നിയമസഭ തെരഞ്ഞെടുപ്പ്; പ്രഖ്യാപനത്തിന് മുന്നേ സ്ഥാനാർഥികളെ തീരുമാനിക്കാൻ മുന്നണികൾ
text_fieldsപ്രതീകാത്മക ചിത്രം
കൽപറ്റ: നിയമസഭ തെരഞ്ഞുടപ്പുമായി ബന്ധപ്പെട്ട് വയനാട്ടിലെ സ്ഥാനാർഥി ചർച്ചകൾ അവസാന ഘട്ടത്തിൽ. അടുത്ത ആഴ്ചയോടെ തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രതീക്ഷിക്കുന്നതിനാൽ അതിന് മുമ്പ് തന്നെ സ്ഥാനാർഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനാണ് മുന്നണികളുടെ ആലോചന. ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലും ഇത്തവണ തീപാറും പോരാട്ടം പ്രതീക്ഷുന്നതിനാൽ ശക്തരായ സ്ഥാനാർഥികളെ തന്നെ രംഗത്തിറക്കാനാണ് ഇരുമുന്നണികളും ആലോചിക്കുന്നത്.
യു.ഡി.എഫിൽ കൽപറ്റയിൽ ടി. സിദ്ദീഖും സുൽത്താൻ ബത്തേരിയിൽ ഐ.സി. ബാലകൃഷ്ണനുമായിരിക്കും സ്ഥാനാർഥികൾ എന്ന കാര്യത്തിൽ ഏകദേശ തീരുമാനമായിട്ടുണ്ട്. മാനന്തവാടിയിൽ എൽ.ഡി.എഫിനു വേണ്ടി മൂന്നാം തവണയും ഒ.ആർ. കേളു തന്നെയാകും രംഗത്തിറങ്ങുക. എൽ.ഡി.എഫിൽ ആർ.ജെ.ഡിക്ക് അവകാശപ്പെട്ടതാണ് കൽപറ്റ സീറ്റ്. അവരുടെ സ്ഥാനാർഥിയുടെ കാര്യത്തിൽ ഇതുവരെയും തീരുമാനമായിട്ടില്ല. നിലവിൽ സംസ്ഥാനത്ത് സീറ്റ് വിഭജന ചർച്ചയുമായി ബന്ധപ്പെട്ട് സി.പി.എമ്മും ആർ.ജെ.ഡിയും തമ്മിൽ തർക്കം നിലനിൽകുന്നുണ്ട്. നിലവിലുള്ള മൂന്ന് സീറ്റിന് പകരം ആറ് സീറ്റ് വേണമെന്നാണ് ആർ.ജെ.ഡി ആവശ്യം. സി.പി.എം ഇത് അംഗീകരിക്കാൻ തയാറായിട്ടില്ല. നേരത്തേതന്നെ യു.ഡി.എഫിലേക്ക് കളംമാറി ചവിട്ടാനുള്ള ആർ.ജെ.ഡി നീക്കം ചർച്ചയായിരുന്നു. എൽ.ഡി.എഫ് വിട്ട് ആർ.ജെ.ഡി യു.ഡി.എഫിലേക്ക് പോകുന്ന സാഹചര്യമുണ്ടാകുമോ എന്നാണ് പലരും ഉറ്റു നോക്കുന്നത്. അങ്ങനെയുണ്ടായാൽ ടി. സിദ്ദീഖിനെ മാറ്റി ആർ.ജെ.ഡി സ്ഥാനാർഥി വരുമോയെന്ന ചർച്ചയും സജീവമാണ്.
സുൽത്താൻ ബത്തേരിയിലും സി.പി.എം സ്ഥാനാർഥി പട്ടികയിൽ നിരവധി പേരുകൾ ഉയരുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസം നടന്ന പാർട്ടി ജില്ല കമ്മിറ്റിയിലും അന്തിമ തീരുമാനം ആയിട്ടില്ലെന്നാണ് വിവരം. അടുത്ത ആഴ്ചയോടെ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പാർട്ടി കേന്ദ്രങ്ങൾ നൽകുന്ന സൂചന. രുഗ്മിണി സുബ്രമണ്യന്റെയും എം.എസ്. വിശ്വനാഥന്റെയും ഉൾപ്പടെ പേരുകളാണ് പറഞ്ഞുകേൾക്കുന്നത്.
മാനന്തവാടിയിൽ ആദിവാസി പണിയ വിഭാഗത്തിൽപെട്ടയാളെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. എൽ.ഡി.എഫിന്റെ കാര്യത്തിൽ ഇത് നടക്കാനിടയില്ല. യു.ഡി.എഫിലാകട്ടെ ഉഷ വിജയൻ, മീനാക്ഷി രാമൻ, മുൻ മന്ത്രി പി.കെ. ജയലക്ഷ്മി തുടങ്ങയവർക്കാണ് മുൻഗണന. മുരളി മാസ്റ്റർ ആയപൊയിൽ, മണിക്കുട്ടൻ പണിയൻ, മഞ്ജുകുട്ടൻ എന്നിവരുടെ പേരുകളും ഉയർന്നിട്ടുണ്ട്.
സി.കെ. ജാനുവിന്റെ ജെ.ആർ.പി എൻ.ഡി.എയിൽനിന്ന് വിട്ടുപോയതോടെ ജില്ലയിലെ മൂന്ന് സീറ്റുകളിലും ബി.ജെ.പി സ്ഥാനാർഥികൾ തന്നെയാവും മത്സരരംഗത്തുണ്ടാവുകയെന്നാണ് കരുതുന്നത്. ജില്ല പ്രസിഡന്റ് പ്രശാന്ത് മലവയൽ, മുൻ ജില്ല പ്രസിഡന്റ് സജി ശങ്കർ, മുകുന്ദർ പള്ളിയറ, കെ. മോഹൻ ദാസ് തുടങ്ങിയ പേരുകളാണ് സ്ഥാനാർഥി പരിഗണനയിലുള്ളത്. അടുത്ത ആഴ്ചയോടെ മുന്നണികളുടെ സ്ഥാനാർഥികൾ ആരെന്നത് സംബന്ധിച്ച് അവസാന ചിത്രം പുറത്തുവരുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

