Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightബ്രഹ്മഗിരിയിൽ സി.പി.എം...

ബ്രഹ്മഗിരിയിൽ സി.പി.എം വിയർക്കുന്നു; ഓഡിറ്റിങ്ങിൽ കണ്ടെത്തിയത് കോടികളുടെ തിരിമറി

text_fields
bookmark_border
ബ്രഹ്മഗിരിയിൽ സി.പി.എം വിയർക്കുന്നു; ഓഡിറ്റിങ്ങിൽ കണ്ടെത്തിയത് കോടികളുടെ തിരിമറി
cancel

കൽപറ്റ: നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സി.പി.എം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി സൊസൈറ്റി കൂടുതൽ വിവാദത്തിലാകുന്നത് സംസ്ഥാനത്ത് പാർട്ടിക്ക് കനത്ത തിരിച്ചടിയാകുന്നു. 100 കോടിയോളം രൂപയുടെ ബാധ്യതയുമായി മൂന്ന് വർഷം മുമ്പ് പ്രവർത്തനം നിലച്ച ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയിൽ ലക്ഷങ്ങളുടെ കള്ളപ്പണം വെളുപ്പിച്ചെന്ന മുൻ ജീവനക്കാരന്റെ ആരോപണത്തിനു പിന്നാലെ അഴിമതി ആരോപണം ഉയർന്നതിനെ തുടർന്ന് നടത്തിയ ഓഡിറ്റിങ്ങിൽ കോടികളുടെ തിരിമറി നടന്നത് കണ്ടെത്തിയതായും വിവരം. സൊസൈറ്റിയുടെ പ്രവർത്തനം പ്രതിസന്ധിയിലായതിനെ തുടർന്ന് വർഷങ്ങൾക്ക് മുമ്പ് പാർട്ടി നേതൃത്വം ഇടപെട്ട് സ്വകാര്യ കമ്പനിയെ ഉപയോഗിച്ച് ഓഡിറ്റിങ് നടത്തിയിരുന്നു. ഈ ഓഡിറ്റിങ്ങിൽ കോടികളുടെ വഴിവിട്ട ഇടപാടുകൾ കണ്ടെത്തിയെങ്കിലും അവ പുറത്തുവിടുകയോ ബന്ധപ്പെട്ടവർക്കെതിരെ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല.

2021 ഡിസംബറിൽ ബ്രഹ്മഗിരി സൊസൈറ്റിയിൽ ലക്ഷങ്ങളുടെ കള്ളപ്പണം നിക്ഷേപിച്ചെന്ന് പാർട്ടി അംഗമായിരുന്ന അന്നത്തെ ജീവനക്കാരൻ വെളിപ്പെടുത്തിയിരുന്നു. ഇതിൽ അന്വേഷണം ആവശ്യപ്പെട്ട് ഇ.ഡിക്ക് ഉൾപ്പെടെ പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. കഴിഞ്ഞ ദിവസം സുൽത്താൻ ബത്തേരി മഞ്ഞാടിയിലെ ബ്രഹ്മഗിരി ഓഫിസിലെത്തി താൻ നിക്ഷേപിച്ച 14 ലക്ഷം രൂപ തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് പാർട്ടി പതാകയും കന്നാസിൽ പെട്രോളുമായി കൽപറ്റ സ്വദേശി മാട്ടിൽ നൗഷാദ് ആത്മഹത്യാശ്രമം നടത്തിയിരുന്നു. തുടർന്ന് മീനങ്ങാടി സി.ഐയുടെ സാന്നിധ്യത്തിൽ പാർട്ടി നേതാക്കളും സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗങ്ങളുമായി നടത്തിയ ചർച്ചയിൽ ഏപ്രിൽ ഒന്നിനകം മുഴുവൻ തുകയും നൽകുമെന്ന ഉറപ്പിലാണ് അദ്ദേഹം പ്രതിഷേധം അവസാനിപ്പിച്ചത്. പണം തിരിച്ചുനൽകിയില്ലെങ്കിൽ എ.കെ.ജി സെന്ററിന് മുന്നിൽ നിരാഹാര സമരം ആരംഭിക്കുമെന്ന് നൗഷാദ് മാധ്യമത്തോട് പറഞ്ഞു.

സൊസൈറ്റിയുടെ നിക്ഷേപകരും ജീവനക്കാരും ഭരണസമിതിയുമെല്ലാം സി.പി.എം അംഗങ്ങളോ സഹയാത്രികരോ ആണ്. എന്നാൽ, സംസ്ഥാന നേതൃത്വം ഉൾപ്പെടെ വിഷയത്തിൽ ഇടപെട്ടിട്ടും നടപടിയുണ്ടായില്ല. ഫാക്ടറി അടച്ചുപൂട്ടിയതോടെ നൂറുകണക്കിന് നിക്ഷേപകർക്ക് പലിശ പോലും കിട്ടാതായി. 220 ഓളം ജീവനക്കാർക്ക് ശമ്പളയിനത്തിൽ ലക്ഷങ്ങളും ബാധ്യത വന്നു. ഉടൻ പരിഹരിക്കുമെന്ന വാഗ്ദാനത്തിനപ്പുറത്ത് നടപടികളൊന്നുമില്ലാതായതോടെയാണ് പാർട്ടി ഒതുക്കിനിർത്തിയ നിക്ഷേപകരും ജീവനക്കാരും പരസ്യപ്രതിഷേധവുമായി രംഗത്തെത്തിയത്.

അതിനിടെ, പൂട്ടിക്കിടക്കുന്ന ബ്രഹ്മഗിരിക്ക് മൃഗസംരക്ഷണ വകുപ്പ് 10 കോടി രൂപ സാമ്പത്തിക സഹായം നൽകിയതും വിവാദമായി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചോദിച്ച് സി.പി.എം ഇങ്ങോട്ട് വരേണ്ടതില്ലെന്ന് നിക്ഷേപകർ അവരുടെ വീടുകൾക്ക് മുമ്പിൽ ബാനറുകൾ സ്ഥാപിച്ചത് വലിയ വിവാദത്തിന് കാരണമായിരുന്നു. സ്ഥാപനം മുന്നോട്ട് കൊണ്ടുപോകുന്നതിന് സ്വകാര്യ കമ്പനിയുമായി കരാർ ഉണ്ടാക്കാൻ ശ്രമിച്ചെങ്കിലും അതും വിജയിച്ചില്ല. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബ്രഹ്മഗിരി വിഷയം വീണ്ടും വിവാദത്തിലേക്ക് നീങ്ങുന്നത് പാർട്ടിക്ക് കൂടുതൽ ക്ഷീണം ചെയ്യും. നിക്ഷേപകരുടെ ആക്ഷൻ കമ്മിറ്റി തിങ്കളാഴ്ച സുൽത്താൻ ബത്തേരിയിൽ യോഗം വിളിച്ചിട്ടുണ്ട്. കടുത്ത സമരത്തിലേക്ക് നീങ്ങുന്നത് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് ഭാരവാഹികൾ പറയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:audit reportCPMBrahmagiri Society
Next Story