ഉത്പാദനക്ഷമതക്കും തൊഴിലിനും പ്രാധാന്യം നൽകി ജില്ലാ പഞ്ചായത്ത് ബജറ്റ്
text_fieldsജില്ല പഞ്ചായത്ത് വാർഷിക ബജറ്റ് വൈസ് പ്രസിഡന്റ് ടി. ഹംസ അവതരിപ്പിക്കുന്നു
കൽപറ്റ: ഉത്പാദനക്ഷമത വർധിപ്പിക്കുകയും ഗ്രാമീണ തൊഴിലവസര മേഖലയെ സജീവമാക്കുകയും ക്ഷീരവികസനത്തിലൂടെ വരുമാനം ഉയർത്തുന്നതും ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് ബജറ്റ്. 82.54 കോടി രൂപ വരവും 81.68 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന വാർഷിക ബജറ്റാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ അവതരിപ്പിച്ചത്. വിദ്യാഭ്യാസ മേഖലയിലെ ഗുണനിലവാരം ഉയർത്തി ഭൗതിക സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായിയുള്ള പദ്ധതികൾ ആവിഷ്കരിക്കും. പൊതുജനാരോഗ്യം ശക്തിപ്പെടുത്തി ശുദ്ധജല വിതരണം കാര്യക്ഷമമാക്കുന്നതിനും ബജറ്റിൽ മുൻഗണന നൽകിയിട്ടുണ്ട്.
സാമൂഹ്യരംഗത്ത് സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനും പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ ക്ഷേമത്തിനും മുൻതൂക്കം നൽകി. പാർപ്പിട സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും കുടിവെള്ള വിതരണത്തിനും കൃഷി മേഖലയിലെ സമഗ്ര വളർച്ചക്കുമായി ഗണ്യമായ തുക ബജറ്റിൽ വകയിരുത്തി. പൊതുവിഭാഗത്തിൽ ലഭിക്കുന്ന 20.49 കോടിയിൽ ഉൽപാദന മേഖലയിൽ 6.18 കോടിയും സേവന മേഖലയിൽ 11.15 കോടിയും പശ്ചാത്തല മേഖലയിൽ 3.20 കോടിയും വകയിരുത്തി.
പ്രത്യേക ഘടക പദ്ധതിയിൽ ലഭിക്കുന്ന 3.35 കോടിയിൽ സേവന മേഖലയിൽ 225.7 ലക്ഷവും, പശ്ചാത്തല മേഖലയിൽ 100 ലക്ഷവും വകയിരുത്തി. പട്ടികവർഗ ഉപപദ്ധതിയിൽ സംസ്ഥാന ബജറ്റിൽ വകയിരുത്തിയ 23.64 കോടിയിൽ ഉത്പാദന മേഖലയിൽ 4.2 കോടിയും സേവന മേഖലയിൽ 14.5 കോടിയും പശ്ചാത്തല മേഖലയിൽ 5.15 കോടിയും ഉപമേഖല വിഭജനത്തിൽ വകയിരുത്തി.
ജൻഡർ വികസനത്തിന് 434.39 ലക്ഷം രൂപയും വയോജനങ്ങൾ, പാലിയേറ്റീവ് വിഭാഗങ്ങൾക്കായി 216.10 ലക്ഷവും കുട്ടികളും ശാരീരിക വെല്ലുവിളിയും നേരിടുന്നവർക്കായി 273.32 ലക്ഷവും നീക്കിവെച്ചു. കാർഷിക മേഖലയിൽ ഡ്രയർ സംവിധാനം നടപ്പാക്കാനും നെൽകൃഷി കൂലി ചെലവ് സബ്സീഡി വിതരണം ആദ്യഘട്ടത്തിൽ നടപ്പാക്കും.
ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ വ്യവസായ പാർക്ക് നിർമിക്കാൻ 280 ലക്ഷം മാറ്റിവെച്ചു. സ്വയം തൊഴിൽ സംരംഭകർക്കായും വനിതാ ക്ഷേമം ലക്ഷ്യമാക്കിയും നൂതന പദ്ധതികൾ ആവിഷ്കരിക്കും. ജില്ലയിലെ ദുരന്ത നിവാരണ വിഭവങ്ങളുടെ വിവരങ്ങൾ ഏകീകരിച്ച് ഒറ്റ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കും.
നൂതന പദ്ധതികളായി കാർഷിക വിളകൾക്ക് രാസവള കീടനാശിനി പ്രയോഗത്തിനായി ഡ്രോൺ സംവിധാനം ഉപയോഗപ്പെടുത്തൽ, പ്രതികൂല കാലാവസ്ഥയിലും കാർഷിക വിളകൾ ഉണക്കുന്നതിനായി ഡ്രൈയർ സംവിധാനം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ജിനി തോമസ്, വി.എൻ ശശീന്ദ്രൻ, സൽമ മൊയി, ഗിരിജ കൃഷ്ണൻ, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാർ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ, കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഹനീഫ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ ജീവനക്കാർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

