ദുരന്തബാധിതരുടെ ബാങ്ക് വായ്പ: അദാലത്ത് 11വരെ
text_fieldsമുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ ബാങ്ക് വായ്പകള്‍ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളെ നേരിട്ട് കേള്‍ക്കാന്‍ കലക്ടറേറ്റില്‍ സംഘടിപ്പിച്ച് അദാലത്തില്‍നിന്ന്
കൽപറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ ബാങ്ക് വായ്പകള്‍ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളെ നേരിട്ട് കേള്‍ക്കാന്‍ കലക്ടറേറ്റില്‍ സംഘടിപ്പിച്ച അദാലത്തില്‍ ഫേസ് വണ്ണിലെ 80 ഓളം കുടുംബങ്ങൾ പങ്കെടുത്തു. വായ്പകളുമായി ബന്ധപ്പെട്ട് സർക്കാറിന്റെ കൈവശമുള്ള ലിസ്റ്റുകൾ ഗുണഭോക്താക്കളെ ബോധ്യപ്പെടുത്തി. ഇതിൽ പുതുതായി ചേർക്കേണ്ടതായ രേഖകൾ/വായ്പകൾ ഉണ്ടെങ്കിൽ അവ ഹാജരാക്കാൻ ആവശ്യപ്പെട്ടു. ദുരന്തബാധിതരായി സര്‍ക്കാര്‍ അംഗീകരിച്ച് പ്രസിദ്ധപ്പെടുത്തിയവരുടെ വായ്പകള്‍ എഴുതിത്തള്ളുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് അദാലത്ത്.
ഫേസ് 1, ഫേസ് 2 എ, ഫേസ് 2 ബി പട്ടികകളിലെ ഗുണഭോക്താക്കളുടെയും ദുരന്തത്തില്‍ മരിച്ചവരുടെയും ലോണുകളാണ് അദാലത്തില്‍ പരിഗണിക്കുന്നത്. ജൂണ്‍ 11 വരെയുള്ള ദിവസങ്ങളില്‍ അദാലത്ത് നടക്കും. ചൊവ്വാഴ്ച ഫേസ് വണ്ണിൽ ബാക്കിയുള്ളവരും ഫേസ് 2 എ പട്ടികകളിലെ ഗുണഭോക്താക്കളും കലക്ടറേറ്റ് കൺഫറൻസ് ഹാളിൽ നടക്കുന്ന അദാലത്തിൽ പങ്കെടുക്കണം. ദുരന്തബാധിതര്‍ക്ക് 2024 ജൂലൈ 30ന് ഉണ്ടായിരുന്ന ബാങ്ക് ലോണുകള്‍ സംബന്ധിച്ച ബാങ്ക് ലോണ്‍ സ്റ്റേറ്റ്‌മെന്റ്, പാസ് ബുക്ക് എന്നിവ ഉള്‍പ്പെടെ കൈവശമുള്ള രേഖകള്‍ അദാലത്തില്‍ കൊണ്ടുവരണം.
മരിച്ചവരുടെ ലോണ്‍ സംബന്ധിച്ച വിവരങ്ങള്‍ ജീവിച്ചിരിക്കുന്ന മറ്റ് അടുത്ത ബന്ധുക്കള്‍ ലഭ്യമാക്കണം. അദാലത്തിലെത്തുന്നവര്‍ ആധാര്‍ അല്ലെങ്കില്‍ തിരിച്ചറില്‍ രേഖയുടെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, ലോണ്‍ അക്കൗണ്ട് പാസ് ബുക്കിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, അദാലത്തില്‍ പങ്കെടുക്കുന്നതിന് വായ്പക്കാരന്‍ ചുമതലപ്പെടുത്തിയ സമ്മതപത്രം, മരിച്ച വ്യകതിയുടെ അവകാശ രേഖകള്‍ എന്നിവയില്‍ ലഭ്യമായവ കൊണ്ടുവരണം. നേരിട്ടെത്താന്‍ ബുദ്ധിമുട്ടുള്ളവരുടെ വിശദാംശങ്ങള്‍ ക്യാമ്പില്‍ വരുന്ന മറ്റ് കുടുംബാംഗങ്ങള്‍ കൊണ്ടുവരേണ്ടതാണ്. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എം.കെ ഇന്ദു, ജില്ല വിദ്യാഭ്യാസ ഓഫിസർ സി.വി. മൻമോഹൻ, ജില്ല ഫിനാൻസ് ഓഫിസർ ആർ. സാബു, ജീവനക്കാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

