വീടുകളിൽ വിള്ളൽ വീണത് ആശങ്കക്കിടയാക്കുന്നു
text_fieldsരാത്രിയിലും നടക്കുന്ന കൽപറ്റ ടൗൺഷിപ്പ് നിർമാണ പ്രവൃത്തി
കൽപറ്റ: മുണ്ടക്കൈ ഉരുൾദുരന്തത്തിൽ സർവതും നഷ്ടപ്പെട്ടവർക്ക് കൽപറ്റയിലെ ടൗൺഷിപ്പിലെ വീടുകളിൽ താമസം തുടങ്ങുന്നത് വൈകുന്നു. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത 178 വീടുകളിൽപോലും സൗകര്യങ്ങൾ ഒരുക്കാത്തത് പ്രതിപക്ഷം തെരഞ്ഞെടുപ്പിൽ ചർച്ചയാക്കിയിരുന്നു. വിഷുവിന് മുമ്പുതന്നെ അതിജീവിതർക്ക് വീടുകളിൽ താമസം തുടങ്ങനാകുമെന്ന മുഖ്യമന്ത്രി ഇതിന് മറുപടിയും നൽകി. വിഷു കഴിഞ്ഞിട്ടും കുടുംബങ്ങൾക്ക് ഇവിടെ താമസം തുടങ്ങനായിട്ടില്ല.
കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിലാണ് സർക്കാർ ടൗൺഷിപ് ഒരുക്കുന്നത്. ഉദ്ഘാടനം കഴിഞ്ഞ വീടുകളുടെ നിർമാണം പൂർത്തിയാക്കി മേയ് 20നകം തങ്ങൾക്ക് കൈമാറണമെന്ന് അതിജീവിതർ ജില്ല ഭരണകൂടത്തോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ആദ്യഘട്ടത്തിൽ ഫെയ്സ് വണ്ണിൽ നിർമാണം പുരോഗമിക്കുന്ന 178 വീടുകൾ അടുത്ത മഴക്കു മുൻപേ കൈമാറണമെന്നാണ് ആവശ്യം. ഫെയ്സ് വൺ കൂട്ടായ്മയുടെ നേതൃത്വത്തിൽ യോഗം ചേർന്നശേഷമാണ് ജില്ല ഭരണകൂടത്തെ സമീപിച്ചത്. വി. രമേഷ്, ആർ. ബ്രഷ്നോവ്, കെ.എസ്. വേണുഗോപാൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
കഴിഞ്ഞ മാർച്ച് ഒന്നിന് 178 വീടുകളുടെയും താക്കോൽദാനവും പട്ടയം കൈമാറ്റവും നടത്തിയിരുന്നു. വിഷുവിനു മുമ്പ് താമസം തുടങ്ങാനാകുമെന്നായിരുന്നു ചടങ്ങിൽ സർക്കാറിന്റെയും ജില്ല ഭരണകൂടത്തിന്റെയും വാഗ്ദാനം. എന്നാൽ നടപ്പായില്ല. 40 വീടുകളുടെ നിർമാണം പൂർത്തിയായെങ്കിലും ഇവിടെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെയും കുടിവെള്ള വിതരണ ശൃംഖലയുടെയും പ്രവൃത്തികൾ നടക്കുകയാണ്. പൈപ്പ്ലൈൻ സ്ഥാപിക്കലും പുരോഗമിക്കുകയാണ്. അഞ്ച് സോണുകളിലുമായി 10 പ്ലാൻറുകളാണ് നിർമിക്കുന്നത്. നാലാം സോണിലെ കുടിവെള്ള സംഭരണിയിൽനിന്ന് വീടുകളിലേക്കുള്ള പൈപ്പ്ലൈൻ സ്ഥാപിക്കലും നടക്കുന്നുണ്ട്. ഒന്ന്, മൂന്ന്, നാല് സോണുകളിൽ വീടുകളുടെ മിനുക്കുപണികളാണ് നടക്കുന്നത്. നിലവിൽ അതിജീവിതർ സർക്കാർ ഒരുക്കിയ വാടക വീടുകളിലാണ് കഴിയുന്നത്. പല വീട്ടുടമകളും വാടക കൂട്ടണമെന്ന് അതിജീവിതരോട് ആവശ്യപ്പെടുന്നുമുണ്ട്. ഇനിയും ടൗൺഷിപ്പിലെ വീടുകളിൽതാമസം തുടങ്ങുന്നത് വൈകുകയാണെങ്കിൽ തങ്ങളുടെ ജീവിതം ഏറെ പ്രയാസകരമാവുമെന്നാണ് അതിജീവിതർ പറയുന്നത്. അതിനിടെ ഫേസ് വണ്ണിലെ എട്ട്, ഏഴ് വീടുകളിൽ ടെറസിൽ വിള്ളൽ വീണതും ഉള്ളിലേക്ക് മഴയത്ത് വെള്ളം കിനിഞ്ഞിറയതും ആശങ്കക്കിടയാക്കിയിട്ടുണ്ട്. നിലവിൽ ടൗൺഷിപ്പിൽ രാത്രിയിലടക്കം നിർമാണ പ്രവൃത്തികൾ നടക്കുകയാണ്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിയാണ് പദ്ധതിയുടെ കരാറുകാർ.
നേരത്തെ, പ്രതിദിനം 1500ലധികം തൊഴിലാളികളെ ഉപയോഗിച്ച് രാപകൽ വ്യത്യാസമില്ലാതെയായിരുന്നു ടൗൺഷിപ്പിലെ പണികൾ. എന്നാൽ, ആദ്യഘട്ട ഉദ്ഘാടനം കഴിഞ്ഞതിനു പിന്നാലെ നിർമാണം മന്ദഗതിയിലായി. സാമ്പത്തിക വർഷത്തിന്റെ അവസാനമായതിനാൽ പലയിടങ്ങളിലായി റോഡ് നിർമാണങ്ങൾ പൂർത്തീകരിക്കേണ്ടതിനാൽ ഊരാളുങ്കലിന് തൊഴിലാളികളെ അവിടങ്ങളിലേക്ക് വിന്യസിക്കേണ്ടി വന്നു. ഇതാണു പ്രതിസന്ധിക്കിടയാക്കിയത്.
ഇതിനിടയിലാണു തിരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായത്. അതോടെ, ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള പല തൊഴിലാളികളും നാട്ടിലേക്ക് മടങ്ങി. ഇതോടെയാണു പ്രതിസന്ധി രൂക്ഷമായത്. അതേസമയം, വീടുകൾക്കുവേണ്ട കുടിവെള്ളമടക്കമുള്ള കേന്ദ്രീകൃത സംവിധാനങ്ങളുടെ പണി പൂർത്തിയായെന്നും മേയ് 20ന് മുമ്പ് തന്നെ പൂർണമായും ആളുകളെ താമസിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഊരാളുങ്കൽ അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

