ചേലോട് മാലിന്യം തള്ളൽ അതിരൂക്ഷം ദുരിതം പേറി യാത്രക്കാർ
text_fieldsകൽപറ്റ: ചുണ്ടേൽ ദേശീയപാതയിൽ ചേലോട് എസ്റ്റേറ്റിന് ഇടയിൽ ആളൊഴിഞ്ഞ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് മാലിന്യം തള്ളുന്നത് വർധിക്കുന്നു.പൊഴുതന, വൈത്തിരി പഞ്ചായത്തുകൾ അതിർത്തിപങ്കിടുന്ന പ്രദേശത്താണ് വൻതോതിൽ മാലിന്യം തള്ളുന്നത്.
രാത്രിയിൽ വലിയ വാഹനങ്ങളിൽ കൊണ്ടുവന്നാണ് പാതക്കരികിലെ ഓവുചാലിൽ മാലിന്യം തള്ളുന്നത്. അസഹ്യ ദുർഗന്ധമാണിവിടെ.
ഹോട്ടൽ അവശിഷ്ടങ്ങൾ, ബാർബർ ഷോപ്പിൽ നിന്നുള്ള മാലിന്യം എന്നിവയും ചാക്കിൽ കെട്ടി വഴിയരികിൽ തള്ളുന്നു. കാൽനടക്കാരും ഇരുചക്രവാഹനങ്ങളിൽ പോകുന്നവരുമാണ് ഇതുമൂലം ഏറെ പ്രയാസപ്പെടുന്നത്. പ്രദേശത്ത് തെരുവ് നായ്ശല്യവും രൂക്ഷമാണ്.
മാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവ് നായ്ക്കൾ കാൽനടക്കാർക്കും വാഹനങ്ങൾക്കും അപകട ഭീഷണിയാകുന്നു.
പക്ഷിമൃഗാദികൾ മാലിന്യം കൊത്തിവലിച്ച് സമീപത്തെ ജലാശയങ്ങളിലും മറ്റും ഇടുന്നതായും പ്രദേശവാസികൾ പരാതിപ്പെടുന്നു. ഈ ഭാഗങ്ങളിൽ റോഡരികിലെ തെരുവു വിളക്കുകൾ സ്ഥാപിച്ചിട്ടില്ല. പ്രദേശത്തെ മാലിന്യ നിക്ഷേപം തടയാൻ സി.സി.ടി.വി കാമറകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.