സിദ്ധാർഥന്റെ മരണം; കൊമ്പുകോർത്ത് എം.എൽ.എയും മുൻ എം.എൽ.എയും
text_fieldsകൽപറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളെ എത്തിച്ച കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥനെ കാണാനെത്തിയ ഇടതു മുൻ എം.എൽ.എയും ആരാണ് അനുവാദം കൊടുത്തതെന്ന ചോദ്യവുമായി വലതു പാർട്ടി എം.എൽ.എയും പരസ്പരം കൊമ്പുകോർക്കുമ്പോൾ കേസിൽ രാഷ്ട്രീയ പോര് മുറുകുന്നു.
കഴിഞ്ഞ ദിവസം പ്രതികളെ ഹാജരാക്കുന്ന സമയത്ത് മുൻ എം.എല്‍.എ സി.കെ. ശശീന്ദ്രന് ആര്‍ക്കുവേണ്ടിയാണ് മജിസ്ട്രേറ്റിന്റെ ചേംബറിൽ പോയതെന്നും പിന്നില്‍ സി.പി.എമ്മിന്റെ തീരുമാനമാണെന്നും ടി. സിദ്ദീഖ് എം.എല്‍.എ ആരോപിച്ചിരുന്നു. ഇതിനെതിരെ തിങ്കളാഴ്ച സി.കെ. ശശീന്ദ്രൻ, സി.പി.എം ജില്ല സെക്രട്ടറി പി. ഗഗാറിൻ എന്നിവർ വാർത്തസമ്മേളനം നടത്തിയിരുന്നു.
എസ്.എഫ്.ഐയുടെ പരസ്യ വിചാരണയുടെ ഭാഗമായാണ് മരണം നടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞുവെന്ന തരത്തിൽ വാർത്ത പ്രചരിക്കുന്നുണ്ടായിരുന്നു. അത് ഉദ്യോഗസ്ഥനോട് അന്വേഷിക്കാനാണ് പ്രതികളെ ഹാജരാക്കിയ ദിവസം കോടതിയിൽ പോയതെന്നാണ് മാധ്യമപ്രവർത്തകരോട് അവരുടെ മറുപടി. എന്നാൽ, പൂക്കോ
ട് സർവകലാശാല ബോർഡ് ഓഫ് മാനേജ്മെന്റ് മെംബറായിട്ടും ടി. സിദ്ദീഖ് എം.എൽ.എ സംഭവം നടന്നിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും എന്താണ് അവിടെ സംഭവിച്ചതെന്ന് അന്വേഷിക്കാനെത്തിയില്ലെന്ന് നേതാക്കൾ ആരോപിച്ചു.
കഴിഞ്ഞ ദിവസം സമരം ചെയ്യാനാണ് ടി. സിദ്ദീഖ് സർവകലാശാലയിൽ വന്നത്. ഭരണസമിതിയുടെ പ്രധാനപ്പെട്ട ആളായിട്ടും ഗുണ്ടയെ പോലെ ആളുകളെ കൂട്ടി കോളജിന്റെ ഗേറ്റ് തള്ളിത്തുറന്ന് അകത്തുകയറാനാണ് ശ്രമിച്ചത്. സ്ഥലം എം.എൽ.എ എന്ന നിലക്ക് യൂനിവേഴ്സിറ്റിയുടെ മുഴുവൻ കാര്യങ്ങളും അറിഞ്ഞിരിക്കേണ്ട ആളായിട്ടും ഒന്നും ചെയ്തില്ലെന്ന് അവർ ആവർത്തിച്ചു. സിദ്ധാർഥനെ കൊന്നതാണെന്ന് പറയുമ്പോൾ അത് തെളിയിക്കാനുള്ള ഉത്തരവാദിത്തം സിദ്ദീഖിനുണ്ടെന്നും പാർട്ടി നേതാക്കൾ ആരോപിച്ചിരുന്നു.
ചൊവ്വാഴ്ച വാർത്തസമ്മേളനം നടത്തിയ ടി. സിദ്ദീഖ് എം.എൽ.എ, പ്രതികളെ കൊണ്ടുപോകുന്ന സ്ഥലത്ത് പോയി ഡിവൈ.എസ്.പിയെ കാണാൻ സി.കെ. ശശീന്ദ്രന് ആരാണ് അനുവാദം കൊടുത്തതെന്നും കേരളത്തിലെ ആഭ്യന്തര മന്ത്രികൂടിയായ മുഖ്യമന്ത്രി പറഞ്ഞിട്ടാണോ അവിടെ പോയതെന്നുമുള്ള ചോദ്യം ആവർത്തിച്ചു.
