കല്‍പറ്റ: പട്ടികവര്‍ഗ യുവാവിന് ഉപരിപഠനത്തിന് ജാതി സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചെന്ന പരാതിയില്‍ തഹസില്‍ദാര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശയുമായി പട്ടികജാത-പട്ടിക ഗോത്രവര്‍ഗ കമീഷന്‍. വൈത്തിരി തഹസില്‍ദാര്‍ തല്‍സ്ഥാനത്ത് തുടരുന്നത് ശരിയാണോയെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി പരിശോധിച്ച് തീരുമാനമെടുക്കണമെന്നാണ് കമീഷന്‍ ചെയര്‍മാന്‍ ബി.എസ്. മാവോജി ഉത്തരവിട്ടത്. വയനാട് മുട്ടില്‍ അമ്പുകുത്തി കാവനാല്‍ ഡോ. വി.പി. അഭിജിത്തിന് ജാതി സര്‍ട്ടിഫിക്കറ്റ് നിഷേധിച്ച വിഷയത്തില്‍ ഊര് ട്രസ്റ്റ് സെക്രട്ടറി ഡോ. കെ.ടി. റെജികുമാര്‍ നല്‍കിയ പരാതിയിലാണ് കമീഷൻ നടപടി.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയ അഭിജിത് എം.ഡി പഠനത്തിനാണ് ജാതി സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചത്. തഹസില്‍ദാര്‍ തടസ്സമുന്നയിച്ചതിനെ തുടര്‍ന്ന് വയനാട് കലക്ടര്‍ക്ക് അപ്പീല്‍ നല്‍കി. തുടര്‍ന്ന് തഹസില്‍ദാറുടെ റിപ്പോര്‍ട്ട് നിഷേധിക്കാതെ ഉപാധികളോടെ വിദ്യാഭ്യാസ ആവശ്യത്തിനുമാത്രം മാതാവിെൻറ ജാതിയില്‍ ഉള്‍പ്പെടുത്തി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കലക്ടര്‍ ഉത്തരവിട്ടു.
ജാതി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ ഉദ്യോഗസ്ഥര്‍ ജാതീയമായി അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കമീഷന് പരാതി നല്‍കിയത്. കമീഷന്‍ ഉത്തരവില്‍ ഉദ്യോഗസ്ഥ വീഴ്ച ചൂണ്ടിക്കാട്ടിയ സാഹചര്യത്തില്‍ തഹസില്‍ദാര്‍ക്കെതിരെ പട്ടികജാതി–പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആദിവാസി വനിത പ്രസ്ഥാനം നേതാക്കളായ കെ. അമ്മിണി, എ.എസ്. മല്ലിക, എ.എസ്. ബീന എന്നിവര്‍ ആവശ്യപ്പെട്ടു.