പാചകവാതകം; ആശങ്ക വേണ്ടെന്ന് ജില്ല സപ്ലൈ ഓഫിസർ
text_fieldsകൽപറ്റ: ജില്ലയിൽ ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ ലഭ്യതയിൽ ആശങ്ക വേണ്ടെന്ന് ജില്ല സപ്ലൈ ഓഫിസർ അറിയിച്ചു. നിലവിൽ ജില്ലയിൽ പാചകവാതക ദൗർലഭ്യമില്ല. സിലിണ്ടറുകൾ ബുക്ക് ചെയ്ത എല്ലാവർക്കും ഏജൻസികൾ വഴി വിതരണം ചെയ്യുന്നുണ്ട്.
യുദ്ധ പശ്ചാത്തലത്തിൽ ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ ലഭ്യത സംബന്ധിച്ച് ജനങ്ങളുടെ ഇടയിൽ അനാവശ്യ ഭീതി പരത്തുന്ന തരത്തിലുള്ള വാർത്തകളോ സാമൂഹിക മാധ്യമങ്ങളിൽ കൂടിയുള്ള പ്രചാരണങ്ങളോ നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ നടപടിയെടുക്കും. എൽ.പി.ജി വിതരണം സംബന്ധിച്ച പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ജില്ല/താലൂക്ക് തലങ്ങളിൽ കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചതായും സപ്ലൈ ഓഫിസർ അറിയിച്ചു.
ഗ്യാസ് ഏജസികൾ മുൻഗണനാക്രമം പാലിച്ചു മാത്രമേ സിലിണ്ടറുകൾ വിതരണം ചെയ്യാൻ പാടുള്ളൂ. ഉപഭോക്താക്കൾ തങ്ങളുടെ ഫോണിൽ ലഭിക്കുന്ന ഒ.ടി.പി നമ്പർ സിലിണ്ടർ ഡെലിവറി ചെയ്യുന്ന സമയത്ത് കൈമാറണം. ഗ്യാസ് സിലണ്ടറുകൾ വിതരണം നടത്തുമ്പോൾ ഗുണഭോക്താക്കളെ ഒരുതരത്തിലും ബുദ്ധിമുട്ടിക്കാൻ പാടില്ല. കൂടാതെ എൽ.പി.ജി വിതരണം സംബന്ധിച്ച് നിലവിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പുറപ്പെടുവിച്ചിട്ടുള്ള നിർദേശങ്ങൾ ഏജൻസികൾ കർശനമായി പാലിക്കണം.
യുദ്ധസാഹചര്യത്തിൽ വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽ.പി.ജിയുടെ ഉപയോഗം ഗണ്യമായി കുറച്ചു ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി ക്രമീകരണങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വാണിജ്യ സിലിണ്ടറുകളുടെ വിതരണം അവശ്യ സ്ഥാപനങ്ങൾക്കായി മാത്രം നിജപ്പെടുത്തി.
ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവക്ക് മുൻഗണന നൽകി വാണിജ്യ സിലിണ്ടറുകൾ വിതരണം നടത്താനാണ് നിർദേശം. വാണിജ്യ ആവശ്യങ്ങൾക്കുള്ള ക്വാട്ടയുടെ ലഭ്യത അനുസരിച്ച് ഇത്തരം സ്ഥാപനങ്ങൾക്ക് വാണിജ്യ ഗ്യാസ് സിലിണ്ടറുകൾ നൽകുന്നതിനുള്ള നടപടി സ്വീകരിച്ചുവരുന്നുണ്ടെന്നും സപ്ലൈ ഓഫിസർ അറിയിച്ചു.
ഗാർഹിക സിലിണ്ടറുകൾ വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കരുത്
കൽപറ്റ: ഗാർഹിക ഗ്യാസ് സിലിണ്ടറുകൾ വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ജില്ലയിൽ ഇത് സംബന്ധിച്ച പരിശോധനകൾ നടത്തുന്നതിന് അതത് താലൂക്ക് സപ്ലൈ ഓഫിസർമാരുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡുകൾ രൂപവത്കരിച്ചു. ഇത്തരം പ്രവൃത്തിയിൽ ഏർപ്പെട്ടാൽ 1955ലെ എസെൻഷ്യൽ കമ്മോഡിറ്റി ആക്ട് പ്രകാരം സിലിണ്ടറുകൾ പിടിച്ചെടുത്തു ജാമ്യമില്ല വകുപ്പിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രോസിക്യൂഷൻ നടപടി സ്വീകരിക്കും.
കൺട്രോൾ റൂം നമ്പറുകളും ഇ-മെയിൽ വിലാസവും
ജില്ല സപ്ലൈ ഓഫിസ്, വയനാട്
04936-202273, dsowayanad1@gmail.com
താലൂക്ക് സപ്ലൈ ഓഫിസ്, വൈത്തിരി
04936-255222 9188527405, tsovythiri@gmail.com
താലൂക്ക് സപ്ലൈ ഓഫിസ്, സുൽത്താൻ ബത്തേരി
04936-220213 9188527407 BATHERY TSO@gmail.com
താലൂക്ക് സപ്ലൈ ഓഫിസ്, മാനന്തവാടി
04935-240292 9188527406, tsomntdy@gmail.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

