നീണ്ടു നീണ്ട്...ബൈപാസ് നവീകരണം
text_fieldsതകർന്ന കൽപറ്റ ബൈപാസ് റോഡ്
കൽപറ്റ: തകർന്നു തരിപ്പണമായി വൻ യാത്രാദുരിതം നേരിടുന്ന കൽപറ്റ ബൈപാസ് നവീകരണത്തിൽ വീഴ്ച ആരോപിച്ച് കരാറുകാരനെ മാറ്റിയെങ്കിലും റോഡ് നിർമാണം ഇനിയും നീളും. പുതിയ എസ്റ്റിമേറ്റ് തയാറാക്കി ടെൻഡർ വിളിച്ച് നിർമാണം ആരംഭിച്ച് പ്രവൃത്തി പൂർത്തീകരിക്കാൻ വർഷങ്ങൾ എടുക്കുമെന്നാണ് സൂചന.
ബൈപാസ് പ്രവൃത്തി ആറ് മാസത്തിനകം തീര്‍ക്കാന്‍ ജൂൺ നാലിന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർദേശം നൽകിയിരുന്നു. റോഡ് പ്രവൃത്തിക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിനൽകാൻ ഉദ്യോഗസ്ഥർക്ക് ഈ മൂന്നു മാസത്തിനിടയിലും കഴിഞ്ഞിട്ടില്ല.
2019 ജൂൺ 29ന് ആരംഭിച്ച് 2020 ഡിസംബറിൽ പൂർത്തിയാവേണ്ട പച്ചിലക്കാട്-കൈനാട്ടി-കൽപറ്റ ബൈപാസ് റോഡ് പ്രവൃത്തിയാണ് പലവിധ കാരണങ്ങളാൽ അനന്തമായി നീളുന്നത്.
നാലു പ്രാവശ്യം കാലാവധി പുതിക്കിയിട്ടും എങ്ങുമെത്താത്ത പ്രവൃത്തിയിൽനിന്ന് കഴിഞ്ഞ ആഗസ്റ്റ് 27ന് കരാർ കമ്പനിയായ തമിഴ്നാട് ഈറോഡ് ആസ്ഥാനമായ ആർ.എസ് ഡെവലപ്മെന്റ് ആൻഡ് കൺസ്ട്രക്ഷൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനെ ഒഴിവാക്കി കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി) പ്രൊജക്ട് ഡയറക്ടർ ഉത്തരവിറക്കിയിട്ടുണ്ട്.
30 ശതമാനം പണിയേ ഇതുവരെ പൂർത്തിയായിട്ടുള്ളൂ, നിലവിലെ റോഡ് വർഷകാലത്ത് ഗതാഗത യോഗ്യമാക്കാൻ കഴിഞ്ഞില്ല, ആവശ്യത്തിന് ജീവനക്കാരെയും യന്ത്രങ്ങളും ഉപയോഗിച്ച് പ്രവൃത്തി പൂർത്തിയാക്കാൻ കരാറുകാരന് കഴിയുന്നില്ല തുടങ്ങിയ കാരണങ്ങൾ നിരത്തിയാണ് കരാർ കമ്പനിയെ നീക്കിയത്. കരാറുകാരന്‍റെ സെക്യൂരിറ്റി നിക്ഷേപത്തിൽനിന്ന് നഷ്ടപരിഹാരം ഈടാക്കാമെന്നും നിർദേശിക്കുന്നു.
എന്നാൽ, സർക്കാർ വകുപ്പുകളിൽനിന്ന് സഹകരണമില്ലാത്തതിനാൽ മുടങ്ങിയതല്ലാത്ത എല്ലാ പ്രവൃത്തികളും ഏതാണ്ട് പൂർണമായി തീർന്നിട്ടുണ്ടെന്നാണ് കരാർ കമ്പനിയുടെ വാദം.
പുതുക്കിയ എസ്റ്റിമേറ്റ്, അലൈൻമെന്റും സ്കെച്ചുമടക്കമുള്ള ലവൽസ്, മണ്ണ് പരിശോധന ഫലം എന്നിവ ലഭിക്കാത്തതും ജല അതോറിറ്റി പൈപ്പ്, വൈദ്യുതി തൂണുകൾ തുടങ്ങിയവ അധികൃതർ മാറ്റി നൽകാത്തതുമാണ് പ്രവൃത്തി തടസ്സപ്പെടാൻ കാരണമെന്ന് കമ്പനി ആരോപിക്കുന്നു.
