കൊണ്ട് നിറയുകയാണ് ജില്ല. അതുകൊണ്ടുതന്നെ വയനാട്ടിലെത്താനുള്ള ഏക മാർഗമായ ചുരം അവധി ദിവസങ്ങളിൽ വാഹനങ്ങൾ കൊണ്ട് വീർപ്പുമുട്ടുകയും ചെയ്യും.
കഴിഞ്ഞ പൂജ അവധി ശനിയും ഞായറും കഴിഞ്ഞുള്ള ദിവസമായതിനാൽ നാലുദിവസമാണ് ആഘോഷിക്കാൻ കിട്ടിയത്. നാലുദിവസംകൊണ്ട് 1,25,745 പേർ വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തിയതായാണ് കണക്ക്. ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികളെത്തുന്ന ബാണാസുര സാഗർ ഡാമിൽ ഈ ദിവസങ്ങളിൽ 35,372 പേരാണ് സന്ദർശനം നടത്തിയത്. ഈ വകയിൽ കെ.എസ്.ഇ.ബിക്ക് 35.77 ലക്ഷം രൂപ വരുമാനം ലഭിക്കുകയും ചെയ്തു.
കഴിഞ്ഞ ഓണക്കാലത്തെ ഏഴു ദിവസത്തെ വരുമാനം 40 ലക്ഷം രൂപയായിരുന്നു. ഓരോ ദിവസം കഴിയുന്തോറും സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധന ഉണ്ടാവുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഗോത്രപൈതൃക ഗ്രാമമായ എൻ ഊരിൽ നാല് ദിവസം 8059 പേരാണ് സന്ദർശിച്ചത്. 6.08 ലക്ഷം രൂപയാണ് വരുമാനമായി ലഭിച്ചത്.
ജില്ലയിൽ ഈ ദിവസങ്ങളിൽ ആകെ 81.58 ലക്ഷം രൂപയുടെ വരുമാനം ടൂറിസം കേന്ദ്രങ്ങളിൽ ലഭിച്ചതായാണ് കണക്കുകൾ. വിനോദ സഞ്ചാരികളുടെ ഒഴുക്ക് നാൾക്കുനാൾ വർധിക്കുമ്പോഴും അവർക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ ബന്ധപ്പെട്ടവർ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കുന്നില്ലെന്ന പരാതി ഉയരുന്നുണ്ട്.
പല വിനോദ സഞ്ചാരകേന്ദ്രങ്ങളിലും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യങ്ങൾ പോലും കുറവാണ്. പല സ്ഥലങ്ങളിലും ഇവയുടെ എണ്ണവും നാമമാത്രമാണ്. പൂക്കോട് തടാകത്തിൽ ലൈഫ് ഗാർഡ് ഇല്ലാതായിട്ട് മാസങ്ങളായി. എടക്കൽ, കുറുവദ്വീപ് പോലുള്ള സ്ഥലങ്ങളിൽ നിശ്ചിത ആളുകൾക്കാണ് പ്രവേശനം അനുവദിക്കുന്നത്.അത് കൊണ്ടുതന്നെ അവധി ദിവസങ്ങളിൽ ചുരം കയറുന്ന നിരവധി പേർ ഇവിടങ്ങളിലെത്തി തിരിച്ചുപോവേണ്ടി വരാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

