സംസ്ഥാന കമ്മിറ്റിയുടെ നിർദേശം ലംഘിച്ച് സ്ഥാനാർഥി പട്ടിക; വയനാട്ടിൽ മുസ് ലിം ലീഗിൽ ഭിന്നത രൂക്ഷം
text_fieldsകൽപറ്റ: തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള വയനാട് ജില്ലയിലെ മുസ് ലിം ലീഗ് സ്ഥാനാർഥികളുടെ പട്ടികയിൽ വ്യാപക പരാതി. സ്ഥാനാർഥി നിർണയം പൂർത്തിയായില്ലെങ്കിലും സംസ്ഥാന കമ്മിറ്റിയുടെ നിർദേശങ്ങൾ കാറ്റിൽ പറത്തിയും ജില്ലയിലെ ചില നേതാക്കളുടെ താൽപര്യങ്ങൾക്കനുസരിച്ചുമാണ് വാർഡ് തലം മുതൽ ജില്ല പഞ്ചായത്തിലേക്ക് വരേയുള്ള പല സ്ഥാനാർഥികളെയും തീരുമാനിച്ചതെന്നാണ് പാർട്ടിക്കുള്ളിൽ ആരോപണം ഉയർന്നിട്ടുള്ളത്.
മൂന്ന് ടേം പൂർത്തിയായവരെ സ്ഥാനാർഥികളാക്കരുതെന്നും എന്നാൽ, കഴിഞ്ഞ ടേം മാറി നിന്നവരെ അത്യാവശ്യമെങ്കിൽ മാത്രം ഏകകണ്ഠ തീരുമാന പ്രകാരം ഒരു തവണ കൂടി പരിഗണിക്കാമെന്നുമാണ് സംസ്ഥാന കമ്മിറ്റിയുടെ നിർദേശം. അതേസമയം, മൂന്നിലധികം തവണ ജനപ്രതിനിധികളായവരെ ഒരു കാരണവശാലും പരിഗണിക്കരുതെന്നാണ് സർക്കുലറിൽ പറയുന്നത്. സംസ്ഥാന കമ്മിറ്റിയുടെ കർശന നിർദേശം കാറ്റിൽ പറത്തി അഞ്ചുതവണ ടേം പൂർത്തിയാക്കിയവരെ ഉൾപ്പെടെ വയനാട് ജില്ല പഞ്ചായത്തിലേക്ക് ഇത്തവണ സ്ഥാനാർഥിയാക്കിയതായി ഒരു വിഭാഗം നേതാക്കൾ ആരോപിക്കുന്നു.
അതേസമയം, തരുവണ ഡിവിഷനിൽ സ്ഥാനാർഥിയായി തീരുമാനിച്ച വനിത ലീഗ് ജില്ല നേതാവിനെ മൂന്ന് ടേം പൂർത്തിയാക്കിയെന്ന കാരണത്താൽ ചിലരുടെ നിർബന്ധത്തിന് വഴങ്ങി മാറ്റി നിർത്തിയെന്നും ഒരു വിഭാഗം ആരോപിക്കുന്നു. മൂന്ന് ടേം പൂർത്തിയാക്കാത്ത പല പ്രധാന നേതാക്കളെയും തഴഞ്ഞാണ് ആറാം തവണയും സീറ്റ് നൽകിയതെന്നാണ് ഇവർ ആരോപിക്കുന്നത്.
ലീഗിലെ ഇരു വിഭാഗവും തമ്മിലുള്ള ധാരണയുടെ പുറത്താണ് ഇത്തരത്തിൽ സീറ്റ് നൽകിയതെന്നും പറയുന്നുണ്ട്. ജില്ല പഞ്ചായത്തിൽ അധികാരത്തിലെത്തിയാൽ വൈസ് പ്രസിഡന്റ് സ്ഥാനം കുഞ്ഞാലിക്കുട്ടി പക്ഷത്തിനുനൽകി കൽപറ്റ നിയോജക മണ്ഡലം പ്രസിഡന്റ് സ്ഥാനം ഷാജി പക്ഷത്തിന് നൽകാനുള്ള ഡീലിന്‍റെ ഭാഗമായാണ് ഇതെന്നാണ് പറയുന്നത്. അതേസമയം, സംസ്ഥാന കമ്മിറ്റിയുടെ നിലപാടിന് വിരുദ്ധമായി നടത്തിയ സ്ഥാനാർഥി നിർണയത്തിനെതിരെ ഒരു വിഭാഗം നേതാക്കൾ സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾക്ക് പരാതി നൽകാൻ തീരുമാനിച്ചതായാണ് വിവരം.
കൽപറ്റ മുനിസിപ്പാലിറ്റിയിലും പരാതി
കൽപറ്റ മുനിസിപ്പാലിറ്റിയിലെ ലീഗിന്‍റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ ശക്തമായ പ്രതിഷേധമുയർന്നിട്ടുണ്ട്. പരിചയ സമ്പന്നനായ അഭിഭാഷകനെയുൾപ്പടെ മാറ്റി നിർത്തുകയും അതേസമയം ചിലർക്ക് വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റിയെന്നുമാണ് ആരോപണം. പാർട്ടിയെ അവഗണിച്ച വനിത നേതാവിനെ വീണ്ടും നഗരസഭയിൽ സ്ഥാനാർഥിയാക്കാനുള്ള ശ്രമമുണ്ടായതിനെ തുടർന്ന് വനിത ലീഗിലെ ഒരു വിഭാഗം സ്വന്തം സ്ഥാനാർഥിയെ നിർത്തുമെന്ന് പരസ്യമായി പ്രഖ്യാപിച്ചതോടെയാണ് നീക്കത്തിൽനിന്ന് പിന്മാറിയത്.
പ്രാദേശിക ഘടകത്തിന് ഒട്ടും താൽപര്യമില്ലാതിരുന്ന വ്യക്തിയെ നഗരസഭയിൽ മത്സരിപ്പിക്കാൻ വാശി പിടിച്ച് ഒരു ലീഗിന്‍റെ ജില്ല നേതാവ് ബന്ധപ്പെട്ട യോഗത്തിൽനിന്ന് ഇറങ്ങിപ്പോയ സംഭവവുമുണ്ടായി. ലീഗിന് ശക്തമായ അടിത്തറയുള്ള വെള്ളമുണ്ട പഞ്ചായത്തിലെ ഒരു വാർഡിൽ പ്രാദേശിക നേതൃത്വത്തിന്‍റെ ആവശ്യം നിരസിച്ച് ചില നേതാക്കളുടെ ഇഷ്ടത്തിന് വഴങ്ങി മറ്റൊരാളെ സ്ഥാനാർഥികയാക്കാനുള്ള നീക്കത്തിനെതിരെയും അണികളിൽ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

