കമിറ്റഡ് സോഷ്യൽ വര്‍ക്കര്‍: ആദിവാസി ഉദ്യോഗാർഥികളെ തഴയുന്നതിൽ പ്രതിഷേധം
text_fieldsകൽപറ്റ: പട്ടികവർഗ വികസന വകുപ്പിൽ കമിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍മാരുടെ താൽക്കാലിക നിയമനത്തിൽ ആദിവാസി വിഭാഗക്കാരെ പൂര്‍ണമായും തഴയുന്നതിനെതിരെ പ്രതിഷേധം കനക്കുന്നു. ജില്ലയിലെ അഭ്യസ്തവിദ്യരും പരിചയ സമ്പന്നരുമായ ആദിവാസി ഉദ്യോഗാർഥികളെ അവഗണിച്ച് ഇഷ്ടക്കാരെ തിരുകിക്കയറ്റാനുള്ള നീക്കങ്ങൾക്കെതിരെ ആദിവാസി സംഘടനകൾ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. ഈ വിഷയമുന്നയിച്ച് ആദിവാസി ഗോത്ര മഹാസഭ ഫെബ്രുവരി 21ന് കലക്ടറേറ്റിന് മുന്നില്‍ സത്യഗ്രഹ സമരം നടത്തുമെന്ന് സ്റ്റേറ്റ് കോഓഡിനേറ്റർ എം. ഗീതാനന്ദൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പട്ടികവര്‍ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനായി നിയമിച്ചുവരുന്ന കമിറ്റഡ് സോഷ്യല്‍ വര്‍ക്കേഴ്സ് തസ്തികയിലേക്കുള്ള നിയമനങ്ങള്‍ ആദിവാസി വിഭാഗത്തില്‍ നിന്നുമാത്രം നടത്തണമെന്നും എസ്.ടി വിഭാഗം പ്രെമോര്ട്ടര്മാരെ നിയമിക്കുമ്പോള്‍ പ്രായപരിധി ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ട് സമരം ശക്തമാക്കും. മാർച്ച് നാലിന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനുമുന്നിലും ഇക്കാര്യമുന്നയിച്ച് സത്യഗ്രഹം നടത്തും. ആദിവാസി ഗോത്രമഹാസഭയുടെയും ആദിശക്തി സമ്മര്‍ സ്കൂള്‍ എന്ന വിദ്യാർഥി കൂട്ടായ്മയുടെയും നേതൃത്വത്തിലാണ് സമരം സംഘടിപ്പിക്കുന്നത്.
ആദിവാസി വിദ്യാർഥികള്‍ നേരിടുന്ന അവഗണനക്കെതിരെ മാര്‍ച്ച് നാലിന് സെക്രട്ടേറിയറ്റിന് മുന്നില്‍ വിദ്യാഭ്യാസ മെമ്മോറിയല്‍ സമര്‍പ്പിക്കുന്നതിനൊപ്പം അഭ്യസ്ത വിദ്യരായ ആദിവാസി യുവതീയുവാക്കളുടെ തൊഴിലില്ലായ്മയുടെ പ്രശ്നവും ഉന്നയിക്കും. നിയമനങ്ങളിൽ പണിയ, അടിയ, കാട്ടുനായ്ക്ക തുടങ്ങിയ ദുർബല വിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കണം. കമിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍ നിയമനത്തിനുള്ള 54 തസ്തികയിലേക്ക് രണ്ടായിരത്തോളം പേര് അപേക്ഷ സമര്‍പ്പിച്ചു. ഇതില്‍ 160ലേറെ പേര് എസ്.ടി വിഭാഗത്തിൽപെട്ടവരാണ്. എം.എസ്.ഡബ്ല്യു, എം.എ സോഷ്യോളജി, എം.എ ആന്ത്രോപോളജി തുടങ്ങിയ പി.ജി ബിരുദമാണ് യോഗ്യത. എസ്.ടി വിഭാഗത്തിന് മുന്‍ഗണന നല്‍കുമെന്ന് വിജ്ഞാപനത്തില്‍ പറയുന്നുണ്ടെങ്കിലും പട്ടികവര്‍ഗക്കാര്‍ തഴയപ്പെട്ടു.
