കൽപറ്റയിൽ പ്രതിഷേധ പ്രകടനത്തിനിടെ കോൺഗ്രസുകാർ തമ്മിൽ കൈയാങ്കളി
text_fieldsകൽപറ്റയിൽ നടന്ന പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസ്
പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷം. പ്രവർത്തകരെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്ന ടി. സിദ്ദീഖ് എം.എൽ.എയെയും കാണാം
കൽപറ്റ: രാഹുൽഗാന്ധി എം.പിക്കെതിരായ നീക്കത്തിൽ ഒരുഭാഗത്ത് പ്രതിഷേധം അലയടിക്കുമ്പോൾ മറുഭാഗത്ത് അദ്ദേഹത്തിന്റെ മണ്ഡലത്തിൽ തന്നെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ കൈയാങ്കളി. വെള്ളിയാഴ്ച വൈകീട്ട് കൽപറ്റയിൽ നടന്ന കോൺഗ്രസ് പ്രതിഷേധ പ്രകടനത്തിനിടെയും അതിനുശേഷവുമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ തല്ലിയത്.
കൽപറ്റ കനറാ ബാങ്ക് പരിസരത്തുനിന്ന് ഡി.സി.സി നേതാക്കളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് ആരംഭിച്ച് അൽപദൂരം പിന്നിട്ടശേഷമാണ് ആദ്യം കൈയാങ്കളിയുണ്ടായത്. ടി. സിദ്ദീഖ് എം.എൽ.എ ഉൾപ്പെടെയുള്ള നേതാക്കൾ ഇടപെട്ടാണ് സംഘർഷമൊഴിവാക്കിയത്. പിന്നീട് പ്രതിഷേധ യോഗത്തിനുശേഷം പ്രവർത്തകർ മടങ്ങുന്നതിനിടെ വീണ്ടും കൈയാങ്കളിയിലേർപ്പെട്ടു.
പ്രകോപനമൊന്നുമില്ലാതെ കെ.പി.സി.സി അംഗം പി.പി. ആലിയുടെ നേതൃത്വത്തിൽ തന്നെ തള്ളിവിട്ടുവെന്നും യൂത്ത് കോൺഗ്രസ് കൽപറ്റ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഹർഷൽ കോന്നാടൻ ബലമായി കോളറിൽ പിടിച്ച് മർദിച്ചുവെന്നും സാലി റാട്ടക്കൊല്ലി ആരോപിച്ചു. പ്രതിഷേധ യോഗം കഴിഞ്ഞശേഷം പുതിയ ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് നടന്നുപോകുന്നതിനിടെ യൂത്ത് കോൺഗ്രസ് കൽപറ്റ മണ്ഡലം പ്രസിഡന്റ് ഹർഷൽ കോന്നാടൻ ഉൾപ്പെടെയുള്ള സംഘം വീണ്ടും മർദിച്ചെന്നും സാലി റാട്ടക്കൊല്ലി ആരോപിച്ചു.
സാലി റാട്ടക്കൊല്ലി കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അതേസമയം, സാലി റാട്ടക്കൊല്ലി ഉൾപ്പെടെയുള്ള ഒരുവിഭാഗം പേർ മർദിച്ചുവെന്നാരോപിച്ച് ഹർഷൽ കോന്നാടൻ, യൂത്ത് കോൺഗ്രസ് കൽപറ്റ മണ്ഡലം വൈസ് പ്രസിഡന്റ് പ്രതാപ് കൽപറ്റ, സെക്രട്ടറി എം.എസ്. ഫെബിൻ എന്നിവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
ജില്ല കോൺഗ്രസ് നേതാക്കളെ തള്ളിമാറ്റി ജാഥയുടെ മുൻനിരയിലേക്കിടിച്ച് കയറാനുള്ള സാലി റാട്ടക്കൊല്ലിയുടെ നീക്കം തടയുക മാത്രമാണ് താൻ ചെയ്തതെന്നും മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ആരെയും മർദിച്ചിട്ടില്ലെന്നും കെ.പി.സി.സി അംഗം പി.പി. ആലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

