കൽപറ്റ: ജൂണ്‍ ഒന്നിന് അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെ ജില്ലയിലെ ഏതാനും സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് ഫിറ്റ്‌നസ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിന് ശാശ്വത പരിഹാരം കാണുന്നതിന് സര്‍ക്കാര്‍ സഹായം തേടാന്‍ ജില്ല വികസന സമിതി യോഗം തീരുമാനിച്ചു.
ആസ്ബസ്‌റ്റോസ് ഷീറ്റുള്ള സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് കോടതി ഉത്തരവു പ്രകാരം നിലവില്‍ നിയമതടസ്സമുണ്ട്. ഇത്തരത്തില്‍ 19 സര്‍ക്കാര്‍ സ്‌കൂളുകളാണ് ജില്ലയിലുള്ളത്.
ഈ കെട്ടിടങ്ങളുടെ മേല്‍ക്കൂര മാറ്റുന്നതിന് എസ്റ്റിമേറ്റ് തയാറാക്കി സര്‍ക്കാറിന്റെ പരിഗണനക്ക് നല്‍കാന്‍ ജില്ല കലക്ടര്‍ എ. ഗീതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ല വികസന സമിതി യോഗം തീരുമാനിച്ചു.
സ്ഥിരം സംവിധാനം വരുന്നത് ക്ലാസുകൾ തുടങ്ങുന്നതിന് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കും. എല്‍.പി-യു.പി വിഭാഗത്തില്‍പെടുന്ന ഈ സ്‌കൂള്‍ കെട്ടിടങ്ങളുടെ മേല്‍ക്കൂര മാറ്റുന്നതിനും പുതിയ കെട്ടിടം നിർമിക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് അപര്യാപ്തമാണെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരക്കാര്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് തീരുമാനം. ജൂണ്‍ ഒന്നിന് നടക്കുന്ന പ്രവേശനോത്സവം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.
ജപ്തിയില്‍ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണം
ബാങ്കുകള്‍ ജപ്തി നടപടികളുടെ കാര്യത്തില്‍ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്നും ഇക്കാര്യത്തില്‍ ലീഡ് ബാങ്കിന്‍റെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടല്‍ വേണമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരക്കാര്‍ ആവശ്യപ്പെട്ടു. തദ്ദേശ സ്ഥാപനതലങ്ങളില്‍ അദാലത്തുകളും മറ്റും നടത്തി ജപ്തി നടപടികള്‍ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്‍റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടികള്‍ ജില്ലയില്‍ വിജയമാക്കിയ മുഴുവന്‍ ഉദ്യോഗസ്ഥരെയും കലക്ടര്‍ അഭിനന്ദിച്ചു.
ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി നിതി ആയോഗിന്‍റെ ആഭിമുഖ്യത്തില്‍ ആസ്പിരേഷനല്‍ ജില്ലയായ വയനാട്ടിലെ വിദ്യാർഥികള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. സര്‍വിസില്‍നിന്ന് വിരമിക്കുന്ന ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസര്‍ കെ.സി. ചെറിയാന്‍, സർവേ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. അനില്‍കുമാര്‍, ഹയര്‍ സെക്കൻഡറി സ്‌കൂള്‍ കോഓഡിനേറ്റര്‍ കെ. പ്രസന്ന എന്നിവര്‍ക്ക് യോഗം യാത്രയയപ്പ് നല്‍കി. യോഗത്തില്‍ കല്‍പറ്റ നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ്, എ.ഡി.എം എൻ.ഐ. ഷാജു, ജില്ല പ്ലാനിങ് ഓഫിസര്‍ ആർ. മണിലാല്‍, മറ്റു ജില്ലതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഭക്ഷ്യവിഷബാധതടയുന്നതിന് മുന്‍കരുതൽ
ജില്ലയില്‍ ഭക്ഷ്യവിഷബാധ തടയുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചു വരുന്നതായി ജില്ല കലക്ടര്‍ യോഗത്തില്‍ അറിയിച്ചു. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകളുടെയും ഹോട്ടല്‍-റസ്‌റ്റാറന്‍റ് പ്രതിനിധികളുടെയും യോഗങ്ങള്‍ വിളിച്ചുചേര്‍ക്കുകയും സ്‌ക്വാഡുകളുടെ പരിശോധന ഊര്‍ജിതമാക്കുകയും ചെയ്തിട്ടുണ്ട്.
ടൂറിസം പ്രാധാന്യമുള്ള ജില്ലയില്‍ ഭക്ഷ്യവിഷബാധ ഗൗരവത്തോടെ കാണണമെന്നും തദ്ദേശ സ്ഥാപനങ്ങളെ കൂടി ഉള്‍പ്പെടുത്തി ബന്ധപ്പെട്ടവരുടെ യോഗങ്ങള്‍ വിളിച്ചുചേർത്ത് അടിയന്തര നടപടികള്‍ വേണമെന്നും ടി. സിദ്ദീഖ് എം.എല്‍.എ ആവശ്യപ്പെട്ടു.
പട്ടികജാതി- പട്ടികവര്‍ഗ ഭവനങ്ങളുടെ ചോര്‍ച്ച പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍, ഗോത്രസാരഥി പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാറിലേക്ക് സമയബന്ധിതമായി പ്രൊപ്പോസല്‍ സമര്‍പ്പിക്കുന്നത് സംബന്ധിച്ച വിഷയം, ചേനമല-എടഗുണി കേളനികളിലെ മതില്‍ നിർമാണവുമായി ബന്ധപ്പെട്ട വിഷയം തുടങ്ങിയവയും എം.എൽ.എ യോഗത്തില്‍ ഉന്നയിച്ചു.
പുതിയ പാലത്തിന് നിർദേശം
ദേശീയപാതയില്‍ കല്‍പറ്റ നഗരത്തിലേക്കുള്ള പ്രവേശന ഭാഗത്ത് അയ്യപ്പ ക്ഷേത്രത്തിനു സമീപമുള്ള വീതികുറഞ്ഞ പാലത്തോടു ചേര്‍ന്ന് പുതിയ പാലം നിർമിക്കുന്നതിന് പ്രൊപ്പോസല്‍ തയാറാക്കാന്‍ കല്‍പറ്റ നിയോജക മണ്ഡലം എം.എല്‍.എ ടി. സിദ്ദീഖിന്‍റെ ആവശ്യപ്രകാരം യോഗം തീരുമാനിച്ചു.
ഇവിടെ നിലവിലുള്ള പാലം പൂര്‍ണമായി ഗതാഗതത്തിന് ക്രമീകരിക്കണമെന്നും അപകടകാരണമാകുന്ന കുഴി അടക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
ഉടന്‍ നിർമാണം തുടങ്ങാനിരിക്കുന്ന കല്‍പറ്റ ബൈപാസ് നവീകരണത്തിന് മുന്നോടിയായി വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി തുടങ്ങിയ വകുപ്പുകളുടെ സര്‍വിസ് ലൈനുകള്‍ മാറ്റിസ്ഥാപിക്കുന്നതിനും ഇതിനകം ഫണ്ട് ലഭ്യമായ വൈത്തിരി ഫയര്‍ സ്റ്റേഷന്‍ നിർമാണത്തിന് സ്ഥലം ലഭ്യമാക്കുന്നതിനും അടിയന്തര നടപടി വേണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.