മത്സ്യത്തീറ്റ സബ്സിഡിയിൽ വൻ വെട്ടിപ്പ്
text_fieldsകൽപറ്റ: വയനാട് ജില്ലയിലെ മത്സ്യകർഷകർക്കായി മത്സ്യത്തീറ്റ നൽകുന്ന പദ്ധതിയിൽ വൻ അഴിമതി നടക്കുന്നതായി ആരോപണം. മത്സ്യത്തീറ്റ സബ്സിഡി വെട്ടിപ്പിനു ചില പ്രമോട്ടർമാർ, കോഓഡിനേറ്റർമാർ, ഫിഷറിസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ കൂട്ടുനിൽക്കുന്നതായും ആക്ഷേപം ശക്തമാവുകയാണ്.
തട്ടിപ്പു സംബന്ധിച്ച് ഫിഷറിസ് വകുപ്പിലെതന്നെ ഉദ്യോഗസ്ഥൻ പരിശോധന നടത്തി മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. അനർഹരായവർ സബ്സിഡി തുക വെട്ടിക്കുമ്പോൾ അർഹരായ കർഷകർക്ക് ധനസഹായം ലഭിക്കുന്നത് കുറയുന്നുവെന്നതാണ് വിരോധാഭാസം.
മത്സ്യതീറ്റകൾ ഒന്നും വാങ്ങിക്കാതെ വ്യാജ ബില്ലുകൾ സംഘടിപ്പിക്കുകയും അവ ഉപയോഗിച്ച് മത്സ്യത്തീറ്റ സബ്സിഡി തട്ടിയെടുക്കുന്നുവെന്നുമാണ് ആരോപണം. വ്യാജ ബില്ലുകളിൽ മത്സ്യത്തീറ്റയുടെ വില നിശ്ചിത തുകയെക്കാൾ പെരുപ്പിച്ച് കാണിക്കുന്നുമുണ്ട്. വിതരണം ചെയ്ത നിശ്ചിത മത്സ്യവിത്തുകൾക്ക് ഒരു വർഷത്തേക്കുള്ള തീറ്റ കണക്കാക്കി അത് വാങ്ങിയ ബില്ലിന്റെ 40 ശതമാനമാണ് സബ്സിഡി തുക അനുവദിക്കുക.
ഈ സബ്സിഡി തുക തട്ടിയെടുക്കാൻ വ്യാജ ബില്ലുകൾ ഫിഷറിസ് വകുപ്പിൽ ഹാജരാക്കും. തീറ്റ കൃത്യമായി വാങ്ങുന്നുണ്ടോയെന്ന് പ്രമോട്ടർമാരും കോഓഡിനേറ്റർമാരും ബന്ധപ്പെട്ട ഫിഷറിസ് ഉദ്യോഗസ്ഥരുമാണ് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടത്. ഇവർ പരിശോധിക്കാതിരിക്കുന്നതോ തട്ടിപ്പിന് കൂട്ടുനിൽക്കുന്നതോ ആണ് അഴിമതിക്ക് വളമാവുന്നത്.
നിലവിൽ ജില്ലയിൽ ഫിഷറിസ് വകുപ്പ് സബ്സിഡിയായി അനുവദിച്ച ഒരു കോടി പൂർണമായും ബില്ലുകൾ മാത്രം വാങ്ങി കർഷകരുടെ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തിട്ടുണ്ട്. ഒരു കർഷകന് സബ്സിഡി ലഭിക്കാൻ ആവശ്യമായ ബില്ലിന് 2000 രൂപ വീതം ചില പ്രമോട്ടർമാർ കർഷകരിൽനിന്ന് ഈടാക്കുന്നുവെന്നാണ് ആരോപണം.
പുൽപള്ളിയിലെ ഒരു ഫിഷ് ഫാം ആണ് തീറ്റ നൽകാതെ ബില്ല് നൽകുന്ന സ്ഥാപനങ്ങളിൽ മുമ്പിലുള്ളതെന്നും കണ്ടെത്തിയിട്ടുണ്ട്. ജില്ലയിലെ മത്സ്യകർഷകർക്കും സബ്സിഡി വെട്ടിപ്പു നടത്തുന്നതിന് വ്യാജ ബില്ലുകൾ നൽകുന്നത് പ്രധാനമായും ഈ സ്ഥാപനമാണെന്നാണ് ആരോപണം. ഈ ഫിഷ് ഫാം ഇതിനകം രണ്ടുകോടി രൂപക്കടുത്തുള്ള തുകയുടെ ബില്ലുകൾ മത്സ്യകർഷകർക്ക് നൽകിയിട്ടുണ്ട്. 200 ഓളം പേർക്കാണ് ബില്ലുകൾ നൽകിയത്.
വയനാട് കാരാപ്പുഴ എസ്.ടി, എസ്.സി റിസർവോയർ ഫിഷറിസ് സഹകരണ സംഘത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പരിശോധന നടത്തിയപ്പോൾ മത്സ്യത്തീറ്റ വാങ്ങിയ വകയിൽ 516528 രൂപ സബ്സിഡിയായി സൊസൈറ്റിക്ക് ലഭിച്ചതായി കണ്ടെത്തി. എന്നാൽ ഈ തുകക്കുള്ള മത്സ്യത്തീറ്റ വാങ്ങിയിട്ടില്ലെന്നാണ് തെളിഞ്ഞത്.
27 എണ്ണത്തിലായി 1301200 രൂപയുടെ വ്യാജ ബില്ലാണ് സംഘടിപ്പിച്ചു നൽകിയതെന്നും ഉദ്യോഗസ്ഥൻ കണ്ടെത്തിയിട്ടുണ്ട്. ഫിഷ് ഫാമുകളിലും കർഷകരുടെ വീടുകളിലും രഹസ്യമായി സന്ദർശനം നടത്തി സബ്സിഡി വെട്ടിപ്പിനെകുറിച്ച് വിജിലൻസ് അന്വേഷിച്ച് നടപടിയെടുക്കണമെന്നും ഫാമുകളുടെ ലൈസൻസ് റദ്ദാക്കണമെന്നുമുള്ള ആവശ്യമാണ് ഉയരുന്നത്. ഇത്രയും തുകയുടെ മത്സ്യത്തീറ്റ വിറ്റുവെന്നാണ് സ്ഥാപനത്തിന്റെ വാദമെങ്കിൽ നികുതി വകുപ്പ് പരിശോധന നടത്തണമെന്ന ആവശ്യവും ഈ മേഖലയുമായി ബന്ധപ്പെട്ടവർ ഉന്നയിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

