ഫര്‍സാനയുടെ മരണം; രണ്ടര വർഷത്തിന് ശേഷം ഭർത്താവ് അറസ്റ്റിൽ
text_fieldsഅബ്ദുൽ സമദ് ഫര്‍സാന
കൽപറ്റ: റിപ്പണ്‍ സ്വദേശിനി ഫര്‍സാനയുടെ മരണത്തില്‍ ഭര്‍ത്താവ് മേപ്പാടി ചൂരല്‍മലയില്‍ പൂക്കാട്ടില്‍ ഹൗസില്‍ അബ്ദുൽ സമദിനെ രണ്ടര വര്‍ഷത്തിന് ശേഷം തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു.
മകളുടെ മരണം കൊലപാതകമാണെന്ന ഫര്‍സാനയുടെ പിതാവിന്റെ പരാതിയിലാണ് അറസ്റ്റ്. 2020 ജൂണ്‍ 18നാണ് മേപ്പാടി റിപ്പണിലെ പോത്ത്കാടന്‍ അബ്ദുല്ലയുടെയും ഖമറുന്നിസയുടെയും മകള്‍ ഫര്‍സാന (21) യെ തമിഴ്നാട് ഗൂഡല്ലൂര്‍ രണ്ടാം മൈലിലെ വാടക വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഗൂഡല്ലൂര്‍ ഡി.എസ്.പി പി.കെ. മഹേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ പൊലീസ് സംഘം ചൂരല്‍മലയിലെ വീട്ടില്‍ നിന്ന് ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് അബ്ദുൽ സമദിനെ പിടികൂടിയത്. ഗൂഡല്ലൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജറാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ഫര്‍സാനയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നാരോപിച്ച് പിതാവ് ഗുഡല്ലൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കോടതി നിർദേശ പ്രകാരം ഗൂഡല്ലൂര്‍ ഡി.എസ്.പി മഹേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷണം പുനരാരംഭിച്ചത്.
2017 ആഗസ്റ്റ് 15നായിരുന്നു അബ്ദുൽ സമദും ഫര്‍സാനയും വിവാഹിതരായത്. ഇരുവരും കോവിഡ് കാലത്ത് തന്റെ വീട്ടിലാണ് താമസിച്ചിരുന്നതെന്നും മരുമകന്റെ ആവശ്യാർഥം 2019ല്‍ സ്ത്രീധനമായി ഗൂഡല്ലൂര്‍ ടൗണിലെ റീഗല്‍ കോംപ്ലക്സില്‍ ഐട്യൂണ്‍ എന്ന പേരില്‍ മൊബൈല്‍ കട തുടങ്ങിക്കൊടുത്തതായും അബ്ദുല്ല പരാതിയില്‍ പറഞ്ഞിരുന്നു.
മകള്‍ ഗര്‍ഭിണിയായ സമയത്തായിരുന്നു ഇത്. കോവിഡ് സമയമായതിനാല്‍ അതിര്‍ത്തിക്കപ്പുറമുള്ള താനുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്ന മകളുടെ മരണ വിവരം രാത്രി വൈകിയാണ് അറിഞ്ഞത്. പിറ്റേദിവസം വൈകീട്ടുവരെ മകളുടെ മൃതദേഹം കാണിക്കാന്‍ പൊലീസുള്‍പ്പടെ തയാറായില്ലെന്നും പരാതിയിൽ ബോധിപ്പിച്ചിരുന്നു.
നീതി ലഭിക്കും വരെ പോരാടും -ഫര്‍സാനയുടെ പിതാവ്
കൽപറ്റ: ഫർസാനയുടെ മരണത്തിൽ കുറ്റക്കാർക്ക് തക്ക ശിക്ഷ ലഭ്യമാക്കി മകൾക്ക് നീതി ലഭിക്കുംവരെ പോരാടുമെന്ന് പിതാവ് അബ്ദുല്ല വാർത്തസമ്മേളനത്തിൽ പറഞ്ഞു. നിലവിൽ ആത്മഹത്യ പ്രേരണയടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് മകളുടെ ഭർത്താവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
വൈകിയാണെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്തതിൽ പൊലീസ് ഉദ്യോഗസ്ഥരോടും അന്വേഷണത്തിന് ഉത്തരവിട്ട ഗൂഡല്ലൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയോടും നന്ദിയുണ്ട്. എന്നാൽ, കൊലപാതകത്തിനടക്കമുള്ള ശിക്ഷ വാങ്ങിനൽകുന്നതുവരെ താൻ പോരാടുമെന്ന് അബ്ദുല്ല പറഞ്ഞു.
ഫര്‍സാനയുടെ മരണം കൊലപാതകമാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസികളും പ്രാദേശിക രാഷ്ട്രീയ സംഘടനകളും ചേര്‍ന്ന് ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ചിരുന്നു. എന്നാൽ, പിന്നീട് സഹകരണമുണ്ടായില്ല. താൻ പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ പ്രാദേശിക നേതൃത്വം തന്നെ ചതിക്കുകയായിരുന്നുവെന്നും അബ്ദുല്ല ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

