തീപിടിത്ത നിയന്ത്രണം: ജാഗ്രതയോടെ വനം ജീവനക്കാർ
text_fieldsകൽപറ്റ: വേനൽ കടുക്കുകയും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തീപിടിത്തം പതിവാകുകയും ചെയ്തതോടെ അഗ്നിരക്ഷാ സേനക്കൊപ്പം വനം ജീവനക്കാരും അതീവ ജാഗ്രതയിൽ. ജനുവരി മുതൽതന്നെ വനംവകുപ്പ് തീപിടിത്ത പ്രതിരോധ പ്രവർത്തനങ്ങളുമായി രംഗത്തുണ്ട്.
മനുഷ്യർ വനത്തിനുള്ളിൽ കയറി തീയിടാതിരിക്കാൻ വലിയ ജാഗ്രതയാണ് വനം ജീവനക്കാർ പുലർത്തുന്നത്. 24 മണിക്കൂറും വനത്തിനുള്ളിൽ കാവലേർപ്പെടുത്തിയും നിരീക്ഷണം ഊർജിതമാക്കിയുമാണ് പ്രവർത്തനം. ഇതിനായി ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക വാച്ചർമാരെ വനംവകുപ്പ് നിയോഗിക്കുന്നുണ്ട്.
ഫണ്ടിന്റെ അപര്യാപ്തത കാരണം മികച്ച ഉപകരണങ്ങളും പ്രതിരോധ സംവിധാനങ്ങളും ഒരുക്കാൻ പ്രയാസം നേരിടുന്നുണ്ടെങ്കിലും പല ഭാഗങ്ങളിലും ഇത്തവണയും ഫയർലൈനുകൾ നിർമിച്ചിട്ടുണ്ട്. ഉൾവനങ്ങളിൽ തീപിടിച്ചാൽ അണക്കൽ വളരെ ശ്രമകരമാണ്. പ്രതിരോധ
സംവിധാനങ്ങൾ തീപടരുന്ന പ്രദേശങ്ങളിൽ എത്തിക്കുക പ്രയാസകരമാവും. വെള്ളമെത്തിക്കലും ഫയർലൈൻ സ്ഥാപിച്ച് തീ നിയന്ത്രണവിധേയമാക്കലും ഏറെ വെല്ലുവിളി നിറഞ്ഞ പ്രവൃത്തിയാണ്.
കാട്ടുതീ പ്രതിരോധത്തിനും വന്യജീവി സംഘർഷ ലഘൂകരണത്തിനുമായി പ്രവർത്തിക്കുന്ന വനം വകുപ്പിലെ താൽക്കാലിക വാച്ചർമാർക്ക് കാട്ടിൽ ക്യാമ്പ് ചെയ്യുന്നതിനുള്ള ഉപകരണങ്ങൾ കഴിഞ്ഞ മാസങ്ങളിൽ ലഭ്യമാക്കിയിരുന്നു. കാട്ടുതീ പ്രതിരോധ ബോധവത്കരണത്തിന്റെ ഭാഗമായി വിവിധ പരിപാടികളും വനംവകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നുണ്ട്.
വിവിധ സംഘടനകളുമായി സഹകരിച്ചാണ് ബോധവത്കരണ പ്രവർത്തനങ്ങൾ. വിദ്യാർഥികളിലടക്കം പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിന് ക്യാമ്പുകളും ചിത്രരചന, വോളിബാൾ മത്സരങ്ങളും ബോധവത്കരണ റാലികളും വനംവകുപ്പ് സംഘടിപ്പിച്ചിരുന്നു.
എങ്ങനെ തീപിടിക്കുന്നു?
കാട്ടുതീ അധികവും രൂപപ്പെടുന്നതിന് കാരണം മനുഷ്യർ തന്നെയാണെന്നാണ് വനം വകുപ്പിലെ ഉദ്യോഗസ്ഥർ പറയുന്നത്. മനുഷ്യർ തീകൊടുക്കുമ്പോഴോ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നത് കാരണമോ ഉണ്ടാവുന്നതാണ് പല തീപിടിത്തങ്ങളും.
അലക്ഷ്യമായി ഉപേക്ഷിക്കുന്ന സിഗരറ്റ് കുറ്റി, യന്ത്രങ്ങളിൽ നിന്നുണ്ടാകുന്ന തീപ്പൊരി, വൈദ്യുത ലൈനുകളിൽ നിന്നുണ്ടാകുന്ന തീ തുടങ്ങിയവയും കാട് കത്താൻ കാരണമാവുന്നു.
മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമായതിനാൽ വനംവകുപ്പിനോടുള്ള പ്രതിഷേധം കാരണം കാടിന് മനപൂർവം ആരെങ്കിലും തീയിടുമോ എന്ന ആശങ്കയും ജീവനക്കാർക്കുണ്ട്. വനത്തിന് സമീപമുള്ള ചില സ്വകാര്യ തോട്ടങ്ങൾ കാടുപിടിച്ചു കിടക്കുന്നത് ഒഴിവാക്കാൻ മനപൂർവം തീയിടുന്ന സംഭവങ്ങളും പലയിടത്തും ഉണ്ടാവുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു.
ഇത്തരം സംഭവങ്ങൾ ചിലപ്പോൾ നിയന്ത്രണാതീതമായി മറ്റ് പ്രദേശങ്ങളിലേക്ക് തീപടരുന്ന അവസ്ഥയുമുണ്ടാവാറുണ്ട്. ‘കാടില്ലെങ്കിൽ നാടുമില്ല’ എന്ന അവബോധം പൊതുജനങ്ങളിൽ രൂപപ്പെടേണ്ട ആവശ്യകതയിലേക്കാണ് ഇത്തരം സംഭവങ്ങൾ വിരൽചൂണ്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.