വയനാട്ടിൽ ചെറുവിമാനത്താവളം സാധ്യതാപഠനം തുടങ്ങി
text_fieldsവയനാട് എയർസ്ട്രിപ്പിനു വേണ്ടി സംസ്ഥാന ട്രാൻസ്പോർട്ട്
സെക്രട്ടറി ബിജു പ്രഭാകറിന്റെ നേതൃത്വത്തിൽ സ്ഥല പരിശോധന നടത്തുന്നു
കൽപറ്റ: വയനാട് എയര്‍ സ്ട്രിപ്പിനായുള്ള സാധ്യത പഠനം തുടങ്ങി. ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറിയും കെ.എസ്.ആര്.ടി.സി എം.ഡിയുമായ ബിജു പ്രഭാകറിന്റെ നേതൃത്വത്തില്‍ ഇതിനായി സ്ഥല പരിശോധന നടന്നു. പരിഗണനയിലുള്ള കല്പറ്റ ഹെല്‍സ്റ്റണ്‍ എസ്റ്റേറ്റാണ് കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് മാനേജിങ് ഡയറക്ടര്‍ ദിനേശ് കുമാര്‍, എയര്‍പോര്‍ട്ട് ടെക്നിക്കല്‍ എക്സ്പേര്‍ട്ട് മോഹന്‍ ചന്ദ്രന്, റവന്യൂ-വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുൾപ്പെടുന്ന സംഘം പരിശോധിച്ചത്.
മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നിർദേശ പ്രകാരമാണ് സന്ദര്‍ശനം. നിർദിഷ്ട സ്ഥലം പദ്ധതിക്ക് അനുയോജ്യമാണോ എന്ന പ്രാഥമിക പരിശോധനയാണ് നടത്തിയത്. ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതോടൊപ്പം വയനാടിന്റെ വികസനത്തില്‍ നാഴികക്കല്ലാവുന്ന തരത്തിലൊരു പദ്ധതി ഏറെ നാളായി ജില്ലയുടെ ആവശ്യങ്ങളിലൊന്നാണ്.
പദ്ധതി എങ്ങനെ നടപ്പാക്കണം, ഇതോടനുബന്ധിച്ച് നടപ്പാക്കുന്ന മറ്റ് വികസന പദ്ധതികള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യുന്നതിന് പൊതുമരാമത്ത് മന്ത്രിയുടെ അധ്യക്ഷതയില്‍ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ഉടന്‍ ചേരും.
എല്‍.എ ഡെപ്യൂട്ടി കലക്ടര്‍ വി. അബൂബക്കര്‍, സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്ന കരിം, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ പി. റഷീദ് ബാബു, വൈത്തിരി തഹസില്‍ദാര്‍ സജി, കല്പറ്റ വില്ലേജ് ഓഫിസര്‍ ബാലന്, ചേംബര്‍ ഓഫ് കോമേഴ്സ് ഭാരവാഹികള്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