പ്രതികളെ ഹാജരാക്കുന്ന മജിസ്ട്രേറ്റിന്റെ ചേംബറിന് മുന്നിലേക്ക് പോകുന്നു, അവിടെനിന്ന് പുറത്താക്കിയ സമയം അവിടെ കശപിശ കൂടുകയായിരുന്നു. സി.കെ. ശശീന്ദ്രൻ നടത്തിയ ഇടപെടൽ മുഴുവൻ പ്രതികളെയും രക്ഷിക്കാൻ വേണ്ടിയായിരുന്നുവെന്നും എം.എൽ.എ കുറ്റപ്പെടുത്തി. ഡിവൈ.എസ്.പിയെ കാണാൻ പോയെന്ന് പറഞ്ഞതോടെ കേസിൽ രാഷ്ട്രീയ ഇടപെടൽ നടന്നുവെന്ന പരസ്യ കുറ്റസമ്മതമാണ് സി.കെ. ശശീന്ദ്രന്റെ വാർത്തസമ്മേളനമെന്നും എം.എൽ.എ പറഞ്ഞു.
പ്രമാദമായ കേസിൽ പ്രതികളെ ഹാജരാക്കുമ്പോൾ അവിടെ പോയതോടെ പിന്നീട് ഡിവൈ.എസ്.പി പറഞ്ഞ കാര്യം മാറ്റിപ്പറയുകയും ചെയ്തു. പ്രതികളെ പിടികൂടുകയല്ല ആവശ്യം. ഇടപെടുന്നവരെ തേജോവധം ചെയ്യുകയാണ് സി.പി.എം ലക്ഷ്യമെന്നും ടി. സിദ്ദീഖ് ആരോപിച്ചു. ഇതിനിടെ, പെണ്‍കുട്ടിയെ അധിക്ഷേപിച്ചു സംസാരിച്ച എം.എല്‍.എക്കെതിരെ എസ്.എഫ്.ഐ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു.
വൈത്തിരിയിൽ യു.ഡി.എഫ് നടത്തിയ പ്രതിഷേധ പ്രകടനം
സി.ബി.ഐ അന്വേഷിക്കണം - ടി. സിദ്ദീഖ്
കൽപറ്റ: വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന വാദത്തിന് ഏറ്റവും കൂടുതൽ ശക്തി പകരുന്ന സാഹചര്യങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നതെന്ന് ടി. സിദ്ദീഖ് എം.എൽ.എ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ കൃത്യവിലോപവും ബോധപൂർവമായ വീഴ്ചകളും തുടർച്ചയായി നടന്നുകൊണ്ടിരിക്കുകയാണ്. തെളിവ് നശിപ്പിക്കുന്നതിൽ പ്രതികളും പൊലീസും അധികാരികളും തമ്മിൽ കുറ്റകരമായ കൂടിയാലോചനകൾ നടന്നിട്ടുണ്ട്. എല്ലാ സാഹചര്യത്തെളിവുകളും നശിപ്പിക്കാൻ പ്രതികൾക്ക് സൗകര്യം ഒരുക്കിക്കൊടുക്കുകയാണ് പൊലീസും അധികാരികളും ചെയ്തത്. പ്രതികൾക്ക് പൊലീസ് സ്റ്റേഷനിൽ വി.വി.ഐ.പി പരിഗണനയാണ് നൽകുന്നത്.
തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ പ്രതികൾക്ക് ഒരു സങ്കോചവും ഇല്ലായിരുന്നു. അനുശോചന യോഗത്തിൽ ഡീൻ ഈ സംഭവങ്ങൾ ആരും ഷെയർ ചെയ്യരുതെന്ന് നിർദേശം നൽകി. ഡീൻ, അസിസ്റ്റന്റ് വാർഡൻ എന്നിവർക്കെതിരെ നടപടിയെടുക്കുന്നതിൽ സർവകലാശാലക്ക് വീഴ്ച സംഭവിച്ചു. 19ന് പോസ്റ്റ്മോർട്ടം കഴിഞ്ഞിട്ടും പ്രതികൾക്കുവേണ്ടി പൊലീസ് നീക്കം നടത്തുന്നത് ഒരാഴ്ചക്കു ശേഷമാണ്. പൊലീസ് പ്രതികൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടില്ല.
ആത്മഹത്യ പ്രേരണ വകുപ്പ് മാത്രമാണ് ചുമത്തിയത്. ഭക്ഷണവും വെള്ളവും കൊടുക്കാതെ മൃഗീയമായി മർദിച്ച് കീഴ്പ്പെടുത്തി മരണത്തിന്റെ വക്കിലെത്തിച്ച് സിദ്ധാർഥനെ കെട്ടിത്തൂക്കിയതാണെന്നാണ് തന്റെ വിശ്വാസമെന്നും എം.എൽ.എ പറഞ്ഞു. അനുഭവിച്ച പ്രശ്നം കാഠിന്യമുള്ളതാണെങ്കിൽ പെൺകുട്ടി ഉടൻ പരാതി കൊടുക്കുമായിരുന്നുവെന്നും സിദ്ദീഖ് പറഞ്ഞു. വാർത്തസമ്മേളനത്തിൽ ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചനും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

