ലഹരിക്കടത്ത് വ്യാപകം
text_fieldsഅഖിൽ. ലിന്റോ. മിൻഹാജ് ബാസിം
കൽപറ്റ: പൊലീസും എക്സൈസ് വകുപ്പും നിതാന്ത ജാഗ്രത പുലർത്തുമ്പോഴും ജില്ലയിൽ ലഹരിക്കടത്ത് വ്യാപകമാകുന്നു. അതിർത്തി ചെക്ക്പോസ്റ്റുകളിലൂടെ അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ ഉൾപ്പടെയുള്ള ലഹരി മരുന്നുകളുടെ കടത്ത് വൻ തോതിൽ വർധിച്ചിട്ടുണ്ട്. ഒരാഴ്ചക്കുള്ളിൽ മാത്രം 170 ഗ്രാമിലധികം എം.ഡി.എം.എയാണ് വയനാട്ടിൽ നിന്ന് പിടികൂടിയത്. ഇതിലും എത്രയോ ഇരട്ടി പിടിക്കപ്പെടാതെ ഏജൻസികളുടെയോ ഉപഭോക്താക്കളുടെ കൈയിലെത്തുന്നു.
മുത്തങ്ങ പൊലീസ് എയ്ഡ് പോസ്റ്റിനു സമീപം കെ.എസ്.ആർ.ടി.സി ബസിൽ കടത്തിക്കൊണ്ടു വരികയായിരുന്ന 49.54 ഗ്രാം എം.ഡി.എം.എയുമായി മുട്ടിൽ സ്വദേശി മിൻഹാജ് ബാസിമി (24) നെ കഴിഞ്ഞ ദിവസം ബത്തേരി പൊലീസ് പിടികൂടി.
ഇത്രയും വലിയ തോതിൽ എം.ഡി.എം.എ എത്തിയതിന്റെ ഉറവിടത്തേക്കുറിച്ചു പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. ബത്തേരി പൊലീസ് നടത്തിയ മറ്റൊരു പരിശോധനയിൽ മുത്തങ്ങയിൽ നിന്ന് തന്നെ എം.ഡി.എം.എയുമായി കോഴിക്കോട്, തൃശൂർ സ്വദേശികളായ രണ്ടു പേരും പിടിയിലായി. കോഴിക്കോട് ഒളവണ്ണ സ്വദേശി അഖിൽ (27), തൃശൂർ കാരിയാൻ വീട്ടിൽ കെ.എഫ്. ലിന്റോ(34) എന്നിവരെയാണ് 8.94 ഗ്രാം എം.ഡി.എം.എയുമായി അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽ നിന്ന് വാങ്ങി അമിത ലാഭത്തിന് വിൽപ്പനക്കായി കൊണ്ടുവന്ന രാസലഹരിയാണ് ഇവരിൽ നിന്ന് പിടിച്ചത്.
വൈത്തിരിയിലെ ഹോം സ്റ്റേയില്‍ ഡി.ജെ പാർട്ടിക്ക് എത്തിച്ച 10.20 ഗ്രാം എം.ഡി.എം.എയുമായി ഒമ്പത് യുവാക്കളെയും മുത്തങ്ങയില്‍ നിന്ന് 45.79 ഗ്രാം എം.ഡി.എം.എയുമായി ഒരു യുവാവിനെയും പിടികൂടിയത് കഴിഞ്ഞ ദിവസങ്ങളിലാണ്.
കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണി ഐവറികോസ്റ്റ് സ്വദേശി ഡാനിയൽ എംബോ എന്ന അബുവിനെ കഴിഞ്ഞ ദിവസം ബംഗളൂരുവില്‍നിന്ന് തിരുനെല്ലി പൊലീസും വയനാട് ഡാൻസാഫ് ടീമും സംയുക്തമായി പിടികൂടിയിരുന്നു. വയനാട് കേന്ദ്രീകരിച്ച് നടന്ന ലഹരി ഇടപാട് സംബന്ധിച്ച അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
കഴിഞ്ഞ വർഷം നവംബറിൽ കാട്ടിക്കുളം പൊലീസ് എയ്ഡ് പോസ്റ്റിന് സമീപം വാഹന പരിശോധനക്കിടെ മാരുതി കാറിൽ കടത്തിയ 106 ഗ്രാം എം.ഡി.എം.എയുമായി മലപ്പുറം സ്വദേശികളായ മൂന്നുപേരെ പിടികൂടിയിരുന്നു. ഇവർ നൽകിയ മൊഴിയിൽ കൂട്ടുപ്രതിയെ ബാംഗളൂരുവിൽനിന്നും പിടികൂടി. ഇയാൾ ഒറ്റപ്പാലം സ്വദേശിയിൽ നിന്നാണ് എം.ഡി.എം.എ വാങ്ങിയതെന്നും ഡാനിയലാണ് ഇയാൾക്ക് നൽകുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് മനസിലായിരുന്നു.
കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണ് ഡാനിയേൽ എന്നാണ് പൊലീസ് പറയുന്നത്. മറ്റു ജില്ലകളിലേക്ക് ലഹരി മരുന്ന് കടത്തുന്നതിനുള്ള ഹബ്ബായി മാറുകയാണ് വയനാട്. ലഹരിക്കടത്തോ ഉപയോഗമോ ശ്രദ്ധയിൽപ്പെട്ടാൽ വിവരം ഉടൻ പൊലീസിലോ മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടോ അറിയിക്കണമെന്നും ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ല പൊലീസ് മേധാവി പദം സിങ് അറിയിച്ചു. വാട്സ് ആപ്പ് നമ്പർ (യോദ്ധാവ്): 9995966666.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