ഏകപക്ഷീയമായി നിർമാണ കാലാവധി നിശ്ചയിച്ചതിന് എതിരേയും എസ്റ്റിമേറ്റ് തുക പുതുക്കിനൽകണമെന്ന് ആവശ്യപ്പെട്ടുമുള്ള കരാറുകാരന്‍റെ പരാതിയിൽ ആഗസ്റ്റ് എട്ടിന് ഹൈകോടതി വിധിപറഞ്ഞിരുന്നു. കരാർ കമ്പനിക്കെതിരെ ശിക്ഷ നടപടികൾ സ്വീകരിക്കരുതെന്ന് ആ ഉത്തരവിൽ വ്യക്തമാക്കുന്നുമുണ്ട്. നിലവിൽ കരാറുകാരൻ സമർപ്പിച്ച ബില്ലുകളുടെ തുക എത്രയും പെട്ടെന്ന് നൽകാനും നിർദേശിക്കുന്നു.
എന്ന് യാഥാർഥ്യമാവും നവീകരിച്ച ബൈപാസ്?
കൽപറ്റ നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിച്ച് ഗതാഗതം എളുപ്പമാക്കാനുള്ള ബൈപാസ് റോഡിലെ യാത്രയാണ് ഇപ്പോൾ ഏറ്റവും ദുരിതമെന്നതാണ് വിരോധാഭാസം. ഇതിന് പരിഹാരമായാണ് ബൈപാസ് നവീകരണ പദ്ധതി തുടങ്ങുന്നത്.
എന്നാൽ, റോഡ് പ്രവൃത്തിയിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തി ജൂലൈ ഒമ്പതിന് കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി) അസിസ്റ്റൻറ് എൻജിനീയർ, അസി. എക്സിക്യൂട്ടിവ് എൻജിനീയർ എന്നിവരെ പൊതുമരാമത്ത് മന്ത്രിയുടെ നിർദേശപ്രകാരം സസ്പെൻഡ് ചെയ്തിരുന്നു.
കരാർ കമ്പനി ആർ.എസ് ഡെവലപ്മെന്റ് ആൻഡ് കൺസ്ട്രക്ഷൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനെ ആഗസ്റ്റ് 27ന് നീക്കുകയും ചെയ്തു. വീഴ്ച വരുത്തിയ എല്ലാവർക്കുമെതിരെ നടപടിയുണ്ടാവുമോ? അതോ ഇവരെ മാത്രം ബലിയാടാക്കി മുഖം രക്ഷിക്കാനുള്ള ശ്രമമാണോ പൊതുമരാമത്ത് വകുപ്പ് നടത്തുന്നത് എന്നാണ് വയനാട്ടിലെ ജനം ഉറ്റുനോക്കുന്നത്.
കൽപറ്റ നഗരത്തിലൂടെ രാത്രിയിൽ സഞ്ചരിക്കുന്ന
ടോറസ് ലോറികൾ
സത്വര നടപടി സ്വീകരിച്ച് ബൈപാസിലെ ദുരിതയാത്രക്ക് അറുതിവരുത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം. റോഡ് തകർന്നതോടെ ടിപ്പറടക്കമുള്ള ഭാരവണ്ടികൾ പൊലീസ് കാവൽ ഇല്ലെങ്കിൽ പകലും രാത്രിയും കൽപറ്റ ടൗണിലൂടെയാണ് ഇപ്പോൾ സഞ്ചരിക്കുന്നത്. ഇത് ടൗണിൽ ഗതാഗതക്കുരുക്കിനും റോഡ് തകർച്ചക്കും ഇടയാക്കും.
വയനാടിന്‍റെ വികസനത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുന്നതായി മന്ത്രി മുഹമ്മദ് റിയാസ് മാസങ്ങൾക്ക് മുമ്പ് ജില്ല സന്ദർശിച്ചപ്പോൾ പറഞ്ഞിരുന്നു.
