വയനാട്ടിൽ കനത്ത മഴ തുടരുന്നു: ഇന്ന് റെഡ് അലർട്ട്
text_fieldsമഴയിൽ കൽപറ്റ നഗരത്തിൽ കടയിലേക്ക് വെള്ളം കയറിയപ്പോൾ
കൽപറ്റ: ജില്ലയിൽ ശക്തമായ മഴ തുടരുന്നു. രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. പല സ്ഥലങ്ങളിലും മതിലിടിഞ്ഞും മരം വീണും അപകടമുണ്ടായി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിത്തുടങ്ങി. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഞായറാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിൽ ഇന്ന് അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. റെഡ് അലർട്ടിന്റെ പശ്ചാത്തലത്തിൽ ജില്ല ഭരണകൂടം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
കൽപറ്റ നഗരത്തിൽ വെള്ളക്കെട്ട്, കടകളിലേക്കും വെള്ളം കയറി
ശക്തമായ മഴയിൽ കൽപറ്റ നഗരത്തിൽ കനത്ത വെള്ളക്കെട്ട്. നഗരത്തിൽ വിവിധ ഭാഗങ്ങളിൽ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് കടകളിലേക്കും വെള്ളം കയറി. കൽപറ്റ ബൈപാസ്, കനറാ ബാങ്ക് പരിസരം, ലിയോ ആശുപത്രി റോഡ് എന്നിവടങ്ങളിലെല്ലാം റോഡിൽ വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്.
കൽപറ്റ ബൈപാസിൽ നിന്ന് റാട്ടിക്കൊല്ലിയിലേക്ക് ഇറങ്ങുന്ന റോഡ് വെള്ളം കുത്തിയൊലിച്ചതിനെ തുടർന്ന് തകർന്നു. ടൗൺഷിപ്പിൽ നിന്നുള്ള വെള്ളം ഒഴുകി എത്തിയതിനെ തുടർന്നാണ് നഗരത്തിൽ ഇത്രയധികം വെള്ളക്കെട്ട് രൂപപ്പെട്ടത്.
റിസോർട്ടുകൾ- ഹോംസ്റ്റേകൾ - വിനോദ സഞ്ചാര കേന്ദ്രങ്ങൾ- ട്രക്കിങ് എന്നിവക്ക് നിരോധനം
ആനക്കാംപൊയിൽ- കള്ളാടി തുരങ്ക പാത നിർമാണ പ്രദേശത്ത് താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണം
ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചതിനാൽ ദുരന്ത സാധ്യത പ്രദേശങ്ങളിലെ റിസോർട്ടുകൾ, ഹോംസ്റ്റേകൾ, സാഹസിക ടൂറിസം ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ട്രക്കിങ് എന്നിവക്ക് ഞായറാഴ്ച ജില്ല കലക്ടർ വി. ചെൽസാസിനി പൂർണ നിരോധനം ഏർപ്പെടുത്തി ഉത്തരവിട്ടു.
ദുരന്ത സാധ്യത പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ ആവശ്യമായ നടപടികൾ സ്വീകരിക്കണം. ആനക്കാംപൊയിൽ- കള്ളാടി തുരങ്ക പാത നിർമാണ പ്രദേശത്ത് താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണം.
എൻ ഊരിലേക്ക് പ്രവേശനം നിർത്തിവെച്ചു
ലക്കിടി: ജില്ലയിൽ ശക്തമായ മഴയെതുടർന്ന് എൻ ഊര് ഗോത്രപൈതൃക ഗ്രാമത്തിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു.

