
(Image Source: Wikimedia Commons)
പ്രതിദിന വേതനം 500 രൂപക്ക് താഴെ; ശമ്പള പരിഷ്കരണ ആവശ്യവുമായി തോട്ടം തൊഴിലാളികൾ
text_fieldsകൽപറ്റ: പ്രതിദിന വേതനം 500 രൂപക്ക് താഴെ മാത്രം ലഭിക്കുന്ന തോട്ടം തൊഴിലാളികളുടെ ശമ്പള പരിഷ്കരണം വൈകുന്നതിൽ പ്രതിഷേധം വ്യാപകമാകുന്നു. തൊഴിലാളികള്‍ മണ്ണില്‍ വിയര്‍പ്പൊഴുക്കി പണിയെടുത്ത് ഉണ്ടാക്കുന്ന ഉൽപന്നങ്ങൾക്ക് വൻ വിലയുണ്ടെങ്കിലും ഇവർക്ക് ലഭിക്കുന്നത് നാമമാത്ര കൂലിയാണ്.
നിത്യോപയോഗ സാധനങ്ങൾക്ക് ഉൾപ്പെടെ വിലക്കയറ്റം രൂക്ഷമായിട്ടും ചെറിയ വേതനത്തിന് ജോലിചെയ്യുന്നതുകാരണം ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുകയാണ് തോട്ടം തൊഴിലാളികൾ.
സർക്കാർ ജീവനക്കാരുടേത് ഉൾപ്പെടെ മറ്റു മേഖലകളിൽ ശമ്പള പരിഷ്കരണം കൃത്യമായി അല്ലെങ്കിൽ മുൻകാല പ്രാബല്യത്തോടെ നടപ്പാക്കുന്ന അധികൃതർ, തോട്ടംമേഖലയെ അവഗണിക്കുകയാണെന്നാണ് തൊഴിലാളികളുടെ ആരോപണം.
വിഷയവുമായി ബന്ധപ്പെട്ട് തോട്ടം മേഖലയിലെ ട്രേഡ് യൂനിയനുകളുടെ നിലപാടിനെതിരെയും പ്രതിഷേധമുയരുന്നുണ്ട്. ഇക്കഴിഞ്ഞ ഡിസംബർ 31ഓടെയാണ് തൊഴിലാളികളുടെ സേവന-വേതന വ്യവസ്ഥയുടെ കാലാവധി കഴിഞ്ഞത്.
എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും ഇതുസംബന്ധിച്ച് ചർച്ചകൾ പോലും നടന്നിട്ടില്ല. ഡിസംബറിൽ മന്ത്രി ഉൾപ്പെടെ പങ്കെടുത്ത പ്ലാന്‍റേഷൻ ലേബർ കമ്മിറ്റി (പി.എൽ.സി) യോഗം ചേർന്നെങ്കിലും ശമ്പള പരിഷ്കരണം സംബന്ധിച്ച ചർച്ച നടന്നില്ല.
ഇതോടെ ഇത്തവണവും ശമ്പള പരിഷ്കരണം വൈകുമെന്ന ആശങ്കയിലാണ് തോട്ടം മേഖല. 2017 ഡിസംബറിൽ കാലാവധി കഴിഞ്ഞ സേവനവേതന വ്യവസ്ഥ 2019ൽ പുതുക്കി നിശ്ചയിച്ചെങ്കിലും തൊഴിലാളികളുടെ പ്രതിദിന വേതനം ഇപ്പോഴും 500 രൂപക്ക് താഴെ മാത്രമാണ്.
ജില്ലയിൽ മാത്രം വിവിധ തോട്ടങ്ങളിലായി ആയിരക്കണക്കിന് തൊഴിലാളികളാണുള്ളത്. മറ്റു മേഖലകളിൽ പ്രതിദിന വേതനം 500 രൂപക്ക് മുകളിലാണെങ്കിലും ട്രേഡ് യൂനിയനുകൾ ഉൾപ്പെടെ ശക്തമായ തോട്ടം മേഖലയിൽ കുറഞ്ഞ വേതനത്തിന് ജോലിചെയ്യേണ്ട ഗതികേടിലാണ് തൊഴിലാളികൾ. മുമ്പ് തോട്ടം മേഖലകളിലെ ഭൂരിഭാഗം പേരും തോട്ടങ്ങളെ ആശ്രയിച്ചായിരുന്നു ഉപജീവനം നടത്തിയിരുന്നത്.
എന്നാൽ, വേതനത്തിൽ കാലാനുസൃതമായ വർധനവുണ്ടാകാത്തതുകാരണം പലരും തോട്ടംമേഖല ഉപേക്ഷിച്ചു. നിലവിൽ ജില്ലയിലെ പല തോട്ടങ്ങളിലും ഇതര സംസ്ഥാന തൊഴിലാളികളാണ് ജോലിചെയ്യുന്നത്. ഇവർക്കും നാമമാത്ര തുകയാണ് വേതനമായി ലഭിക്കുന്നത്. ശമ്പള പരിഷ്കരണം അടിയന്തരമായി നടപ്പാക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമാകുകയാണ്.