Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightജാഗ്രത പുലർത്താം,...

ജാഗ്രത പുലർത്താം, പേവിഷബാധക്കെതിരെ

text_fields
bookmark_border
Stray dog ​​attacks
cancel

കൽപറ്റ: പേവിഷബാധക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കുന്ന രോഗങ്ങളില്‍ ഏറ്റവും മാരകം പേവിഷബാധയാണ്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യ രോഗമാണ് പേവിഷബാധ അഥവാ റാബീസ്.

പേവിഷബാധ ഉണ്ടാക്കുന്നത് ഒരു ആര്‍.എന്‍.എ വൈറസാണ്- ലിസ വൈറസ്. ഉഷ്ണരക്തമുള്ള എല്ലാ ജീവജാലങ്ങളെയും പേവിഷം ബാധിക്കും. പ്രകടമായ ലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ ഒരു വൈദ്യശാസ്ത്രത്തിനും രക്ഷിക്കാന്‍ കഴിയില്ല. നായ്കളിലും പൂച്ചകളിലും ഈ രോഗം കൂടുതലായി കണ്ടുവരുന്നു. പന്നി, കഴുത, കുതിര, കുറുക്കന്‍, ചെന്നായ, കുരങ്ങന്‍, അണ്ണാന്‍ എന്നീ മൃഗങ്ങളെയും പേവിഷം ബാധിക്കാറുണ്ട്. വളര്‍ത്തുമൃഗങ്ങളെയും വന്യമൃഗങ്ങളെയും ഒരുപോലെ രോഗം ബാധിക്കും.

രോഗം ബാധിച്ച മൃഗങ്ങള്‍ നക്കുമ്പോഴും മാന്തുമ്പോഴും കടിക്കുമ്പോഴും ഉമിനീരിലുള്ള രോഗാണുക്കള്‍ മുറിവുകള്‍ വഴി മൃഗങ്ങളുടെയും മനുഷ്യരുടെയും ശരീരത്തില്‍ പ്രവേശിക്കുന്നു. ഈ അണുക്കള്‍ നാഡികളിലൂടെ സഞ്ചരിച്ച് തലച്ചോറിലെത്തിയാണ് രോഗമുണ്ടാകുന്നത്.

തലച്ചോറിലെത്തുന്ന വൈറസുകള്‍ അവിടെ പെരുകി ഉമിനീരിലൂടെ വിസർജിക്കപ്പെടുന്നു. നായ, പൂച്ച, കുറുക്കന്‍ എന്നിവയിലൂടെയാണ് മനുഷ്യര്‍ക്ക് പ്രധാനമായും പേവിഷബാധയേല്‍ക്കുന്നത്. ഇവയിലൂടെ കന്നുകാലികളിലേക്കും രോഗം പകരാറുണ്ട്.

കേരളത്തില്‍ 95 ശതമാനവും നായ് ക്കളിലൂടെയാണ് രോഗം പകരുന്നത്. മനുഷ്യരിലും മൃഗങ്ങളിലും പേയുണ്ടാക്കുന്ന രോഗാണുക്കള്‍ ഒന്നുതന്നെയാണ്. ആര്‍.എന്‍.എ വൈറസ് ആയ ലിസ വൈറസ് ജനുസ്സില്‍പ്പെട്ട റാബീസ് വൈറസാണ് രോഗമുണ്ടാക്കുന്നത്. ലിസ വൈറസ് നാലുതരമുണ്ട്.

റാബീസ് വൈറസ്, ലോഗോസ് ബാട്ട് വൈറസ്, മൊക്കോള വൈറസ്, ഡുവല്‍ഹേജ് വൈറസ് എന്നിവയാണവ. മനുഷ്യശരീരത്തില്‍ രോഗാണു പ്രവേശിച്ചുകഴിഞ്ഞാല്‍ രോഗലക്ഷണം നാലാം ദിവസം മുതല്‍ പ്രകടമായേക്കാം. ചിലപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞും രോഗലക്ഷണങ്ങള്‍ പ്രകടമാകാറുണ്ട്.

എങ്കിലും 30 ദിവസം മുതല്‍ 90 ദിവസം വരെയാണ് ശരാശരി കടിക്കുന്ന മൃഗത്തിന്റെ ഉമിനീരിലുള്ള വൈറസിന്റെ അളവ്, കടിയേല്‍ക്കുന്ന ശരീരഭാഗം, കടിയുടെ രൂക്ഷത എന്നിവയെ ആശ്രയിച്ച് കാലാവധിയില്‍ മാറ്റമുണ്ടാകാം. തലച്ചോറിനടുത്ത ഭാഗത്തെ കടിയാണ് (മാന്തലുമാകാം) ഏറെ അപകടകരം. അതുകൊണ്ടുതന്നെ തലയിലും മുഖത്തും കഴുത്തിലും കണ്‍പോളകളിലും ചെവികളിലും കടിയേല്‍ക്കുന്നത് കൂടുതല്‍ അപകടകരമാണ്.

