രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി; പ്രതിഷേധമിരമ്പി
text_fieldsരാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ ജില്ല കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ കല്പറ്റ ടെലിഫോണ്‍ എക്സ്ചേഞ്ച് ഓഫിസ് മാര്‍ച്ച്
കല്പറ്റ: രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടിക്കെതിരെ വയനാട്ടില്‍ ആളിക്കത്തി പ്രതിഷേധം. ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്പറ്റ ടെലിഫോണ്‍ എക്സ്ചേഞ്ച് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും മോദി സര്‍ക്കാറിനെതിരായ സമരപ്രഖ്യാപനമായി മാറി.
ഓഫിസ് കവാടത്തിൽ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് പ്രവർത്തകർ മാറ്റാൻ ശ്രമിച്ചതോടെ സമരം സംഘർഷത്തിൽ കലാശിച്ചു. പൊലീസ് സംയമനം പാലിച്ചതിനാൽ വലിയ അനിഷ്ട സംഭവങ്ങളുണ്ടായില്ല. ഒരു മണിക്കൂറോളം ദേശീയപാത ഉപരോധിച്ച നേതാക്കളെയും പ്രവർത്തകരെയും പിന്നീട് പൊലീസ് അറസ്റ്റുചെയ്ത നീക്കുകയായിരുന്നു.
ഇന്ത്യയുടെ ജനാധിപത്യമൂല്യങ്ങളെ തകര്‍ക്കാനുള്ള മോദി സര്‍ക്കാറിന്റെ ഹീനമായ ശ്രമത്തിനെതിരെ ശനിയാഴ്ച ജില്ലയില്‍ കരിദിനം ആചരിച്ചതിന്റെ ഭാഗമായാണ് കൽപറ്റയിൽ പ്രതിഷേധ പ്രകടനവും ടെലിഫോൺ എക്സ്ചേഞ്ച് മാർച്ചും നടത്തിയത്.
രാവിലെ 11 ഓടെ കല്പറ്റ നഗരസഭ ഓഫിസ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ചിൽ നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു. മോദിക്കും അമിത് ഷാക്കുമെതിരെ മുദ്രാവാക്യങ്ങള്‍ മുഴങ്ങി. പുതിയ ബസ് സ്റ്റാൻഡ് ചുറ്റി ടെലിഫോണ്‍ എക്സ്ചേഞ്ചിന് മുന്നിലെത്തിയയോടെ പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു.
തുടർന്ന് ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്. നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ പിന്തിരിപ്പിച്ചതോടെയാണ് രംഗം ശാന്തമായത്. പിന്നീട് ദേശീയപാത ഉപരോധിച്ച് നടന്ന യോഗത്തിന് ശേഷം നേതാക്കളും പ്രവർത്തകരും അറസ്റ്റ് വരിക്കുകയായിരുന്നു.
സമരം കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഭരണകൂടത്തിന്റെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയെന്ന ധർമം നിർവഹിക്കുന്ന പ്രതിപക്ഷത്തെ അടിച്ചമര്‍ത്തി ജനാധിപത്യത്തെ കാരാഗൃഹത്തിലടക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മോദിയും അദാനിയും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടിയതാണ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കാനുള്ള കാരണങ്ങളിലൊന്ന്. രാജ്യത്തുടനീളം 24 കേസുകളാണ് രാഹുല്‍ ഗാന്ധിക്കെതിരെ എടുത്തത്. എന്നിട്ടും ധൈര്യത്തോടെ പറയേണ്ടത് പറഞ്ഞ് ഒരിഞ്ച് പിന്നോട്ടുപോവാന്‍ തയാറാകാത്തയാളാണ് രാഹുല്‍ ഗാന്ധിയെന്നും സിദ്ദിഖ് പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന് അധ്യക്ഷത വഹിച്ചു. കെ.കെ. എബ്രഹാം, കെ.എല്‍. പൗലോസ്, പി.കെ. ജയലക്ഷ്മി, പി.പി. ആലി, എന്‍.കെ. വര്‍ഗീസ്, ടി.ജെ. ഐസക്, വി.എ. മജീദ്, ഒ.വി. അപ്പച്ചന്, എം.എ. ജോസഫ്, എന്‍.എം. വിജയന്, എം.ജി. ബിജു, ബിനു തോമസ്, നിസി അഹമ്മദ്, പി.കെ. അബ്ദുറഹ്മാന്, പി. ശോഭനാകുമാരി, ചിന്നമ്മ ജോസ്, ഡി.പി. രാജശേഖരന്, ശ്രീകാന്ത് പട്ടയന്‍, പോള്‍സണ്‍ കൂവക്കല്‍, എച്ച്.ബി. പ്രദീപ് മാസ്റ്റര്‍, ഉലഹന്നാന് നീറന്താനം, പി.ഡി. സജി, മോയിന്‍ കടവന്‍, സി. ജയപ്രസാദ്, സില്‍വി തോമസ്, ഉമ്മര്‍ കുണ്ടാട്ടില്‍, മാണി ഫ്രാന്‍സിസ്, സംഷാദ് മരക്കാര്‍, അമല്‍ ജോയി തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു.
പനമരം: രാഹുൽഗാന്ധി എം.പിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് പനമരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പനമരം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