പട്ടികവര്‍ഗ വിഭാഗത്തില്‍നിന്ന് നാലുപേര്‍ മാത്രമേ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളൂ. പണിയ വിഭാഗത്തില്‍നിന്ന് ഒരാള്‍ മാത്രവും. യോഗ്യതയുള്ള ആദിവാസി യുവാക്കളെ പുറത്താക്കുന്നതിനായി ഗൂഢതന്ത്രങ്ങളാണ് പരീക്ഷയിൽ നടന്നത്. ട്രൈബൽ മേഖലയുമായി ബന്ധപ്പെട്ട രണ്ടു ചോദ്യം മാത്രമാണ് പരീക്ഷയിൽ ഉൾപ്പെടുത്തിയത്. ഊരുകളിൽ സാമൂഹിക സേവനം നടത്താനുള്ള ജോലിയുടെ പരീക്ഷ ഇംഗ്ലീഷിലാക്കി. ഒരു ബന്ധവുമില്ലാത്ത, ന്യൂമറിക്കൽ എബിലിറ്റിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് കൂടുതലും ഉണ്ടായിരുന്നത്. അഭ്യസ്തവിദ്യരായ നിരവധി പേര് എസ്.ടി വിഭാഗത്തില്‍ തന്നെയുള്ളപ്പോള്‍ ഈ മേഖലയില്‍ സേവനം നടത്താന്‍ മറ്റുള്ളവരെ നിയമിക്കുന്നത് നീതിനിഷേധമാണ്.
എസ്.ടി പ്രമോര്‍ട്ടര്‍ നിയമനം നടത്തുമ്പോള്‍ പ്രായം കൂടിയവര്‍ക്ക് പ്രത്യേക പരിഗണന നല്‍കേണ്ടത് ആവശ്യമാണ്. എന്നാല്‍, നിലവില്‍ പ്രമോര്‍ട്ടര്‍മാരായി നിയമിക്കുന്നവര്‍ക്ക് നിയതമായ ഉത്തരവാദിത്തങ്ങള്‍ നല്‍കുന്നില്ല. വിദ്യാഭ്യാസം, ആരോഗ്യം, മറ്റ് സേവനങ്ങള്‍ തുടങ്ങിയവക്കുവേണ്ടി ഉയര്‍ന്ന പ്രായപരിധിയുള്ളവര്ക്കുകൂടി പരിശീലനം നല്കി ആദിവാസി മേഖലയില്‍ ഉപയോഗിക്കുകയാണ് വേണ്ടത്. ഗീതാനന്ദനൊപ്പം സി. മണികണ്ഠനും രമേശ് കൊയാലിപ്പുരയും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
'നിയമനം ആദിവാസികളിൽനിന്നുവേണം'
മീനങ്ങാടി: ആദിവാസികളെ സേവിക്കാൻ തിരഞ്ഞെടുക്കുന്ന കമിറ്റഡ് സോഷ്യൽ വർക്കർമാർ ആദിവാസികളിൽനിന്നുള്ള യോഗ്യരായവർ മതിയെന്ന് എം.ആർ. പൊതയൻ കൾചറൽ ഫോറം ആവശ്യപ്പെട്ടു. പട്ടികവർഗ വികസന വകുപ്പിലെ നിയമനത്തിൽ ഗോത്രവർഗക്കാരായവരെ തിരഞ്ഞെടുത്താൽ ആദിവാസികൾക്കുവേണ്ടി മറ്റുള്ളവർ ചെയ്യുന്നതിനേക്കാൾ സേവനം പ്രതീക്ഷിക്കാനാകും. അവരിൽ ഒരു പരിധിവരെ ജോലിയില്ലെന്ന പ്രശ്നത്തിന് പരിഹാരവുമാകും.
എം.എസ്.ഡബ്ല്യു, എം.എ. സോഷ്യോളജി, ആന്ത്രോപ്പോളജി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും ആദിവാസി മേഖലയിൽ പ്രവർത്തിച്ച് പരിചയവുമുള്ളവരെയാണ് തിരഞ്ഞെടുക്കേണ്ടത്. ചെയർമാൻ എം.കെ. ശിവരാമൻ അധ്യക്ഷത വഹിച്ചു. വി.എസ്. ജയാനന്ദൻ, കെ.ആർ. ദിവാകരൻ, സാജൻ വെള്ളിത്തോട്, രവി മന്നത്ത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