രോഗമുള്ള മൃഗം കടിച്ചാല്‍ എന്തുചെയ്യണം:

നായകളാണ് രോഗവാഹകരില്‍ പ്രധാനികള്‍. കടിയേറ്റ (മാന്തലുമാകാം) ഭാഗം സോപ്പ് ഉപയോഗിച്ച് പച്ചവെള്ളത്തില്‍ (ടാപ്പിനു ചുവടെയെങ്കില്‍ അത്യുത്തമം) 15 മുതല്‍ 20 മിനിറ്റ് വരെ നന്നായി കഴുകുക. മുറിവ് പൊതിഞ്ഞുകെട്ടുകയോ തുന്നലിടുകയോ പാടില്ല. എത്രയും വേഗം അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ ചികിത്സക്കെത്തുക.

ചികിത്സ:

മുറിവിന്റെ സ്വഭാവം, തലച്ചോറില്‍ നിന്നുള്ള മുറിവിന്റെ അകലം എന്നീ കാര്യങ്ങള്‍ പരിശോധിച്ചാണ് ഡോക്ടര്‍മാര്‍ വാക്‌സിനേഷന്റെ രീതി നിശ്ചയിക്കുന്നത്. രോഗം സങ്കീര്‍ണമാകുന്നത് മുറിവിന്റെ ആഴവും തലച്ചോറില്‍ നിന്നുള്ള അകലവും അനുസരിച്ചാണ്.

മുറിവിന്റെ സ്വഭാവം കണക്കിലെടുക്കാതെ തന്നെ കടിയോ മാന്തലോ ഏറ്റ ഉടന്‍ തന്നെയും മൂന്നാം ദിവസവും ഏഴാം ദിവസവും 28 ാം ദിവസവും നിര്‍ബന്ധമായും വാക്‌സിനെടുക്കണം. എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും ഇതിനുള്ള സൗകര്യം ലഭിക്കും.

മുറിവിന്റെ സ്വഭാവമനുസരിച്ച് ഡോക്ടര്‍ നിര്‍ദേശിക്കുന്നതു പ്രകാരം പേവിഷബാധ തടയാനുള്ള ഇമ്മ്യൂണോഗ്ലോബുലിന്‍ (മുറിവിലും മുറിവിന്റെ ചുറ്റുവട്ടത്തും നല്‍കുന്ന ഇഞ്ചക്ഷന്‍) സ്വീകരിക്കുക.

രോഗലക്ഷണങ്ങള്‍

പേവിഷബാധയുള്ളവര്‍ വെള്ളം, വെളിച്ചം, കാറ്റ് എന്നിവയെ ഭയപ്പെടും. വിഭ്രാന്തിയും അസ്വസ്ഥതയും മറ്റ് ലക്ഷണങ്ങളാണ്. നായ്ക്കളില്‍ രണ്ടുതരത്തില്‍ രോഗം പ്രകടമാകാം. ക്രുദ്ധരൂപവും ശാന്തരൂപവും. ഉടമസ്ഥനെയും കണ്ണില്‍ കാണുന്ന മൃഗങ്ങളെയും മനുഷ്യരെയും എന്തിന് കല്ലും തടിക്കഷ് ണങ്ങളെയും കടിച്ചെന്നിരിക്കും. തൊണ്ടയും നാവും മരവിക്കുന്നതിനാല്‍ കുരക്കുമ്പോഴുള്ള ശബ്ദത്തിന് വ്യത്യാസമുണ്ടാകും.

ഉമിനീര്‍ ഇറക്കാന്‍ കഴിയാതെ പുറത്തേക്ക് ഒഴുകും. ശാന്തരൂപത്തില്‍ അനുസരണക്കേട് കാട്ടാറില്ല. ഉടമസ്ഥനോട് കൂടുതല്‍ സ്‌നേഹം കാണിക്കുകയും നക്കുകയും ചെയ്‌തെന്നിരിക്കും. ഇരുണ്ട മൂലകളിലും കട്ടിലിനടിയിലും ഒതുങ്ങിക്കഴിയാന്‍ ഇഷ്ടപ്പെടും. രണ്ടുരൂപത്തിലായാലും രോഗലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ മൂന്ന്-നാല് ദിവസങ്ങള്‍ക്കുള്ളില്‍ ചത്തുപോകും.

പേപ്പട്ടിയേക്കാള്‍ ഉപദ്രവകാരിയാണ് പേവിഷബാധയേറ്റ പൂച്ച. പൂച്ചകള്‍ അപ്രതീക്ഷിതമായി ആക്രമിക്കുകയും മാരകമായ മുറിവുകള്‍ ഉണ്ടാക്കുകയും ചെയ്യും. കന്നുകാലികളില്‍ അകാരണമായ അസ്വസ്ഥത, വെപ്രാളം, വിഭ്രാന്തി, വിശപ്പില്ലായ്മ, അക്രമവാസന, ഇടവിട്ട് മുക്രയിടുക, തുള്ളി തുള്ളിയായി മൂത്രം പോവുക എന്നീ ലക്ഷണങ്ങള്‍ കാണുന്നു. കാളകളില്‍ അമിതമായ ലൈംഗികാസക്തിയും കാണാം.

ഇമ്മ്യൂണോ ഗ്ലോബുലിന്‍ ലഭിക്കുന്ന ആശുപത്രികള്‍

മാനന്തവാടി ഗവ. മെഡിക്കല്‍ കോളജ്, കല്‍പറ്റ ജനറല്‍ ആശുപത്രി, സുല്‍ത്താന്‍ ബത്തേരി, വൈത്തിരി താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഇമ്മ്യൂണോഗ്ലോബുലിന്‍ ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Instructionsrabies
News Summary - Be careful against rabies
Next Story