ടൂറിസത്തിന് വലിയ പ്രാധാന്യമുള്ള ജില്ലയിലേക്ക് ആഭ്യന്തര സഞ്ചാരികളുടെ ഒഴുക്ക് വര്‍ധിച്ചുവെന്നും വിനോദസഞ്ചാര മേഖല വികസിക്കുന്നതിനോടൊപ്പം പശ്ചാത്തല സൗകര്യങ്ങളും നല്ല നിലയില്‍ വേണ്ടതിനാല്‍ വയനാട്ടിലെ റോഡുകള്‍ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഇത് പ്രഖ്യാപനത്തിൽ മാത്രമൊതുങ്ങുമോ എന്നാണ് വയനാട്ടുകാരുടെ ചോദ്യം.
അന്ത്യശാസനം വെറും ശാസന
നവംബർ 30നുള്ളിൽ ബൈപാസ് പ്രവൃത്തി പൂർത്തീകരിക്കണമെന്ന് നിർദേശിച്ചത് കരാറുകാരനെ വേഗത്തിൽ പണി പൂർത്തീകരിക്കാൻ പ്രേരിപ്പിക്കാൻ വേണ്ടി മാത്രമാണെന്നാണ് കെ.ആർ.എഫ്.ബി ഹൈകോടതിയെ അറിയിച്ചത്.
ഏകപക്ഷീയമായി തീയതി തീരുമാനിച്ച് അതിനുള്ളിൽ പ്രവൃത്തി പൂർത്തീകരിച്ചില്ലെങ്കിൽ ശിക്ഷാനടപടി സ്വീകരിക്കുമെന്ന കെ.ആർ.എഫ്.ബി മുന്നറിയിപ്പ് നിയമവിരുദ്ധമാണെന്ന് കരാറുകാരൻ വാദിച്ചപ്പോഴാണ് ഈ പ്രതികരണമുണ്ടായത്.
പ്രവൃത്തി വൈകാൻ കാരണം കരാറുകാരനല്ല എന്നതിനെ കെ.ആർ.എഫ്.ബി എതിർത്തിട്ടില്ല എന്ന് വിധിന്യായത്തിൽ കോടതി സൂചിപ്പിക്കുന്നുമുണ്ട്. ഈ വിധി നിലനിൽക്കെയാണ് ആഴ്ചകൾക്കുള്ളിൽ കെ.ആർ.എഫ്.ബി പ്രോജക്ട് ഡയറക്ടർ കരാർ കമ്പനിയെ നീക്കിയത്.
പാറ പൊട്ടിക്കാൻ കടമ്പകളേറെ
ബൈപാസിൽ നാലുവരിയിൽ റോഡ് നിർമിക്കാൻ തടസ്സമായി നിൽക്കുന്ന ഭാഗത്തെ പാറ സ്ഫോടകവസ്തു ഉപയോഗിച്ച് പൊട്ടിക്കാനുള്ള അനുമതിയും കലക്ടർ നൽകിയിട്ടില്ല. അപകടസാധ്യത ഉണ്ടാക്കുമെന്നതിനാൽ സ്ഫോടക വസ്തു ഉപയോഗിച്ച് പാറ പൊട്ടിക്കുന്നത് പൂർണമായും ഒഴിവാക്കണമെന്നാണ് 2020 നവംബർ 18ന് കലക്ടർ നിർദേശം നൽകിയത്.
നിയന്ത്രിത രീതിയിൽ ചെയ്യാൻ കഴിയുമെങ്കിൽ അപ്രകാരം ആവാമെന്നും ഉത്തരവിൽ പറയുന്നു. റോഡിന് തടസ്സമായി നിൽക്കുന്ന പാറ പൊട്ടിക്കലും ഇതുവരെ ആരംഭിക്കാത്തതും ബൈപാസ് പ്രവൃത്തി പൂർത്തീകരണത്തിന് തടസ്സമാണ്. സ്ഫോടക വസ്തു ഉപയോഗിക്കാതെ പാറകൾ പൊട്ടിച്ചുമാറ്റാൻ കുറഞ്ഞത് മൂന്നുമാസം എടുക്കുമെന്നാണ് അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

