പഠനം മുടങ്ങും; സ്കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ വേണ്ട
text_fieldsകൽപറ്റ: മഴക്കാലത്ത് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കാൻ സ്കൂളുകൾവേണ്ടെന്ന് ജില്ല കലക്ടർ. മഴക്കാലത്ത് ആളുകളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപാർപ്പിക്കാൻ 251 ദുരിതാശ്വാസ ക്യാമ്പുകൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇതിൽ കൂടുതലും സ്കൂളുകളായതിനാൽ സ്കൂളുകൾ അല്ലാത്ത സുരക്ഷിതമായ കെട്ടിടങ്ങൾ ഗ്രാമപഞ്ചായത്തുകൾ കണ്ടെത്തണമെന്നും ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ നിർദേശിച്ചു. വ്യാഴാഴ്ച കലക്ടറേറ്റിൽ ചേർന്ന മഴക്കാല മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കലക്ടർ.
സ്കൂളുകളിൽ ക്യാമ്പ് ആരംഭിച്ചാൽ കുട്ടികളുടെ പഠനം മുടങ്ങും. ഇത് ഒഴിവാക്കണം. സുരക്ഷിതമായ മറ്റ് കെട്ടിടങ്ങൾ കണ്ടെത്താനായി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടർ ഗ്രാമപഞ്ചായത്തുകളുടെ യോഗം വിളിച്ചശേഷം റിപ്പോർട്ട് നൽകണമെന്നും കലക്ടർ പറഞ്ഞു.
ജില്ലയിലെ പൊതുമരാമത്ത് റോഡുകളിലെ കുഴി അടക്കുന്ന പ്രവൃത്തി 80 ശതമാനം പൂർത്തിയായതായി പൊതുമരാമത്ത് (റോഡ്) വിഭാഗം ഉദ്യോഗസ്ഥ അറിയിച്ചു. ബാക്കി പ്രവൃത്തി മഴക്ക് മുമ്പ് തീർക്കും. വൈദ്യുതി ലൈനുകൾക്ക് മേൽ ചാഞ്ഞ മരങ്ങളും ചില്ലകളും വെട്ടിമാറ്റുന്ന പ്രവൃത്തി ഹൈടെൻഷൻ ലൈനിൽ 80 ശതമാനം പൂർത്തിയായതായി കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ അറിയിച്ചു.
തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി കുളം നവീകരണ പ്രവൃത്തി, ബണ്ട് നിർമാണം എന്നിങ്ങനെ ജലസ്രോതസ്സുകൾ ശുദ്ധീകരിക്കുന്ന 411 പ്രവൃത്തികൾ ഏപ്രിലിന് ശേഷം പൂർത്തിയാക്കിയതായി തൊഴിലുറപ്പ് വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. പടിഞ്ഞാറത്തറ ഡാം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയതായും ഉദ്യോഗസ്ഥൻ അറിയിച്ചു. ഗ്രാമീണ റോഡുകൾ ജലവിതരണ പദ്ധതിക്കായി വെട്ടിപൊളിച്ചശേഷം കുഴി മണ്ണിട്ട് മൂടാത്തത് ഭീഷണിയാണെന്ന് അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹഫ്സത്ത് ടി കെ ചൂണ്ടിക്കാട്ടി.
പൊഴുതന ഗ്രാമപഞ്ചായത്തിൽ സ്കൂളുകൾ അല്ലാതെ മറ്റു കെട്ടിടങ്ങൾ ദുരിതാശ്വാസ ക്യാമ്പ് ആയി കണ്ടെത്താൻ പ്രയാസമാണെന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു കെ വി ചൂണ്ടിക്കാട്ടി. കോഴിക്കോട്-വൈത്തിരി-ഗൂഡല്ലൂർ റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാത്ത കാര്യം മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ ഉണ്ണിക്കൃഷ്ണൻ ശ്രദ്ധയിൽപ്പെടുത്തി.
കാന്തൻപാറ വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന റോഡും തകർച്ചയിലാണ്. മരങ്ങൾ മുറിക്കുന്നതിൽ പൊതുമരാമത്ത് വിഭാഗം കാലവിളംബം വരുത്തുന്നതായി മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബാബു പറഞ്ഞു.
ഉൾക്കാടുകളിൽ പെയ്യുന്ന മഴയുടെ വിവരം ലഭ്യമാക്കണമെന്ന് ജില്ല കലക്ടർ വനം വകുപ്പിന് നിർദേശം നൽകി. സുഗന്ധഗിരി ഭാഗത്ത് റേഞ്ച് പ്രശ്നം ഉള്ളതിനാൽ അവിടെ ആശയവിനിമയത്തിന് ബദൽ സംവിധാനമുണ്ടാക്കണം. മുണ്ടക്കയം-ചൂരൽമല ഉരുൾപൊട്ടലിന്റെ അവശിഷ്ടങ്ങൾ മഴക്കാലത്ത് അപകടങ്ങൾ വരുത്താതിരിക്കാൻ മുൻകരുതൽ സ്വീകരിക്കണം.
വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റ് ജനപ്രതിനിധികൾ, എ.ഡി.എം കെ. ദേവകി, സബ് കലക്ടർ മിസാൽ സാഗർ ഭരത്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടർ കെ.കെ. വിമൽരാജ്, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

